/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2020/12/uppum-mulakum-1.jpg)
Uppum Mulakum: സീരിയലുകളെ കുറിച്ച് പൊതുവെ ചില പരാതികളുണ്ട് മലയാളികൾക്ക്. കുശുമ്പും കുന്നായ്മയും പരദൂഷണവും വിദ്വേഷവും 'നെഗറ്റിവിറ്റി'യുമെല്ലാം കുടുംബങ്ങള്‍ക്കകത്തേക്ക് ഒളിച്ചു കടത്തുകയാണ് ദിനംപ്രതിയുള്ള ഈ കണ്ണീര്‍ പരമ്പരകള്‍ എന്നാണ് സീരിയൽ വിരോധികൾ എക്കാലവും പറഞ്ഞു കൊണ്ടിരിക്കുന്ന ദോഷങ്ങളിലൊന്ന്. എന്നാൽ ഈ പറഞ്ഞ 'നെഗറ്റീവ്' ഘടകങ്ങളൊന്നുമില്ലാത്ത, കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന 'ഉപ്പും മുളകും' എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമാണ് കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവും അയാളുടെ വലിയ കുടുംബവും. 2015 ഡിസംബർ 14 ന് ആണ് 'ഉപ്പും മുളകും' ആരംഭിച്ചത്. ഈ ഡിസംബർ 14ന് സംപ്രേക്ഷണത്തിന്റെ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുകയാണ് 'ഉപ്പും മുളകും' ടീം.
വൻപ്രേക്ഷക പിന്തുണയാണ് തുടക്കം മുതൽ ഈ കുടുംബ കോമഡി സീരിയലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും 'ഉപ്പും മുളകും' പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ചാനലിൽ 'ഉപ്പും മുളകും' കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ പരമ്പര കാണുന്നുണ്ടാവുക.
കണ്ണീർ സീരിയലുകളോടും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളോടുമൊക്കെ വൈമുഖ്യം കാണിക്കുന്ന യുവാക്കൾ പോലും 'ഉപ്പും മുളകും' എന്ന സീരിയലിന്റെയും അതിലെ അഭിനേതാക്കളുടെയും ആരാധകരാണ് ഇന്ന്. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന 'ഉപ്പും മുളകി'ന്റെ യുഎസ്‌പി എന്നു പറയാവുന്നത് അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന പരമ്പരയുടെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ്. നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് 'ഉപ്പും മുളകി'ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്.
'ഉപ്പും മുളകും' അഞ്ച് വർഷം പൂർത്തിയാക്കുന്നതിലുള്ള സന്തോഷം ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കു വയ്ക്കുകയാണ് സംവിധായകൻ പ്രദീപ്, താരങ്ങളായ ബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ് കുമാർ, ശിവാനി മേനോൻ എന്നിവർ.
കുചേലന് വരം കിട്ടിയ പോലെയാണ് എനിക്ക് 'ഉപ്പും മുളകും': നിഷ സാരംഗ്
ഫ്ളവേഴ്സിലെ 'കുട്ടിക്കലവറ' എന്ന പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് നിഷ സാരംഗിന് 'ഉപ്പും മുളകി'ലേക്ക് ക്ഷണം ലഭിക്കുന്നത്. മറ്റേതൊരു സാധാരണ പരമ്പരയേയും പോലെ, ഒന്നോ രണ്ടോ വർഷം മുന്നോട്ടു പോവുമെന്നെ കരുതിയിരുന്നുള്ളൂവെന്നാണ് നിഷ പറയുന്നത്.
"ഒരു സാധാരണ പരമ്പര എന്നേ കരുതിയിരുന്നുള്ളൂ അന്ന്. പക്ഷേ ഈ സീരിയൽ നമ്പർ വൺ ആവണമേ എന്ന് അന്നും പ്രാർത്ഥിച്ചിരുന്നു, അതിനായി വ്രതമെടുത്തു. മൂകാംബികയും ഗുരുവായൂരും പോയി പ്രാർത്ഥിച്ചു. ഒരു 350 എപ്പിസോഡുവരെയെങ്കിലും പോവണമേ എന്നായിരുന്നു അന്നെന്റെ പ്രാർത്ഥന. എന്നാൽ ഇപ്പോഴിതാ 1200 എപ്പിസോഡുകൾ ആയിരിക്കുന്നു.... കൃഷ്ണനെ കാണാൻ പോയ കുചേലനെയാണ് എനിക്ക് ഓർമ വരിക. കുചേലന് കൃഷ്ണനിൽ നിന്നും കിട്ടിയ വരം പോലെ ഒന്നാണ് എനിക്ക് 'ഉപ്പും മുളകും'. ഏറ്റവും വലിയൊരു ഗിഫ്റ്റാണ് ദൈവം എനിക്ക് 'ഉപ്പും മുളകി'ലൂടെ തന്നത്. അത് ഒരു കേടുപാടും കൂടാതെ അതിപ്പോ സൂക്ഷിച്ചു കൊണ്ടു പോവുകയാണ് ഞങ്ങളെല്ലാവരും.
അഞ്ച് വർഷം ഞങ്ങളെ സ്നേഹിച്ച, സ്വന്തം കുടുംബമായി കരുതുന്ന, നെഞ്ചോട് ചേർത്ത് പിടിക്കുന്ന പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്. 'ഉപ്പും മുളകും' ഒരിക്കലും നിർത്തല്ലേ, ഇതില്ലാതെ പറ്റില്ല എന്നൊക്കെ ആളുകൾ പറയുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയാറുണ്ട്," നിഷ കൂട്ടിച്ചേർത്തു.
'ഉപ്പും മുളകിൽ' ജീവിതമുണ്ട്: ബിജു സോപാനം
ഏറെ വർഷങ്ങളായി നാടകരംഗത്ത് സജീവസാന്നിധ്യമായിരുന്നു ബിജു സോപാനം എന്ന നടനെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത് 'ഉപ്പും മുളകും' പരമ്പരയാണ്. മലയാളക്കരയ്ക്ക് ബിജു ഇന്ന് ബാലുവോ ബാലുച്ചേട്ടനോ ബാലു അച്ഛനോയൊക്കെയാണ്. ബിജുവിന്റെ ജീവിതത്തെ ‘ഉപ്പും മുളകി’നു മുൻപും പിൻപും എന്നു രണ്ടായി തന്നെ വേർതിരിക്കാം. അത്രമാത്രം ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ‘ഉപ്പും മുളകി’ലെ ബാലു.
"ഏതൊരു മലയാളിയ്ക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് ബാലു. സ്വാഭാവികതയോടെ, ഒട്ടും ഗിമ്മിക്സ് ഇല്ലാതെ, റിയൽ ആയി കഥ പറഞ്ഞു പോവുന്ന രീതിയാവാം ആളുകളെ 'ഉപ്പും മുളകി'നോട് അടുപ്പിച്ചത്. എന്നോട് ഒരിക്കൽ കാവാലം സാർ പറഞ്ഞിട്ടുണ്ട്. 'ഇതിൽ ഒരു ജീവിതമുണ്ട് ബിജു, അതാണ് കാഴ്ചക്കാർക്ക് റിയൽ ആയി അനുഭവപ്പെടുന്നത്,' എന്ന്. നെടുമുടി വേണു ചേട്ടനും ഇതേ അഭിപ്രായം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്." ബിജു സോപാനം പറഞ്ഞു.
നിങ്ങൾ ക്യാമറ ഒളിപ്പിച്ചുവച്ചാണോ ഷൂട്ട് ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്: സംവിധായകൻ പ്രദീപ്
"മലയാളത്തിൽ ഇതുപോലെ ജനങ്ങൾ ഏറ്റെടുത്ത ഒരു പ്രോഗ്രാം വേറെ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. എവിടെയോ ജീവിച്ചിരിക്കുന്ന ഒരു കുടുംബം എന്ന രീതിയിലാണ് ആളുകൾ 'ഉപ്പും മുളകി'നെയും അതിലെ ആർട്ടിസ്റ്റുകളെയും കാണുന്നത്. അതിന്റെ ക്രെഡിറ്റ് മുഴുവൻ കൊടുക്കേണ്ടത് ബിജു ചേട്ടനും നിഷചേച്ചിയും മുതൽ പാറുക്കുട്ടി വരെയുള്ള അഭിനേതാക്കൾക്കാണ്." ഉപ്പും മുളകിന്റെ സംവിധായകൻ പ്രദീപ് പറയുന്നു.
"ഇതില്‍ ഒരിക്കലും കണ്ടന്റിനു ക്ഷാമം വരുന്നില്ല. നമ്മുടെ ജീവിതത്തിലെ 365 ദിവസങ്ങൾ തന്നെയാണ് 'ഉപ്പും മുളകി'ലേതും. ഒരു വീട്ടിൽ ഓരോ ദിവസവും എന്തൊക്കെ സംഭവങ്ങൾ നടക്കും. അതൊക്കെ 'ഉപ്പും മുളകും' വീട്ടിലെയും വിശേഷങ്ങളാണ്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, നിങ്ങൾ ക്യാമറ ഒളിപ്പിച്ച് വെച്ച് ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഷൂട്ട് ചെയ്തെടുക്കുകയല്ലേ എന്ന്?" പ്രദീപ് കൂട്ടിച്ചേർക്കുന്നു.
Read Here: അഞ്ച് വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം
എന്റെ തലവര മാറ്റിയ 'ഉപ്പും മുളകും': ഋഷി എസ് കുമാർ
ഡാൻസിനെ പ്രണയിച്ചുനടന്ന ഋഷി എന്ന ചെറുപ്പക്കാരൻ ഒരിക്കലും കരുതിയിരുന്നില്ല താനൊരു അഭിനേതാവ് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെടും എന്ന്. തന്റെ ജീവിതത്തിന്റെ തലവര മാറ്റിയ പരമ്പര എന്നാണ് ഋഷി 'ഉപ്പും മുളകി'നെ വിശേഷിപ്പിക്കുന്നത്.
"മനോരമയിലെ 'ഡി ഫോർ ഡാൻസ്' എന്ന പ്രോഗ്രാം കഴിഞ്ഞ് 'ഉപ്പും മുളകി'ലേക്ക് വരുമ്പോൾ എനിക്ക് അഭിനയത്തെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. 'ഉപ്പും മുളകും' പരമ്പരയും ഇവിടുത്തെ ടീമുമാണ് എനിക്ക് അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്നത്. അതിൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ടത് അമ്മയേയും അച്ഛനെയും കുറിച്ചാണ് ('ഉപ്പും മുളകും' തുടങ്ങിയ കാലം മുതൽ ബിജുവും നിഷയും ഋഷിയ്ക്ക് അച്ഛനും അമ്മയുമാണ്). അഭിനയത്തിൽ ഇവരാണ് എന്റെ ഗുരുക്കന്മാർ എന്നു പറയാം. ഓരോന്ന് പറഞ്ഞു തന്നും തെറ്റു തിരുത്തിയുമൊക്കെ എന്നെ മോൾഡ് ചെയ്തെടുത്തതിൽ ഇവർക്ക് വലിയൊരു റോളുണ്ട്. ഇതിപ്പോൾ എനിക്കെന്റെ സ്വന്തം കുടുംബം തന്നെയാണ്, സ്വന്തം ഫാമിലിയേക്കാൾ കൂടുതൽ പലപ്പോഴും ഇവർക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്." ഋഷി പറയുന്നു.
പരമ്പരയിലെ മുടിയൻ എന്ന ഇരട്ടപ്പേര് സ്ക്രീനിന് അപ്പുറത്തേയ്ക്കും ഋഷിയെ തേടിയെത്താറുണ്ട് പലപ്പോഴും.
"ഉപ്പും മുളകിൽ വരുന്നതിനു മുൻപു തന്നെ എന്നെ കൂട്ടുകാരൊക്കെ മുടിയാ എന്നു കളിയാക്കി വിളിക്കുമായിരുന്നു. സീരിയലിലും ആ വിളി വന്നതോടെ അത് രജിസ്റ്ററായി. ഇപ്പോൾ പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെ വിളിക്കും. എനിക്കത് ഓകെയാണ്, നമ്മുടെ കഥാപാത്രത്തിനുള്ള അഭിനന്ദനം കൂടിയാണല്ലോ അത്." ചിരിയോടെ ഋഷി പറഞ്ഞു.
15 ദിവസത്തെ ഷൂട്ടിനു വന്ന ഞാനാ ഇപ്പോ 1200 എപ്പിസോഡായി: ശിവാനി
'കുട്ടിക്കലവറ'യിൽ പങ്കെടുക്കുമ്പോഴാണ് 'ഉപ്പും മുളകി'ലേക്ക് ശിവാനിയ്ക്ക് വിളി വരുന്നത്. "ഒരു ചെറിയ റോൾ, മാക്സിമം 15 ദിവസത്തെ ഷൂട്ട് എന്നു പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ആ പറഞ്ഞ 15 ദിവസം അഞ്ച് കൊല്ലമായി എന്നെയുള്ളൂ,” ശിവാനി പറയുന്നു.
"ഉപ്പും മുളകിൽ ഓരോരുത്തരും തരുന്ന സപ്പോർട്ട് വലുതാണ്. നിഷയമ്മയാണേലും ബാലുഅച്ഛനാണേലും മുടിയൻ ചേട്ടനോ കേശുവോ എന്തിന് പാറു പോലും തരുന്നത് വലിയ പിന്തുണയാണ്. ഈ ഗ്രൂപ്പിന്റെ യൂണിറ്റി എടുത്തു പറയണം. വലിയ സന്തോഷമാണ് അഞ്ച് വർഷം പൂർത്തിയാകുന്നു എന്ന് ഓർക്കുമ്പോൾ. ലൊക്കേഷനിൽ പണ്ട് പറയാറുണ്ടായിരുന്നു, ശിവാനിയുടെ കൂടെ കല്യാണം കഴിഞ്ഞിട്ടേ 'ഉപ്പും മുളകും' നിർത്തൂ എന്ന്. പാറുക്കുട്ടി വന്നതോടെ, അത് പാറുക്കുട്ടീടെ കല്യാണം കഴിഞ്ഞിട്ട് എന്നായി മാറി..." ചിരിയോടെ ശിവാനി പറയുന്നു.
ചിരിയും കളിയും തമാശയും വഴക്കും സ്നേഹവും കരുതലും സാഹോദര്യവും കണ്ണീരും എന്നു വേണ്ട ഒരു കുടുംബജീവിതത്തിലെ എല്ലാ വിധ വികാരങ്ങളെയും ആവിഷ്കരിച്ചുകൊണ്ട് 'ഉപ്പും മുളകും' മുന്നേറുമ്പോൾ അത് മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ വേറിട്ടൊരു ഏട് കൂടിയാവുകയാണ്. ഈ പരമ്പര തീർന്നു പോവല്ലേ എന്ന് ആഗ്രഹിക്കുന്ന ലക്ഷകണക്കിന് പ്രേക്ഷകരാണ് തങ്ങൾക്ക് മുന്നോട്ടു പോവാനുള്ള കരുത്തേകുന്നത് എന്നാണ് 'ഉപ്പും മുളകും' ടീം ഒന്നടക്കം പറയുന്നത്.
Read Here: 'ഉപ്പും മുളകും' വിശേഷങ്ങളുമായി ശിവാനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.