ഫ്ളവേഴ്സ് ടിവിയിലെ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് ബിജു സോപാനവും നിഷ സാരംഗും. നീലുവും ബാലുവുമായി ഇരുവരും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരായി മാറിയിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. പ്രേക്ഷകരോട് വിശേഷങ്ങൾ പങ്കിടാനും സംവദിക്കാനുമൊക്കെയായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് ഇവരിപ്പോൾ, കൂട്ടിന് സുഹൃത്തുക്കളുമുണ്ട്. കഴമ്പുള്ള കാര്യങ്ങളും കുളിർമയുള്ള വിശേഷങ്ങളുമായെത്തുന്ന ചാനലിന് കസ് കസ് എന്നാണ് ഇവർ പേരു നൽകിയിരിക്കുന്നത്.
എന്തായാലും ഇരുവരും ഒന്നിച്ചുള്ള ആദ്യ വീഡിയോ തന്നെ വൈറലായി കൊണ്ടിരിക്കുകയാണ്. ‘5 വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം,’ എന്നു പേരിട്ടിരിക്കുന്ന വീഡിയോയിൽ ഇരുവരും തമ്മിലുള്ള സൗഹൃദവും ഉപ്പും മുളകിനു പിന്നിലെ വിശേഷങ്ങളും കുടുംബകാര്യങ്ങളുമൊക്കെ പങ്കിടുകയാണ്. താനാണ് നിഷയുടെ നായകനാണെന്നറിഞ്ഞപ്പോള്‍ എന്തായിരുന്നു നിഷയുടെ പ്രതികരണം എന്ന ചോദ്യത്തോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നത്.
ചുരുങ്ങിയ വർഷങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ‘ഉപ്പും മുളകും’ ബിജുവിനും നിഷയ്ക്കും സ്വന്തം കുടുംബം പോലെ തന്നെയാണ്. ” മുടിയൻ മുതൽ പാറുക്കുട്ടി വരെ ‘ഉപ്പും മുളകി’ലെ കുട്ടികളെല്ലാം എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. ഉപ്പും മുളക് വിട്ട് പോവുന്നത് എനിക്കിപ്പോൾ ആലോചിക്കാൻ കൂടി വയ്യ, എന്റെ കുഞ്ഞുങ്ങളെ പോലെ തന്നെ അത്രയും എനിക്കിഷ്ടമാണ് ആ കുട്ടികളെയും. പാറുക്കുട്ടിയെ കഴിഞ്ഞ ഷെഡ്യൂളിൽ 15 ദിവസത്തോളം കാണാതെ ഇരുന്നപ്പോൾ വല്ലാതെ മിസ്സ് ചെയ്തു. അമ്മ എന്ന രീതിയിൽ മുൻപ് ഞാനിത്ര ലാളിത്യമുള്ള അമ്മയായിരുന്നോ എന്നെനിക്ക് അറിയില്ല. എന്നാൽ ഇപ്പോൾ ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങളോടും സൗഹൃദത്തോടെ ഇടപെടാനും അവരെ സ്നേഹിക്കാനും എനിക്ക് കഴിയും,” ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ഒരിക്കൽ നീലു പറഞ്ഞതിങ്ങനെയാണ്.
Read more: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു
മക്കളെ പ്രാണനുള്ള തുല്യം സ്നേഹിക്കുന്ന ബാലുവെന്ന കഥാപാത്രത്തെ ഹൃദയം കൊണ്ട് ഉൾകൊണ്ടാണ് ബിജുവും ഓരോ സീനും മനോഹരമാക്കുന്നത്. സ്ക്രീനിൽ നിന്നുമിറങ്ങി ജീവിതത്തിന്റെ ഭാഗമായവരാണ് ബിജുവിനും ഈ മക്കൾ. “നാലഞ്ചു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു പറയുന്നു.
Read more: പാറുക്കുട്ടി ആദ്യമായി ‘അച്ഛാ’ എന്നു വിളിച്ചപ്പോൾ: ‘ഉപ്പും മുളകും’ വിശേഷങ്ങളുമായി ബിജു സോപാനം