/indian-express-malayalam/media/media_files/uploads/2023/08/unni-mukundan.jpg)
മുറ്റത്തെ മുല്ലയിൽ ഉണ്ണി മുകുന്ദൻ
സിനിമാതാരങ്ങൾ സീരിയലുകളിലും വെബ് സീരീസുകളിലുമെല്ലാം അതിഥിയായി എത്തുന്ന ട്രെൻഡ് മുൻപും കണ്ടിട്ടുണ്ട്. സിനിമകളുടെ പ്രമോഷന്റെ ഭാഗമായി രജിഷ വിജയൻ, ഷെയ്ൻ നിഗം തുടങ്ങിയ താരങ്ങൾ ഉപ്പും മുളക് സീരിയലിൽ അതിഥിയായി എത്തിയത് മുൻപ് വാർത്തയായിരുന്നു.
ഇപ്പോഴിതാ, മലയാളസിനിമയിൽ നിന്നും ശ്രദ്ധേയനായൊരു നടൻ കൂടി മിനി സ്ക്രീനിൽ അതിഥിതാരമായി എത്തുകയാണ്. മേൽപ്പടിയാൻ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയർത്തിയ നടൻ ഉണ്ണി മുകുന്ദനാണ് ഏഷ്യാനെറ്റിലെ ഒരു സീരിയലിൽ അതിഥി വേഷത്തിലെത്തുന്നത്. മുറ്റത്തെ മുല്ല' എന്ന സീരിയലിലാണ് ഉണ്ണി മുകുന്ദൻ അതിഥിയായി എത്തുന്നത്. ഒരു വിവാഹവീട്ടിലേക്ക് പ്രശ്നങ്ങൾക്കിടയിൽ ട്വിസ്റ്റുമായി ദൈവദൂതനെ പോലെ ഉണ്ണി എത്തുന്നുവെന്ന സൂചനകളാണ് ചാനൽ പുറത്തുവിട്ട പ്രമോ നൽകുന്നത്.
പ്രതിസന്ധികളിൽ മനുഷ്യർ തളരുമ്പോൾ ദൈവം മനുഷ്യരൂപത്തിലെത്തും, കലുഷിതമായ ഈ വിവാഹാഘോഷത്തിലേക്ക് ദൈവത്തിന്റെ അവതാരമായി ഇയാൾ വരുന്നു.. എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെ എത്തിയ പ്രമോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ആഡംബരജീവിതം ആഗ്രഹിക്കുന്ന അശ്വതിയെന്ന സാധാരണക്കാരിയുടെ കഥ പറയുന്ന പരമ്പരയാണ് മുറ്റത്തെ മുല്ല. പ്രശസ്ത ടെലിവിഷൻ താരങ്ങളായ നിരഞ്ജൻ , ആര്യ , ലിഷോയ് , വിശ്വം , ഗായത്രി പ്രിയ , അനന്ദു , ചിത്ര , കൂട്ടിക്കൽ ജയചന്ദ്രൻ , ബാലു മേനോൻ , രജനി മുരളി , രാജീവ് തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന അഭിനേതാക്കൾ. തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 നാണ് മുറ്റത്തെ മുല്ല സംപ്രേക്ഷണം ചെയ്യുന്നത്.
'ഗന്ധർവ്വ ജൂനിയർ' ആണ് ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. 'മാളികപ്പുറ'ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്.
വിഷ്ണു അരവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂപ്പർ ഹീറോ വേഷത്തിലായിരിക്കും ഉണ്ണി എത്തുക എന്നതാണ് റിപ്പോർട്ട്. അഞ്ചു ഭാഷകളിൽ ചിത്രം റിലീസിനെത്തും. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.