യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരമാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘മാളികപ്പുറം’ നൂറു കോടി ക്ലബിലിടം നേടിയിരുന്നു. ശബരിമലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ‘മാളികപ്പുറ’ത്തിന്റെ പ്രമേയം. വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയിത് അഭിലാഷ് പിള്ളയാണ്.രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സൈജു കുറുപ്പ്, ടി ജി രവി, ദേവനന്ദ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.
‘മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഗന്ധർവ്വ ജൂനിയർ.’ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഉണ്ണി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൈയിലെ തഴമ്പിന്റെ ദൃശ്യങ്ങളാണ് താരം വീഡിയോ രൂപത്തിൽ പങ്കുവച്ചത്. ‘ഗന്ധർവ്വ ജൂനിയർ’ എന്നാണ് വീഡിയോയ്ക്ക് താഴെ ഉണ്ണി കുറിച്ചത്. ചിത്രത്തിനു വേണ്ടി ശാരീരികമായും താരം തയാറെടുപ്പുകൾ ചെയ്തിട്ടുണ്ടെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.എന്തുപ്പറ്റി ഇങ്ങനെ എന്ന കമന്റുകൾ മുതൽ ഗന്ധർവ്വനു വാർക്ക പണിയാണോ തുടങ്ങിയ കമന്റുകൾ വരെ ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
വിഷ്ണു അരവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂപ്പർ ഹീറോ വേഷത്തിലായിരിക്കും ഉണ്ണി എത്തുക എന്നതാണ് റിപ്പോർട്ട്. അഞ്ചു ഭാഷകളിൽ ചിത്രം റിലീസിനെത്തും. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.