/indian-express-malayalam/media/media_files/uploads/2020/04/ente-manasaputri-2.jpg)
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സീരിയൽ ഷൂട്ടിംഗുകളെല്ലാം മുടങ്ങിയതോടെ ചാനലുകൾക്കിത് ജനപ്രിയസീരിയലുകളുടെ പുനസംപ്രേക്ഷണകാലമാണ്. പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച ജനപ്രിയ പരമ്പരകൾ ഒന്നൊന്നായി പുനസംപ്രേക്ഷണം ചെയ്യുകയാണ് ചാനലുകൾ. ഏഷ്യാനെറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു 'എന്റെ മാനസപുത്രി'.
ശ്രീകല ശശിധരൻ, അർച്ചന സുശീലൻ, സോന നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സീരിയലിന് മികച്ച ജനപ്രീതി കൈവരിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ കൊറോണക്കാലത്ത് 'എന്റെ മാനസപുത്രി' പുനസംപ്രേഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഏഷ്യാനെറ്റ് പ്ലസിൽ വൈകിട്ട് ഏഴ് മണിയ്ക്കാണ് 'എന്റെ മാനസപുത്രി' റീ- ടെലികാസ്റ്റ് ചെയ്യുന്നത്.
തീര്‍ത്തും വിഭിന്നരായ രണ്ട് പെണ്‍കുട്ടികളുടെയും അവര്‍ക്കു ചുറ്റുമുള്ളവരുടെയും കഥ പറഞ്ഞ സീരിയലാണ് 'എന്‍റെ മാനസപുത്രി'. ഗ്ലോറിയ, സോഫി എന്നീ കഥാപാത്രങ്ങളുടെ സൗഹൃദത്തിലൂടെയും പിന്നീട് വന്നുചേരുന്ന ശത്രുതയിലൂടെയുമാണ് 'മാനസപുത്രി'യുടെ കഥ വികസിക്കുന്നത്. അർച്ചന സുശീലന് കരിയറിൽ ഏറെ ശ്രദ്ധ നേടി കൊടുത്ത വേഷങ്ങളിൽ ഒന്നു കൂടിയായിരുന്നു 'എന്റെ മാനസപുത്രി'യിലെ ഗ്ലോറിയ എന്ന കഥാപാത്രം. പാവം പിടിച്ച സോഫിയായി എത്തിയ ശ്രീകലയേയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാക്കി മാറ്റാൻ ഈ സീരിയലിനു കഴിഞ്ഞു. നമിത പ്രമോദും ഈ സീരിയലിൽ ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു. മലയാള മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച കെ സുധാകരന്‍റെ പുനര്‍ജ്ജന്മം എന്ന നോവലിനെ അടിസ്ഥാനമാക്കിയിട്ടാണ് 'എന്‍റെ മാനസപുത്രി' ഒരുക്കിയത്.
മാനസപുത്രി മാത്രമല്ല ഒപ്പം വൈകിട്ട് 06.30 ന് ഓട്ടോഗ്രാഫ്, 07.30 ന് ഓമനത്തിങ്കള്‍ പക്ഷി, 09.00 ന് ഓര്‍മ്മ, 09.30 ന് സ്വാമി അയ്യപ്പന്‍, 10.00 ന് സന്മനസുള്ളവര്‍ക്ക് സമാധാനം എന്നിങ്ങനെ നിരവധി സീരിയലുകളും ഏഷ്യാനെറ്റ് പുനസംപ്രേക്ഷണം ചെയ്യുന്നുണ്ട്. കൂടാതെ, തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി എട്ടിന് സ്റ്റാര്‍ സിംഗറും വെള്ളിയാഴ്ച രാത്രി എട്ടിന് സംഗീതസാഗരം റിയാലിറ്റി ഷോയും പുനസംപ്രേക്ഷണം ചെയ്യുന്നുണ്ട്.
Read more:സീരിയലുകളും നിർത്തുന്നു; മിനി സ്ക്രീൻ ലോകത്തെയും സ്തംഭിപ്പിച്ച് കോവിഡ് 19
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.