കൊറോണ വൈറസ് ലോകമെമ്പാടുമുള്ള എല്ലാ ഇൻഡസ്ട്രികളെയും സാരമായി ബാധിച്ചുകൊണ്ട് കൂടുതൽ പേരിലേക്ക് പിടിമുറുക്കുകയാണ്. ക്വാറന്റയിൻ ചെയ്തും ഐസലോഷനിലാക്കിയുമൊക്കെ എല്ലാ വിനോദങ്ങളിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നുമെല്ലാം മനുഷ്യരാശിയെ അകറ്റികൊണ്ടിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. വീടിനകത്ത് സമയം തള്ളിനീക്കാനും ബോറടി മാറ്റാനും പെടാപാട് പെടുകയാണ് ആളുകൾ ഇന്ന്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ആകെയുള്ള ആശ്വാസങ്ങളിൽ ഒന്ന് സീരിയലുകളും പ്രതിവാര പരിപാടികളുമാണ്. എന്നാൽ ഏപ്രിൽ ആദ്യ ആഴ്ചയോടെ സീരിയലുകളുടെ സംപ്രേഷണവും മുടങ്ങി തുടങ്ങുമെന്നാണ് അണിയറപ്രവർത്തകരും ചാനൽ അധികാരികളും പറയുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. മാർച്ച് 17 ന് ചേർന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ലൊക്കേഷനിലെ സാങ്കേതിക വിദഗ്ധരുടെയും ആർട്ടിസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുക, പൊതു ഇടങ്ങളിലെ സീനുകളുടെ ചിത്രീകരണം ഒഴിവാക്കുക, സെറ്റുകളിൽ വേണ്ട സുരക്ഷാ മുൻകരുതലുകൾ എടുക്കുക തുടങ്ങിയ നിബന്ധനകളോടെ മാർച്ച് 19 ഓടെ എല്ലാ ടെലിവിഷൻ പരിപാടികളുടെയും ഷെഡ്യൂളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നും തീരുമാനമായിരുന്നു.
എന്നാൽ അതിനിടയിലാണ് സാഹചര്യം കൂടുതൽ സങ്കീർണമാവുകയും രാജ്യമൊന്നാകെ 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്യുന്നത്. ഇത് ടെലിവിഷൻ ഇൻഡസ്ട്രിയ്ക്കും കനത്ത തിരിച്ചടിയാവുകയാണ്. റിയാലിറ്റി ഷോകൾ, പ്രതിവാര പരിപാടികൾ, സീരിയലുകൾ തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Read more: അന്നാരറിഞ്ഞു നീയെൻ പ്രിയപ്പെട്ടവനാകുമെന്ന്; അർജുനൊപ്പമുള്ള പഴയചിത്രം പങ്കുവച്ച് സൗഭാഗ്യ
“പരമാവധി ഒന്ന് രണ്ട് ആഴ്ചയിലെ എപ്പിസോഡുകൾക്കുള്ള ബാക്ക് അപ്പ് ഒക്കെ എല്ലാ സീരിയലുകളും എടുത്തുവയ്ക്കാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ കഴിയുന്നതുവരെ സംപ്രേഷണം ചെയ്യാനുള്ള കണ്ടന്റ് ചാനലുകളുടെ കയ്യിൽ ഉണ്ടാവില്ല. എല്ലാ ഇൻഡസ്ട്രിയേയും പോലെ സീരിയൽ ഇൻഡസ്ട്രിയേയും കൊറോണ വൈറസ് വ്യാപനം സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്,” മഴവിൽ മനോരമയുടെ ഹെഡ് ഓഫ് പ്രോഗ്രാംസ്, ജൂഡ് അട്ടിപ്പെട്ടി പറയുന്നു.
മലയാളത്തിലെ ഒരു ബിഗ് ബജറ്റ് മൂവിയുടെ അത്രയും ചെലവിൽ ഒരുക്കിയ ബിഗ് ബോസ് റിയാലിറ്റി ഷോയും കൊറോണയുടെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ആ ടൈം സ്ലോട്ടിൽ ഷോ റീടെലികാസ്റ്റ് ചെയ്യുകയാണ് ചാനൽ.
ഹിന്ദി, തമിഴ് ഭാഷാചിത്രങ്ങൾ ഉൾപ്പെടെ കൂടുതൽ സിനിമകൾ സംപ്രേഷണം ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ചാനലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഏപ്രിൽ മൂന്ന് വരെ സംപ്രേഷണം ചെയ്യാനുള്ള സീരിയലിന്റെ ഫ്രഷ് കണ്ടന്റ് നിലവിൽ ചാനലിന്റെ കൈവശമുണ്ട്. അതിനു ശേഷം സീരിയലുകൾ റീടെലികാസ്റ്റ് ചെയ്യേണ്ടതായി വരും. ‘കോമഡി സ്റ്റാർസ്’, ‘അവിചാരിതം’ പോലുള്ള പ്രോഗ്രാമുകളും നിലവിൽ റി ടെലികാസ്റ്റ് ചെയ്യുകയാണ് ചാനൽ.
പ്രതിദിന- പ്രതിവാര പ്രോഗ്രാമുകൾ നിൽക്കുമ്പോഴും കണ്ടന്റ് ഇല്ലാത്ത അവസ്ഥ വരില്ല എന്നാണ് ചാനലുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഏഷ്യാനെറ്റിനും സ്റ്റാർ പ്ലസിനും നല്ലൊരു മൂവി ലൈബ്രറി തന്നെയുള്ളതുകൊണ്ട് കൂടുതൽ സിനിമകൾ സംപ്രേഷണം ചെയ്യാനും ആലോചനകൾ നടക്കുന്നുണ്ട്.
ബോളിവുഡ്- ഹോളിവുഡ് ചിത്രങ്ങൾ, ഹിറ്റ് സീരിയലുകൾ, ഇവന്റുകൾ എന്നിവയെല്ലാം ലൈബ്രറിയിൽ ഉള്ളതിനാൽ ലോക്ഡൗൺ കാലത്തും ജനങ്ങൾക്ക് വേണ്ട എന്റർടെയിൻമെന്റ് എലമെന്റ് കൊടുക്കാൻ കഴിയുമെന്നു തന്നെയാണ് ചാനലിലുള്ളവരുടെ പ്രതീക്ഷ. എങ്ങനെ വേണം എന്ന കാര്യത്തിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും നിലവിൽ തീരുമാനം വെളിപ്പെടുത്താൻ ആയിട്ടില്ലെന്നുമാണ് അവര്‍ പറയുന്നത്.
20 വർഷമായി മുടങ്ങാതെ മലയാളികൾക്ക് മുന്നിലെത്തുന്ന ഹ്രസ്വ ഹാസ്യചിത്രീകരണ പരിപാടിയായ മുൻഷി പോലും ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. ജനതാ കർഫ്യൂ (മാർച്ച് 21) വിഷയമായി വരുന്ന എപ്പിസോഡാണ് ഒടുവിൽ സംപ്രേഷണം ചെയ്തത്.
Read more: ‘മുൻഷി’യ്ക്ക് പിന്നിലെ അറിയാക്കഥകൾ; അനിൽ ബാനർജി സംസാരിക്കുന്നു
ഷൂട്ട് ചെയ്തുവച്ച എപ്പിസോഡുകൾ തീരുന്നതോടെ, സീരിയലുകളുടെ സംപ്രേക്ഷണം നിലയ്ക്കും. പഴയ എപ്പിസോഡുകൾ റീടെലികാസ്റ്റ് ചെയ്യാനാണ് നിലവിൽ തീരുമാനമെടുത്തിരിക്കുന്നതെന്നും പേര് വെളിപെടുത്താന്‍ വിസമതിച്ച ഒരു കണ്ടന്റ് മാനേജര്‍ പറഞ്ഞു. മാക്സിമം എപ്പിസോഡുകൾ ലഭിക്കാൻ വേണ്ടി സീരിയലിന്റെ ഡ്യൂറേഷൻ 16 മിനിറ്റ് ആക്കി കുറച്ചും ചില ചാനലുകൾ സംപ്രേക്ഷണം തുടരുന്നുണ്ട്.
“ഒരാഴ്ച കൂടി ഓടാനുള്ള ഫ്രഷ് കണ്ടന്റ് മാത്രമേ ഇപ്പോൾ ഉള്ളൂ. അതിനു ശേഷം റീ-റണ്‍ തന്നെ രക്ഷ. അതു കഴിഞ്ഞ് എന്തുവേണമെന്നുള്ള കാര്യത്തിൽ തീരുമാനം എടുക്കുന്നതേയുള്ളൂ. സൂര്യയുടെ ലൈബ്രറിയില്‍ ധാരാളം സിനിമകൾ ഉള്ളതിനാൽ ഈ ലോക്‌ഡൗൺ കാലത്തെ അതിജീവിക്കാനാവുമെന്നാണ് പ്രതീക്ഷ,” സൂര്യ ടിവിയുടെ കൺസൽട്ടന്റ് ആയി പ്രവർത്തിക്കുന്ന വയലാർ മാധവൻകുട്ടി പറഞ്ഞു. റീ റണ്‍ എപ്പിസോഡുകളെ കുറിച്ചുള്ള അനൗൺസ്മെന്റ് ചാനലിൽ പോയിതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക സംഭവങ്ങളും ക്രൈം പരമ്പരകളുമൊക്കെ വിഷയമായി വരുന്ന സൂര്യ ടിവിയിലെ ‘കഥകൾക്കപ്പുറം’ എന്ന പ്രോഗ്രാമും നിലവിൽ അനിശ്ചിതത്വത്തിലാണ്.
“സമകാലികമായ വിഷയങ്ങളാണ് കൂടുതലും കാണിക്കുന്നത്, ഇന്ന് നടക്കുന്നത് രണ്ടു ദിവസങ്ങൾ കൊണ്ട് ഷൂട്ട് ചെയ്ത്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർത്ത് സംപ്രേഷണം ചെയ്യണം. ഷൂട്ട് ചെയ്ത എപ്പിസോഡുകൾ എല്ലാം സംപ്രേഷണം ചെയ്തു കഴിഞ്ഞു. ഇനി ഐതിഹ്യകഥകൾ, ക്ഷേത്രസംബന്ധമായ കാര്യങ്ങൾ പോലുള്ള ജനറൽ സ്റ്റോറികൾ മാത്രമേ സ്റ്റോക്ക് ഉള്ളൂ,” പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായ പ്രസാദ് നൂറനാട് പറയുന്നു.
Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ
അമൃത ടിവിയുടെ കാര്യവും വ്യത്യസ്തമല്ല. മാർച്ച് 19 വരെ ഷൂട്ട് ചെയ്ത മെറ്റീരിയൽ കയ്യിലുണ്ട്. അതു തീരുന്നതുവരെ മുന്നോട്ടുപോവാനും പരിപാടികൾ പുനസംപ്രേക്ഷണം ചെയ്ത് ലോക്‌ഡൗൺ കാലം തള്ളിനീക്കാനാണ് ചാനലും ശ്രമിക്കുന്നത്. അമൃതയിൽ സംപ്രേഷണം ചെയ്യുന്ന ‘ശ്രേഷ്ഠഭാരതം’ എന്ന ക്വിസ് റിയാലിറ്റി ഷോ മാത്രമാണ് നിലവിൽ ലോക്‌ഡൗൺ ബാധിക്കാത്തതായി ഉള്ളതെന്നും ചാനലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ഏപ്രിലിൽ (വിഷു വരെ) സംപ്രേഷണം ചെയ്യാനുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ടെന്നും ഫിനാലെ എപ്പിസോഡ് വരെ ഇതിലുണ്ടെന്നും ചാനൽ പ്രതിനിധി പറയുന്നു. ജനുവരിയിൽ തന്നെ മുൻകൂട്ടി ഷൂട്ടിംഗ് പൂർത്തിയാക്കിയതാണ് അമൃത ടിവിയ്ക്ക് ആശ്വാസമാവുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡബ്ബിംഗ് ജോലികൾ പൂർണമായും നിർത്തിവെയ്ക്കാൻ ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ സംഘടനയും മാർച്ച് 25ന് ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയും മൈക്കുമൊക്കെ പലരും ഉപയോഗിക്കുന്നതായതിനാൽ രോഗം പകരാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് സംഘടന ഇത്തരമൊരു തീരുമാനം എടുത്തത്.
ലോക്ഡൗൺ കഴിഞ്ഞാലും ഷൂട്ടിംഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ സർക്കാർ നിർദേശം കൂടി വരാതെ മുന്നോട്ടുപോവാൻ ആവില്ല. പഴയ ട്രാക്കിലേക്ക് എത്താൻ എന്തായാലും ഒരു മാസത്തോളം എടുക്കുമെന്നാണ് ടെലിവിഷൻ ഫ്രറ്റേണിറ്റി ഒന്നടക്കം പറയുന്നത്.
അതേസമയം, കോവിഡ് കാലത്ത് പഴയകാല സീരിയലുകൾ പുനസംപ്രേഷണം ചെയ്യാൻ തീരുമാനമെടുത്തിരിക്കുകയാണ് പ്രസാര്‍ ഭാരതി. 1987ല്‍ പ്രക്ഷേപണം ആരംഭിച്ച ‘രാമായണം’, ‘മഹാഭാരതം’, ‘ഭ്യോംകേശ് ബക്ഷി’ (Byomkesh Bakshi), ഷാരൂഖ് ഖാൻ അഭിനയിച്ച ‘സർക്കസ്’ എന്നീ സീരിയലുകൾ ദൂരദർശൻ പുനസംപ്രേഷണം ചെയ്യുകയാണ്. രാവിലെ ഒമ്പത് മുതൽ 10 വരെയും രാത്രി ഒമ്പത് മുതൽ 10 വരെയാണ് രാമായണം സീരിയൽ ദൂരദർശനിൽ സംപ്രക്ഷേപണം ചെയ്യുന്നത്. ഉച്ചക്ക് 12 മണിയ്ക്കും വൈകിട്ട് 7 മണിയ്ക്കുമാണ് ‘മഹാഭാരതം’ സംപ്രേക്ഷണം ചെയ്യുക. ‘ഭ്യോംകേശ് ബക്ഷി’ രാവിലെ 11 മണിയ്ക്കും ‘സർക്കസ്’ രാത്രി 8 മണിയ്ക്കും സംപ്രേക്ഷണം ചെയ്യും.