/indian-express-malayalam/media/media_files/uploads/2021/05/bigg-boss-malayalam-season-3-1.jpg)
Bigg Boss Malayalam Season 3: കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഫിലിം-ടെലിവിഷൻ ഷൂട്ടിംഗിന് തമിഴ്‌നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും ഷൂട്ടിംഗ് തുടർന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷൻ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പൊലീസും റവന്യൂ വകുപ്പും ചേർന്ന് സീൽ ചെയ്തത്. തിരുവല്ലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പ്രീതി പാർകവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ചെമ്പരാമ്പക്കത്തിലെ ഇവിപി ഫിലിം സിറ്റിയിലെത്തി ബിഗ് ബോസ് സെറ്റ് സീൽ ചെയ്തത്. ഇതോടെ, ഷോ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
"ഞങ്ങൾ സെറ്റിൽ പ്രവേശിക്കുകയും ഗ്ലാസ് വാതിലുകൾക്ക് ഉള്ളിലൂടെ മത്സരാർത്ഥികളെ കാണുകയും ചെയ്തു. സെറ്റിനുള്ളിൽ അവർക്ക് ഭക്ഷണം എത്തിച്ചു. ക്യാമറാമാൻ, ടെക്നീഷ്യൻമാർ, മറ്റ് പ്രൊഡക്ഷൻ സ്റ്റാഫ് എന്നിവർക്ക് ഒപ്പം എട്ട് മത്സരാർത്ഥികളും അവിടെ ഉണ്ടായിരുന്നു. ഷോയുടെ 95 ദിവസം പൂർത്തിയായതായും 100 ദിവസത്തെ എപ്പിസോഡ് പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും ഞങ്ങൾ അനുമതി നിഷേധിക്കുകയായിരുന്നു. എല്ലാവർക്കും പിപിഇ കിറ്റ് നൽകി, ഉടനെ തന്നെ പുറത്തുപോവാൻ നിർദ്ദേശം നൽകി. സെറ്റ് സീൽ ചെയ്യുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു," പ്രീതി പാർകവി പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ 3 ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ സെറ്റ് തമിഴ്നാട് പൊലീസും ആരോഗ്യ പ്രവർത്തകരും ചേര്ന്ന് സീൽ ചെയ്തു. തുടർന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഷോ താത്കാലികമായി നിർത്തി.
— IE Malayalam (@IeMalayalam) May 20, 2021
Read Here: https://t.co/0z5785U3m7#BiggBossMalayalamSeason3#BiggBossMalayalampic.twitter.com/QoCpPOVVq5
മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അടുത്തുള്ള വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന ടെക്നീഷ്യൻമാരോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും കേരളത്തിലേക്ക് മടങ്ങുന്നതിന് ഇ-പാസുകൾ നൽകാൻ പ്രൊഡക്ഷൻ ഹൗസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ അണിയറപ്രവർത്തകിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവർ ആരും തന്നെ മത്സരാർത്ഥികളുമായി നേരിട്ട് ബന്ധമില്ലെങ്കിലും മറ്റ് പ്രൊഡക്ഷൻ ഹൗസ് അംഗങ്ങളുമായി ബന്ധമുള്ളതിനാൽ എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ കൈകൊണ്ടിരുന്നെങ്കിലും പ്രൊഡക്ഷൻ ടീമിനുള്ള ഭക്ഷണം പുറത്തുനിന്ന് വരുത്തിച്ചതാവാം വൈറസ് ബാധയ്ക്ക് കാരണമായതെന്ന് ജില്ലാ അധികൃതർ പറയുന്നു.
Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോ മുടങ്ങി; മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.