Bigg Boss Malayalam Season 3: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ സംപ്രേക്ഷണം തമിഴ്നാട്ടിൽ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ താത്കാലികമായി നിർത്തി വച്ചതായി ചാനല്‍ അറിയിച്ചു. തമിഴ്നാട്ടിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും സുരക്ഷാക്രമീകരണങ്ങളോടെ ഷൂട്ടിംഗ് മുന്നോട്ട് പോവുകയായിരുന്നു ഇത്ര നാളും. എന്നാൽ ഇന്നലെ രാത്രിയോടെ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ ബിഗ് ബോസ് സെറ്റിലെത്തിയ തമിഴ്നാട് പൊലീസ് ഷൂട്ടിംഗ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. സെറ്റ് സീൽ ചെയ്തതിനെ തുടർന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി.
“വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. അതിനാൽ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അവിടെ നിന്നും ആളുകളെ ഒഴിപ്പിച്ച് ഷൂട്ടിംഗ് പരിസരം സീൽ ചെയ്തിരിക്കുകയാണ്,” റെവന്യൂ ഡിവിഷണൽ ഓഫീസർ പ്രീതി പാർകവി ഹിന്ദുവിനോട് പ്രതികരിച്ചു. പ്രീതി പാർകവി പൊലീസിനൊപ്പം സ്ഥലത്ത് നേരിട്ടെത്തിയാണ് ലൊക്കേഷൻ സീൽ ചെയ്തത്. മത്സരാർത്ഥികൾക്ക് ഒപ്പം ക്യാമറാമാൻ, ടെക്നീഷ്യൻ തുടങ്ങിയവരെയും സെറ്റിൽ നിന്നും ഹോട്ടലിലേക്ക് മാറ്റി.
അതേ സമയം, ഈ പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്ന് ചാനൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ബിഗ് ബോസ് സെറ്റിലെ ആറോളം അണിയറ പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ് എന്നും എല്ലാ ആഴ്ചയും മത്സരാർത്ഥികൾക്കും 200ലേറെ വരുന്ന അണിയറപ്രവർത്തകർക്കും കൃത്യമായ കോവിഡ് ടെസ്റ്റുകൾ നടത്തിയായിരുന്നു എന്നും പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത് എന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഷോ അതിന്റെ 95-ാം ദിവസത്തിലേക്ക് എത്തിനിൽക്കുമ്പോഴാണ് ഇത്തരമൊരു നീക്കം തമിഴ്നാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച കൂടി നീട്ടിയ ഷോയുടെ ഫിനാലെ ജൂൺ ആറിന് നടത്താനായിരുന്നു ചാനലിന്റെ പ്ലാൻ. അതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. 14 മത്സരാർത്ഥികളെ വെച്ചു തുടങ്ങിയ ഷോയിലേക്ക് പിന്നീട് സജ്ന-ഫിറോസ്, മിഷേൽ, ഏഞ്ചൽ തോമസ്, രമ്യ പണിക്കർ എന്നീ മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രിയായി എത്തുകയായിരുന്നു. ഫൈനലിലേക്ക് അടുക്കുമ്പോൾ മണിക്കുട്ടൻ. ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാൻ, കിടിലം ഫിറോസ് എന്നിങ്ങനെ എട്ടു മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്നത്.
Read more: Bigg Boss Malayalam Season 3 Latest Episode 18 May Highlights: ഫിനാലെ ടിക്കറ്റിനായി വാശിയേറിയ മത്സരം