/indian-express-malayalam/media/media_files/uploads/2021/05/Soorya-Menon-Manikuttan-bigg-boss.jpg)
Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോയിൽ നിന്നും ഔട്ടായ മത്സരാർത്ഥി സൂര്യ മേനോന് എതിരെ കുറച്ചുദിവസങ്ങളായി വലിയ രീതിയിൽ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. തനിക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കിനോട് വൈകാരികമായി പ്രതികരിച്ചുകൊണ്ട് ഇന്നലെ സൂര്യയും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, സൂര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മൂന്നാം സീസണിൽ സൂര്യയുടെ സഹമത്സരാർത്ഥി ആയ മണിക്കുട്ടൻ.
"ബിഗ് ബോസ് സീസൺ മൂന്നിന്റെ വോട്ടിംഗ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. വീറും വാശിയും നല്ലതാണ്. പക്ഷേ, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലാവരുത്. ഞാനിപ്പോ സംസാരിക്കുന്നത്, ബിഗ് ബോസ് സീസൺ മൂന്നിലെ ഞാനടക്കമുള്ള മത്സരാർത്ഥികൾ നേരിടുന്ന സൈബർ അറ്റാക്കിനെ കുറിച്ചാണ്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒരു വലിയ തെറ്റു തന്നെയാണ് സൈബർ അറ്റാക്ക്, അഥവാ സൈബർ ബുള്ളിയിങ്ങ്. ബിഗ് ബോസ് എന്നത് ഒരു ടിവി റിയാലിറ്റി ഷോ ആണ്. അതുകൊണ്ടാണ് ഞാനതിനകത്തു നിൽക്കുമ്പോൾ എപ്പോഴും എല്ലാവരോടും ഓർമ്മപ്പെടുത്തുന്നത്, എല്ലാ മത്സരാർത്ഥികൾക്കും അതിനകത്തു മാത്രമല്ല പുറത്തുമൊരു ജീവിതമുണ്ട്. എന്റെ പ്രിയ കൂട്ടുകാരി സൂര്യയ്ക്ക് എതിരെ ഇപ്പോൾ നടക്കുന്ന ഈ സൈബർ അറ്റാക്ക് ദയവ് ചെയ്ത് ആരു തന്നെ ആയാലും നിർത്തലാക്കുക. ആരുടെ പേരിൽ ആരായാലും മറ്റൊരാളെ സൈബർ സ്പേസിൽ അപമാനിക്കാൻ ശ്രമിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുകയില്ല. ആരോഗ്യപരമായൊരു അന്തരീക്ഷം സൃഷ്ടിക്കുക. സൂര്യയ്ക്ക് എതിരെയും കുടുംബത്തിനെതിരെയുമുള്ള സൈബർ അറ്റാക്ക് ദയവു ചെയ്ത് നിർത്തലാക്കുക. ഇതെന്റെ​ ഒരു അപേക്ഷയാണ്," വീഡിയോ സന്ദേശത്തിൽ മണിക്കുട്ടൻ പറയുന്നു.
"ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബർ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് ആർമിക്കാരേ?," എന്നായിരുന്നു വിഷമത്തോടെ ഇന്നലെ സൂര്യ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. സൈബർ ആക്രമണങ്ങൾക്ക് എതിരെ പൊലീസിൽ പരാതി പറയാൻ പോവുകയാണ് താനെന്നും സൂര്യ വ്യക്തമാക്കുന്നു.
/indian-express-malayalam/media/media_files/uploads/2021/05/soorya-bigg-boss.jpg)
ബിഗ് ബോസ് ഷോയ്ക്കിടെ സൂര്യയ്ക്ക് മണിക്കുട്ടനോടുണ്ടായ വൺവേ പ്രണയം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഷോയ്ക്കിടെ ഒരു പ്രണയത്തിന് താൽപ്പര്യമില്ലെന്ന് മണിക്കുട്ടൻ പലയാവർത്തി വ്യക്തമാക്കിയിട്ടും സൂര്യ മണിക്കുട്ടനെ പിന്തുടർന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകളും സൂര്യയ്ക്ക് എതിരെ പ്രചരിച്ചിരുന്നു. ഇപ്പോൾ, ട്രോളുകളും കടന്ന് സൂര്യയേയും കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതിയിലേക്ക് സൈബർ ആക്രമണം വഴി മാറുകയാണ്.
Read more: സൂര്യയ്ക്ക് എതിരെ സൈബർ ആക്രമണവുമായി പൊളി ഫിറോസ് ആർമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.