Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം മൂന്നാം സീസൺ തമിഴ്നാടിലെ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയാണ്. അവസാനറൗണ്ടിൽ ശേഷിച്ച എട്ടുപേരിൽ നിന്നും വോട്ടിംഗിലൂടെ ഒരാളെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ടീമിന്റെ തീരുമാനം. ഇന്നലെ രാത്രിയോടെ ഇതിനായുള്ള വോട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, മത്സരാർത്ഥികൾ എല്ലാവരും തന്നെ ഇന്നലെയും ഇന്നുമായി കേരളത്തിൽ തിരിച്ചെത്തി കഴിഞ്ഞു. ഇപ്പോഴിതാ, ബിഗ് ബോസ് ഹൗസിലെ അവസാന എലിമിനേഷനിൽ ഷോയിൽ നിന്ന് ഔട്ടായ മത്സരാർത്ഥി സൂര്യയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന പൊളി ഫിറോസ് ഖാന്റെ പേരിലുള്ള ഫാൻസ് ആർമിയാണ് സൂര്യയ്ക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. അടുത്തിടെ രമ്യ പണിക്കർക്ക് എതിരെയും ഫിറോസ് ഖാൻ ആർമി സൈബർ ആക്രമണം നടത്തിയിരുന്നു.
അച്ചടക്ക നടപടികളുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കിയ മത്സരാർത്ഥിയായിരുന്നു ഫിറോസ് ഖാൻ. ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികളെ പലതവണ മാനസികമായി ആക്രമിച്ച ഫിറോസിന് ബിഗ് ബോസ് പലകുറി താക്കീത് നൽകിയിട്ടും അതേ സ്ട്രാറ്റജിയുമായി മുന്നോട്ട പോയപ്പോഴാണ് ഷോയിൽ നിന്നും പുറത്താക്കിയത്. ഫിറോസിന്റെ അധിക്ഷേപങ്ങൾക്ക് ഇരയായ രമ്യ, സൂര്യ എന്നീ മത്സരാർത്ഥികൾ പരാതി ഉന്നയിച്ചതും ഫിറോസിന്റെ പുറത്താവലിന് കാരണമായിരുന്നു. മികച്ച ഗെയിമർ ആയിട്ടും ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചു എന്ന കാരണത്താലാണ് ഫിറോസിന് ഷോ വിട്ട് ഇറങ്ങേണ്ടി വന്നത്.
ഫിറോസ് ഷോ വിട്ട് ഇറങ്ങാൻ കാരണക്കാരി ആയ മത്സരാർത്ഥി എന്ന രീതിയിലാണ് സൂര്യയെ ഫിറോസ് ആർമി കാണുന്നത്. സൂര്യ ജെ മേനോൻ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് ഡിഎഫ്കെ ആർമിയുടെ ആക്രോശം. സൂര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ടും ഫാൻസ് പവർ കാണിച്ചുമൊക്കെയാണ് ആർമി സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
കമന്റ് ബോക്സ് ഓഫ് ചെയ്യുന്നതുവരെ അധിക്ഷേപം തുടരുമെന്നും കമന്റുകളിൽ കാണാം. സമാനമായ രീതിയിൽ തന്നെയായിരുന്നു രമ്യയ്ക്ക് എതിരെയുള്ള ആക്രമണവും. അന്ന് സഹികെട്ട് രമ്യ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു.
ഒരു റിയാലിറ്റി ഷോയെ വളരെ വ്യക്തിപരമായി എടുക്കുകയും മത്സരാർത്ഥികളെ മാനസികമായി തളർത്തുന്ന രീതിയിൽ സൈബർ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന ഡിഎഫ്കെ ആർമിയുടെ ചെയ്തികൾക്ക് എതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
Read more: രജിത് കുമാറും ഫിറോസ് ഖാനും, ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ