/indian-express-malayalam/media/media_files/uploads/2019/06/honor.jpg)
ഹ്വാവെ ടെക്നോളജീസ് കമ്പനി തങ്ങളുടെ ഹോണർ സ്മാർട്ട്‌ഫോൺ ബിസിനസ്സ് ചൈനീസ് സർക്കാർ പിന്തുണയുള്ള ഒരു കൺസോർഷ്യത്തിന് വിറ്റു. യുഎസ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ നിന്ന് ട്രംപ് സർക്കാർ ഹ്വാവെയെ വിലക്കിയിരുന്നതാണ് ഇതിലേക്ക് നയിച്ചത്.
ഷെൻഷെൻ സ്മാർട്ട് സിറ്റി ടെക്നോളജി ഡെവലപ്മെൻറ് ഗ്രൂപ്പ് കമ്പനിയും ഹോണറിന്റെ മുപ്പതിലധികം പാർട്ട്നർമാരും ഏജന്റുമാരും ഡീലർമാരും ചേർന്നാണ് കൺസോർഷ്യം രൂപീകരിച്ചത്. സ്വകാര്യ ഭീമന്മാരായ സുനിംഗ് ഡോട്ട് കോം കമ്പനി മുതൽ സർക്കാർ അനുബന്ധ സ്ഥാപനങ്ങളായ ചൈന പോസ്റ്റൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് അടക്കമുള്ളവർ ഈ കൺസോർഷ്യത്തിൽ ഭാഗമാണ്. ഇടപാടിന് ശേഷം ഹ്വാവേയ്ക്ക് ഇനി ഹോണറിൽ ഷെയറുകളൊന്നും അവശേഷിക്കുന്നില്ല.
സമീപകാലത്തായി ബജറ്റ് ഫോണുകളോട് താൽപര്യമുള്ള യുവാക്കൾക്കിടയിൽ ജനപ്രീതി നേടുകയും യൂറോപ്പ് പോലുള്ള വിദേശ വിപണികളിൽ മുന്നേറുകയും ചെയ്യുന്ന ഒരു ബ്രാൻഡിനെ മുന്നോട്ട് നയിക്കാൻ ഈ കരാർ സഹായിക്കും.
Read More: പബ്‌ജി വീണ്ടും ഇന്ത്യയിലേക്ക്; പ്രത്യേക ഇന്ത്യൻ പതിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഹോണറിന്റെ പുതിയ ഉടമകൾക്ക് അമേരിക്കൻ ചിപ്പുകളും സാങ്കേതിക വിദ്യകളും ലഭ്യമാവുന്നതിനുള്ള വിലക്ക് നിലനിൽക്കുമോ അതോ അവയുടെ വിതരണം പുനരാരംഭിക്കുമോ എന്നത് വ്യക്തമല്ല. ഹോണറിനോട് മത്സരിക്കുന്ന സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി കോർപ്പറേഷന്റെ ഓഹരികൾ ചൊവ്വാഴ്ച ഹോങ്കോങ്ങ് വിപണിയിൽ ആറ് ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ഒരു കാലത്ത് സാംസങ് ഇലക്ട്രോണിക്സ് കമ്പനിയേക്കാൾ വലുതായിരുന്ന ഹുവാവേയുടെ സ്മാർട്ട്‌ഫോൺ ബിസിനസിന്റെ അവിഭാജ്യ ഘടകമായിരുന്നു ഹോണർ, എന്നാൽ ഇപ്പോൾ യുഎസിന്റെ ഉപരോധം കാരണം ഉൽപാദനത്തിന് ആവശ്യമായ നിർണായക ഘടകങ്ങളും സോഫ്റ്റ്വെയറുകളും ലഭ്യമാക്കാൻ പാടുപെടുകയാണ് ഹ്വാവെ. ചൈനയിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയിൽ വൈറ്റ് ഹൗസ് ഉപരോധത്തിന്റെ സ്വാധീനം ഈ വിൽപ്പന വ്യക്തമാക്കുന്നു.
ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് 2018 മുതൽ ഹ്വാവേയ്‌ക്കെതിരെ പ്രചാരണം നടത്തിയിരുന്നു. ഈ വർഷം വൈറ്റ് ഹൗസ് വിതരണക്കാർക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
യുഎസ് ഉപരോധം കാരണം സെപ്റ്റംബർ പാദത്തിൽ ഹ്വാവേയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി 22% ഇടിഞ്ഞിരുന്നുവെന്ന് ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കുകൾ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.