PUBG Mobile coming back to India: ഇന്ത്യൻ വിപണിയിക്കുവേണ്ടി പ്രത്യേകമായി നിർമ്മിച്ച പുതിയ പബ്ജി മൊബൈൽ ഗെയിം ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നതായി പബ്ജി കോർപ്പറേഷൻ അറിയിച്ചു. നേരത്തെ കേന്ദ്രസർക്കാർ നിരോധിച്ച പബ്ജി മൊബൈലിനെ ഫോർക്ക് ചെയ്ത് നിർമിച്ച ഗെയിമാണിത്.
പുതിയ ഗെയിം പ്രഖ്യാപനത്തോടൊപ്പം, കളിക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഗെയിംപ്ലേ അന്തരീക്ഷം നൽകുമെന്നും പ്രാദേശിക വീഡിയോ ഗെയിം, ഇലക്ട്രോണിക് സ്പോർട്സ്, വിനോദം, ഐടി വ്യവസായങ്ങൾ പ്രാദേശിക തലത്തിൽ പ്രോത്സാഹിപ്പിക്കുമെന്നും രാജ്യത്ത് നിക്ഷേപം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.
പബ്ജി മൊബൈൽ ഇന്ത്യയുടെ റിലീസ് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഗെയിം ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Read More: Apple iPhone 12 Pro review: ആപ്പിൾ ഐ ഫോൺ റിവ്യൂ: മൂന്ന് ക്യാമറകൾ വേണ്ടവർക്കുള്ള ഐഫോൺ
കളിക്കാരുമായി ആശയവിനിമയം നടത്താനും അവർക്ക് പ്രാദേശിക സേവനങ്ങൾ നൽകാനും സഹായിക്കുന്ന ഒരു ഇന്ത്യൻ ഉപസ്ഥാപര സൃഷ്ടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പബ്ജി വ്യക്തമാക്കി. ബിസിനസ്സ്, ഇലക്ട്രോണിക് സ്പോർട്സ്, ഗെയിം ഡവലപ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന നൂറിലധികം ജീവനക്കാരെ ഈ വിഭാഗത്തിൽ നിയമിക്കാൻ ഉദ്ദേശിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഗെയിമിംഗ് സേവനം ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക ബിസിനസുകളുമായി ചേർന്ന് ഇത് പ്രവർത്തിക്കും. ഇതിനായി രാജ്യത്ത് 100 മില്യൺ ഡോളർ നിക്ഷേപിക്കാൻ പബ്ജിയുടെ മാതൃസ്ഥാപനമായ ക്രാഫ്റ്റൻ ഇൻകോർപറേറ്റഡ് പദ്ധതിയിടുന്നു.
ഇന്ത്യൻ വിപണിക്ക് വേണ്ടി മാത്രമായുള്ള ഇലക്ട്രോണിക് സ്‌പോർട്സ് ഇവന്റുകൾക്കും സ്ഥാപനം ആതിഥേയത്വം വഹിക്കും.
പബ്ജി മൊബൈൽ ഇന്ത്യയ്ക്ക് ഇന്ത്യൻ കളിക്കാരുടെ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും മുൻഗണനയായിരിക്കുമെന്ന് കമ്പനി പറയുന്നു. സുരക്ഷയെ ശക്തിപ്പെടുത്തുന്നതിന് സ്റ്റോറേജ് സിസ്റ്റങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇത് പതിവായി കണക്കെടുപ്പുകളും പരിശോധനകളും നടത്തുമെന്നും കമ്പനി പറഞ്ഞു.
Read More: WhatsApp payments: വാട്‌സ്ആപ്പ് വഴി പണം അയക്കാം; എങ്ങനെ എന്നറിയാം
ഇന്ത്യൻ ഗെയിമർമാരെ പ്രത്യേകിച്ച് ലക്ഷ്യമിട്ട്, ഗെയിമിനകത്തെ ഉള്ളടക്കം പ്രാദേശിക ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ക്രമീകരിക്കും. കുട്ടികൾക്ക് ആരോഗ്യകരമായ ഗെയിംപ്ലേ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഗെയിം സമയത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു സവിശേഷതയും ഇതിൽ ഉൾപ്പെടും.
ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം സെപ്റ്റംബർ 2 നാണ് ഇന്ത്യയിൽ പബ്ജി മൊബൈൽ ഉൾപ്പെടെയുള്ള ഗെയിമുകളും മൊബൈൽ ആപ്പുകളും നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കും പ്രതിരോധത്തിനും സുരക്ഷയ്ക്കും എതിരേ മുൻവിധിയോടെ ഇടപെടുന്ന തപത്തിലുള്ള പ്രവർത്തനങ്ങളിൽ ആപ്ലിക്കേഷൻ ഏർപ്പെട്ടിരുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം.
നിരോധിച്ച ഗെയിം നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമല്ല. ഗെയിമിന്റെ ഏറ്റവും പുതിയ എപികെ ഫയലുകൾ ലഭ്യമാണെങ്കിലും രാജ്യത്ത് സെർവറുകളുമായുള്ള ബന്ധം ബ്ലക്ക് ചെയ്തതതിനാൽ ഗെയിം കളിക്കാനാവില്ല.
Read More: ബിഗ് പവർഹൗസസ്; മികച്ച ബാറ്ററിയോടുകൂടി എത്തുന്ന സ്മാർട്ഫോണുകൾ
ഇന്ത്യയിൽ ഗെയിമിന്റെ വിതരണാവകാശം ടെൻസെന്റ് ഗെയിംസിൽ നിന്ന് മാറ്റുമെന്ന് പബ്ജി കോർപറേഷൻ അറിയിച്ചിട്ടുണ്ട്.
ഇന്ത്യക്ക് പുറമെ ചൈന, ജോർദാൻ, നേപ്പാൾ, ഇസ്രായേൽ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും ഗെയിം നിരോധിച്ചിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളിലും സമീപഭാവിയിൽ ഗെയിം നിരോധിക്കാൻ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. നിരോധനത്തിനുള്ള കാരണങ്ങൾ ഇന്ത്യയുടേതിന് സമാനമാണെന്നാണ് സൂചന.