/indian-express-malayalam/media/media_files/uploads/2018/11/watsap.jpg)
ടെക് ലോകത്ത് വാട്‌സ്ആപ്പ് സ്റ്റിക്കറുകൾ തുറന്നുവിട്ടത് ചില്ലറ തരംഗമൊന്നുമല്ല. സ്റ്റിക്കറുകൾ വരുന്നെന്ന് കേട്ടപാതി, കേൾക്കാത്ത പാതി ലാലേട്ടനെയും മമ്മൂക്കയെയും രംഗത്തിറക്കി മലയാളക്കരയിലെ ടെക് വിദ്വാന്മാരാണ് നേട്ടമുണ്ടാക്കിയത്.
ലാലേട്ടനും മമ്മൂക്കയും തകർപ്പൻ ഡയലോഗുകളും മാർക്സും ചെഗുവേരയും സൂര്യയും വിജയുമൊക്കെയായിരുന്നു താരങ്ങൾ. സ്റ്റിക്കറുകളെ ജനപ്രിയമാക്കിയതിൽ കേരളപ്പിറവിക്കും ദീപാവലിക്കും വളരെ വലിയ പങ്കുണ്ടായിരുന്നു.
എന്നാൽ മലയാളികൾ "തനി നാടൻ" സ്റ്റിക്കറുകൾ വികസിപ്പിച്ചപ്പോൾ, ഗാലറിയിലുളള ഏത് ചിത്രവും സ്റ്റിക്കറുകളാക്കാമെന്ന് കണ്ടെത്തിയത് സ്റ്റുകലോവ് എന്ന ടെക് സംഘമാണ്. ഇതിന് പിന്നാലെ ലോകമാകെയുളള വാട്‌സ്ആപ്പ് ആരാധകർ ഒഴുകിയെത്തിയതോടെ പ്ലേ സ്റ്റോറിൽ ആപ്പിന് തിക്കും തിരക്കും ബഹളവുമാണ്.
കഴിഞ്ഞ ഒക്ടോബർ 29 ന് സ്റ്റുകലോവ് പുറത്തിറക്കിയ "പേഴ്‌സണൽ സ്റ്റിക്കേർസ് ഫോർ വാട്‌സ്ആപ്പ്" ന് ഇപ്പോൾ പത്ത് ലക്ഷം ഡൗൺലോഡുകൾ നേടാനായി. പ്ലേ സ്റ്റോറിൽ 7800 ലേറെ പേർ അഭിപ്രായങ്ങളും രേഖപ്പെടുത്തി.
കേരളത്തിൽ നിന്നുളള ടർട്ടിൽ ഡെവലപേർസ് എന്ന ടെക് വിദ്വാന്മാരുടെ സംഘവും വിപണിയിൽ പോരാട്ടത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നാൽ ആഗോള തലത്തിൽ ട്രന്റിങായ സ്റ്റുകലോവിനോട് അടുത്തെത്താൻ അവർക്ക് സാധിച്ചില്ല. ടർട്ടിലിന്റെ "മൈ സ്റ്റിക്കർ മേക്കർ" ആപ്പിന് ഇതുവരെ 10000 ഡൗൺലോഡ് മാത്രമാണ് നേടാനായത്.
സ്റ്റിക്കറുകൾ തയ്യാറാക്കുന്നത് എങ്ങിനെ?
പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ആപ് തുറന്നാൽ അതിനകത്ത് ക്രിയേറ്റ് സ്റ്റിക്കർ പാക് എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക് ചെയ്താൽ നിരവധിയായ സ്റ്റിക്കർ പാക്കുകളുടെ ഓപ്ഷനും കാണാം. പക്ഷെ തയ്യാറാക്കാൻ പോകുന്ന സ്റ്റിക്കർ പാക്കിന് നൽകാനുദ്ദേശിക്കുന്ന പേരും തയ്യാറാക്കുന്ന ആളിന്റെ പേരും ആദ്യം നൽകണം.
https://malayalam.indianexpress.com/tech/malayalam-whatsapp-stickers-zero-bulb-jose-varghese-sanoop/
ഇവയിലൊന്ന് തിരഞ്ഞെടുത്ത ശേഷം സ്റ്റിക്കറുകൾ ഉണ്ടാക്കാം. ഇതിനായി ആപ്പിന് ഗാലറിയിൽ പ്രവേശിക്കാനും ചിത്രങ്ങൾ കാണാനും തിരഞ്ഞെടുക്കാനും അനുവാദം നൽകണം. ചിത്രം തിരഞ്ഞെടുത്ത ശേഷം ആവശ്യമായ വിധത്തിൽ അതിനെ സ്റ്റിക്കറാക്കി മാറ്റാം. സ്റ്റിക്കർ നിർമ്മിച്ചുകഴിഞ്ഞാൽ ആപ്പിനകത്ത് തന്നെ ആഡ് സ്റ്റിക്കർ എന്ന ഓപ്ഷനും കാണാനാവും. ഇതിൽ ക്ലിക് ചെയ്താൽ സ്റ്റിക്കർ പാക്കിലേക്ക് പുതുതായി തയ്യാറാക്കിയവ ഉൾപ്പെടുത്താനാകും.
വിരൽത്തുമ്പ് കൊണ്ട് തന്നെ സ്റ്റിക്കറുകൾ നിർമ്മിക്കാൻ ചിത്രം ക്രോപ് ചെയ്യണം. ഈ ഘട്ടത്തിൽ സ്റ്റിക്കറുകൾ മികവുറ്റതാക്കാൻ ശ്രദ്ധയോടെ തന്നെ ഇവ കൈകാര്യം ചെയ്യണം. ഒരു സ്റ്റിക്കർ പാക്കിൽ പരമാവധി 30 സ്റ്റിക്കറുകൾ വരെ ചേർക്കാനാവും.
സ്റ്റിക്കർ പാക്ക് തയ്യാറായി കഴിഞ്ഞാൽ ഇത് പബ്ലിഷ് ചെയ്യാം. അതിനുളള ബട്ടനും ആപ്പിൽ തന്നെ ലഭിക്കും. ഇതിൽ ക്ലിക് ചെയ്താൽ സ്റ്റിക്കറുകൾ വാട്‌സ്ആപ്പിൽ ആഡ് ചെയ്യാം. ഗ്രൂപ്പ് ചാറ്റുകളിൽ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സ്വന്തം സ്റ്റിക്കറുകൾ ഇറക്കി കൈയ്യടിയും നേടാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us