കൊച്ചി: “വഴി മാറടാ മുണ്ടക്കൽ ശേഖരാ,” എന്ന ഡയലോഗിന് താഴെ മീശ പിരിച്ച് ലാലേട്ടൻ. “അയ്യേ ഇവനാണോ പരിഷ്‌കാരി,” എന്നതിനൊപ്പം തലക്കെട്ടും കെട്ടി കോട്ടയം കുഞ്ഞച്ചനായി മമ്മൂക്ക. “എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ,” , “സെൻസ് വേണമെടാ സെൻസ്,” തുടങ്ങി ഹിറ്റ് ഡയലോഗുകൾ വേറെ. ഇവയൊക്കെ എന്താണെന്നാണോ? വാട്‌സ്ആപ്പിലെ ചാറ്റുകളെ ഏറെ ആസ്വാദ്യകരമാക്കാൻ അവതരിപ്പിച്ചിരിക്കുന്ന തനി ‘നാടൻ’ സ്റ്റിക്കറുകളിൽ ചിലതാണ് ഇവ.
വാട്‌സ്ആപ്പ് ഗ്രൂപ് ചാറ്റുകളിൽ ഇനി എന്തിനും ഏതിനും സ്റ്റിക്കറുകൾ നിറയുന്ന കാലമാണ് വരാൻ പോകുന്നത്. ഇത് തന്നെയാണ് മലയാളം സ്റ്റിക്കർ ആപ്പുകൾക്ക് വളമിട്ടതും. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ഇപ്പോൾ മലയാളം സ്റ്റിക്കർ ആപ്പുകൾ വളരെ വേഗത്തിലാണ് ഡൗൺലോഡ് ചെയ്യപ്പെടുന്നത്.

“ഞാനാദ്യം ആപ് ഡെവലപ് ചെയ്തപ്പോൾ മോഹൻലാൽ സീരീസും മമ്മൂട്ടി സീരീസുമൊക്കെയാണ് ഉൾപ്പെടുത്തിയത്.” കായംകുളം കാരൻ നൗഫൽ സലാഹുദ്ദീൻ പറഞ്ഞു. ഓൾ ഇൻ വൺ വാട്‌സ്ആപ്പ് സ്റ്റിക്കർ എന്ന ആപ്പിന്റെ അണിയറക്കാരനാണ് നൗഫൽ. പുറത്തിറക്കി മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലക്ഷത്തിലേറെ പേരാണ് നൗഫലിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.
“ഓപ്പൺ സോഴ്സിൽ നിന്നായിരുന്നു സ്റ്റിക്കറുകൾ കണ്ടെത്തിയത്. പിന്നെ എനിക്ക് പലരിൽ നിന്നും കോൾ വന്നു. ആദ്യം ആപ്പ് പുറത്തിറക്കിയതുകൊണ്ടാകാം. വിജയ് ഫാൻസും സൂര്യ ഫാൻസും വിളിച്ച് അവരുടെ സ്റ്റിക്കറുകൾ ഉൾപ്പെടുത്തണമെന്ന് പറഞ്ഞു. പിന്നെ ഗജവീരൻ എന്നൊരു യൂട്യൂബ് ചാനലിന്റെ ആളുകൾ വിളിച്ച് അവരുടെ സ്റ്റിക്കറുകൾ ഡവലപ് ചെയ്യാൻ ആവശ്യപ്പെട്ടു. അതിനുളള ചിത്രങ്ങളും അവർ തന്നെ തന്നു,” നൗഫൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. സീക്കോയ് ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ്പിന്റെ സഹ സ്ഥാപകനാണ് നൗഫൽ. മാവേലിക്കരയിലെ വെളളാപ്പളളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിങിൽ നിന്നാണ് നൗഫൽ ബിരുദപഠനം പൂർത്തിയാക്കിയത്.
ലാലേട്ടന്റെ സ്റ്റിക്കർ കാണുമ്പോൾ മമ്മൂക്ക ഫാൻസ് വെറുതെ ഇരിക്കുമോ? നൗഫലിന്റെ ചോദ്യമായിരുന്നു. പ്രിയപ്പെട്ട താരങ്ങളുടെ സ്റ്റിക്കറുകൾ വേണമെന്ന് ആവശ്യപ്പെട്ട് ആരാധകരുടെ തുരുതുരാ വിളികളായിരുന്നുവെന്ന് നൗഫൽ പറഞ്ഞു. “ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും ഒക്കെ സ്റ്റിക്കർ ഇട്ടപ്പോൾ തമിഴ് താരങ്ങളുടെ ഫാൻസും എന്നെ ഫോണിൽ വിളിച്ചു. വിജയ്, സൂര്യ, രജനി തുടങ്ങിയ താരങ്ങളുടെയെല്ലാം സ്റ്റിക്കർ ഉൾപ്പെടുത്തി.” നൗഫൽ പറഞ്ഞു.
സ്റ്റിക്കറുകളിൽ സിനിമ താരങ്ങൾ മാത്രമേയുളളൂ എന്ന് കരുതേണ്ട. മെസ്സിയും റൊണാൾഡോയും കാറൽ മാർക്‌സും ലെനിനും സ്റ്റാലിനും ചെയും തുടങ്ങി ഫിദൽ കാസ്ട്രോയും ഷാവേസും വരെയുണ്ട്.

മൈതാനത്ത് മാത്രമല്ല, വാട്‌സ്ആപ്പ് സ്റ്റിക്കറിലും വേണമെങ്കിൽ ഫുട്ബോൾ പോരാട്ടം നടക്കുമെന്ന തോന്നലുണ്ട്. മെസ്സി ആരാധകരോട് കട്ടയ്ക്ക് നിൽക്കാൻ ക്രിസ്റ്റ്യാനോയും നെയ്‌മറും ഉണ്ട്.
ഒക്ടോബർ 28 നാണ് നൗഫൽ ആപ്പ് പുറത്തിറക്കിയത്. മൂന്ന് ദിവസത്തിനിടെ ആപ്പിൽ പരമാവധി സ്റ്റിക്കറുകൾ നൗഫൽ നിറച്ചുകഴിഞ്ഞു. 78 പാക്കേജുകളിലായി 5000 ത്തിലേറെ സ്റ്റിക്കറുകൾ ആപ്പിൽ ഇപ്പോഴുണ്ട്. ഓരോ പാക്കേജിലും പത്തിലേറെ സ്റ്റിക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
“വാട്‌സ്ആപ്പിൽ സ്റ്റിക്കറുകൾ വരുന്നെന്ന് കേട്ടപ്പോൾ അതിന്റെ ഡോക്യുമെന്റേഷൻ ഒക്കെ ഞാൻ സ്വയം ഇരുന്ന് പഠിച്ചു. ഒറ്റയ്ക്കാണ് ആപ് ഡെവലപ് ചെയ്തത്. ആദ്യം ആപ്പ് ഡവലപ് ചെയ്തതിന്റെ ആനുകൂല്യം ലഭിച്ചു. ഇന്നിപ്പോൾ 75310 പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. സ്റ്റിക്കറുകൾ ഉണ്ടാക്കാൻ വിവേക്, സാബിക്, താജു, ജെബിൻ എന്നീ സുഹൃത്തുക്കളുടെ കൂടി സഹായം ലഭിച്ചു,” നൗഫൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
ഡൗൺലോഡിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ രണ്ടാം സ്ഥാനത്തുളളത് മലയാളം വാട്‌സ്ആപ്പ് സ്റ്റിക്കേർസ് എന്ന ആപ്പാണ്. കൊച്ചി സ്വദേശികളായ ജോസ് വർഗ്ഗീസും ഇഎസ് സനൂപുമാണ് ഈ ആപ്പിന് പിന്നിൽ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനോടകം 30000 ത്തിലേറെ പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
Kerala Piravi Dinam: കേരളപ്പിറവി വാട്‌സ്ആപ്പ് സ്റ്റിക്കറുകളിൽ ‘വെളളിവെളിച്ച’മായി സീറോ ബൾബ്
ഒക്ടോബർ 31 ന് പുറത്തിറക്കിയ ആപ്പിന് പ്രചാരം നൽകിയത് ബംപർ ഹിറ്റായ കേരളപ്പിറവി സ്റ്റിക്കറുകളാണ്. ഏഴ് കേരളപ്പിറവി സ്റ്റിക്കറുകൾക്കൊപ്പം ആറ് മോഹൻലാൽ സ്റ്റിക്കറും ഉൾപ്പെടുത്തിയാണ് ആപ്പ് പുറത്തിറക്കിയത്. എന്നാൽ ആപ്പിന് പെട്ടെന്ന് പ്രചാരം ലഭിച്ചതോടെ ജോസും സനൂപും കൂടുതൽ സ്റ്റിക്കറുകൾ നിറയ്ക്കാനുളള കഠിനാധ്വാനത്തിലാണ്.

ഇരിങ്ങാലക്കുടക്കാരൻ ശ്രീഹരിയും കണ്ണൂർ സ്വദേശിയും പ്രവാസിയുമായ പ്രതീക് പ്രേമനും സമാനമായ ആപ്പുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യ കുതിപ്പിൽ നേട്ടമുണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല.
സ്റ്റിക്കറുകൾ വാട്‌സ്ആപ്പിൽ കിട്ടുന്നതെങ്ങിനെ?
വാട്‌സ്ആപ്പിന്റെ ഏറ്റവും നൂതനമായ വേർഷൻ ഡൗൺലോഡ് ചെയ്താൽ തന്നെ എല്ലാവർക്കും സ്റ്റിക്കറുകൾ ലഭിക്കും. വാട്സ്ആപ്പിൽ അവർ തന്നെ ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ ലഭിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങളാണ് ഇനി.
ചാറ്റ് ചെയ്യുമ്പോൾ കീബോർഡ് തുറക്കുക. അപ്പോൾ പുതിയ സ്റ്റിക്കർ ബട്ടൺ കാണാനാകും. സ്റ്റിക്കർ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ സ്റ്റിക്കർ സ്റ്റോർ തുറക്കും. സ്റ്റിക്കർ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ സ്റ്റിക്കർ സ്റ്റോർ തുറക്കും. വാട്സ്ആപ്പ് വെബിൽ നിന്നും സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാനാകും. ഫേവറേറ്റ് ടാബ് സൗകര്യവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഇഷ്ടമുളള സ്റ്റിക്കറുകൾ പ്രത്യേകമായ് സേവ് ചെയ്ത് വയ്ക്കാനുമാകും. ഹിസ്റ്ററി ടാബ് നേരത്തെ ഉപയോഗിച്ച സ്റ്റിക്കറുകൾ കാണിച്ചു തരും.
ഇനി ഓൾ ഇൻ വൺ വാട്‌സ്ആപ്പ് സ്റ്റിക്കർ ആപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ, ഇവയിൽ വിവിധ പാക്കേജുകളായാണ് സ്റ്റിക്കറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ പാക്കേജും ഓരോ സീരീസാണ്. മോഹൻലാൽ, മമ്മൂട്ടി, രജനീകാന്ത്, നടിമാർ, മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മഞ്ഞ, സംഭാഷണങ്ങൾ, കിടിലൻ ഡയലോഗുകൾ തുടങ്ങി പല പാക്കേജാണ് സ്റ്റിക്കറുകൾ. ഈ പാക്കേജ് തുറന്നാൽ സ്റ്റിക്കറുകൾക്ക് താഴെയായി ആഡ് ടു വാട്‌സ്ആപ്പ് എന്ന് കാണാം. ഈ ടാബിൽ ക്ലിക് ചെയ്താൽ സ്റ്റിക്കറുകൾ വാട്‌സ്ആപ്പിലേക്ക് ആഡ് ചെയ്യാൻ സാധിക്കും.