/indian-express-malayalam/media/media_files/uploads/2023/09/mammootty-mohanlal-start-whatsapp-channels-how-to-use-it-to-follow-celebrities-902897.jpg)
Channels are rolling out globally over the next few weeks. (Image: WhatsApp)
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാട്ട്സാപ്പിൽ ചാനൽ തുടങ്ങി. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആരാധകരെ ഈ വിവരം അറിയിച്ചിട്ടുമുണ്ട്. പക്ഷേ എന്താണീ ചാനൽ? ഇത് കിട്ടാൻ എന്ത് ചെയ്യണം?
Whatsapp Channels: Here’s how to use it
ബിസിനസ് സംബന്ധമായ ആശയവിനിമയം മാറ്റി നിർത്തിയാൽ, വാട്ട്സാപ്പ് (WhatsApp) പ്രധാനമായും നിറവേറ്റുന്നത് കുടുംബങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും തുടങ്ങി നമ്മൾക്ക് അറിയാവുന്നവരുമായി ആശയവിനിമയം നടത്തുക എന്നതാണ്. എന്നാൽ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, ഈ പ്ലാറ്റ്‌ഫോം അതിൽ നിന്നും വികസിക്കുകയാണ്.
WhatsApp-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു, നിങ്ങൾക്ക് ഇഷ്ടമുള്ള/പ്രധാനം എന്ന് കരുതുന്ന ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ ആപ്പിനുള്ളിൽ തന്നെ കിട്ടാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. WhatsApp ചാനലുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളിൽ നിന്ന് വേറിട്ട് അപ്‌ഡേറ്റുകൾ എന്ന പുതിയ ടാബിലാണ് ലഭ്യമാവുക.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആഗോളതലത്തിൽ, ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാകും. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഫിൽട്ടർ ചെയ്യുപ്പെടുന്ന ചാനലുകൾ നിങ്ങൾക്ക് സ്വയം കണ്ടെത്താം അല്ലെങ്കിൽ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകൾക്കായി തിരയാം. ഫോളോ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങൾക്ക് കാണാനാകും.
ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ചില പ്രമുഖ താരങ്ങൾ, സ്‌പോർട്‌സ് ടീമുകൾ, കലാകാരന്മാർ, ചിന്തകർ, നേതാക്കൾ, ഓർഗനൈസേഷനുകൾ എന്നിവ ഇതിനകം തന്നെ വാട്ട്‌സ്ആപ്പിൽ എത്തിക്കഴിഞ്ഞു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുടരാം, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദിൽജിത് ദോസഞ്ച്, അക്ഷയ് കുമാർ, വിജയ് ദേവേരകൊണ്ട, നേഹ കക്കർ എന്നിവരെയും. മാർക്ക് സക്കർബർഗിനെ വാട്ട്സാപ്പിൽ ഫോളോ ചെയ്‌താൽ അദ്ദേഹം ഫേസ്‌ബുക്ക് , വാട്ട്‌സ്ആപ്പ് ഉൽപ്പന്നങ്ങളുടെ അപ്‌ഡേറ്റുകൾ അവിടെ പങ്കിടുന്നത് കാണാം.
വാട്ട്സാപ്പ് തന്നെ പറയുന്നതനുസരിച്ച് ഇപ്പോൾ ലഭ്യമായതിൽ വച്ച് ഏറ്റവും സ്വകാര്യമായ പ്രക്ഷേപണ സേവനമായാണ് വാട്ട്‌സ്ആപ്പ് ചാനലുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനൽ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോൺ നമ്പർ അഡ്‌മിന് അറിയാനും സാധിക്കില്ല. ആരെ ഫോളൊ ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ്, അത് സ്വകാര്യവുമാണ്. കൂടാതെ, ചാനൽ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ.
ഇമോജികൾ ഉപയോഗിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റുകളോട് പ്രതികരിക്കാനും മൊത്തം വന്നിട്ടുള്ള പ്രതികരണങ്ങളുടെ എണ്ണം കാണാനും കഴിയും. നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് മറ്റുള്ളവർ കാണില്ല. ചാനലിലേക്കുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ അപ്‌ഡേറ്റുകൾ കൈമാറാനും കഴിയും, അതു വഴി കൂടുതൽ ആളുകൾക്ക് ചാനൽ കണ്ടെത്താനാകും. നിങ്ങൾക്ക് ഒരു ചാനൽ ഫോളോ ചെയ്യുന്നത് നിർത്തണമെങ്കിൽ, ഏത് സമയത്തും നിങ്ങൾക്ക് എളുപ്പത്തിൽ മ്യൂട്ട് ചെയ്യുകയോ അൺസബ്‌സ്‌ക്രൈബു ചെയ്യുകയോ ചെയ്യാം.
നിങ്ങളുടെ നിലവിലുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ടോ പുതിയതോ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ചാനൽ സൃഷ്ടിക്കാൻ കഴിയും. അവിടെ നിങ്ങൾ അഡ്മിൻ ആയിരിക്കും. നിങ്ങളുടെ അപ്‌ഡേറ്റുകൾ 30 ദിവസം വരെ എഡിറ്റ് ചെയ്യാനും കഴിയും, അതിനു ശേഷം അവ വാട്ട്‌സ്ആപ്പ് സെർവറുകളിൽ നിന്ന് ഇല്ലാതാക്കപ്പെടും.
വാട്ട്‌സ്ആപ്പ് ചാനലുകൾ ഉപയോഗിക്കാൻ: How to use Whatsapp Channels?
- Google Play സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ WhatsApp ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
- വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെയുള്ള അപ്‌ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുക. നിങ്ങൾക്ക് ഫോളോ ചെയ്യാൻ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും.
- ഒരു ചാനൽ ഫോളോ ചെയ്യാൻ, അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങൾക്ക് ചാനലിന്റെ പേരിൽ ടാപ്പു ചെയ്യാനും കഴിയും.
- ഒരു ചാനൽ അപ്‌ഡേറ്റിലേക്ക് ഒരു പ്രതികരണം ചേർക്കാൻ, സന്ദേശത്തിൽ അമർത്തിപ്പിടിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.