/indian-express-malayalam/media/media_files/uploads/2022/10/Google-Pixel-7-Pixel-7-Pro-1-1.jpg)
ആഗോളതലത്തിലും ഇന്ത്യയിലും ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ 7 സീരീസ് ഫോണുകള്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. സുപരിചതമായ ഡിസൈനിലാണെങ്കിലും പുത്തന്‍ സവിശേഷതകളുമായാണ് ഗൂഗിള്‍ പിക്സല്‍ സീരീസ് വിപണിയിലെത്തിയിരിക്കുന്നത്. ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകള്‍ പരിശോധിക്കാം.
ടെന്‍സര്‍ ജി2 ചിപ്പ്
ഗൂഗിളിന്റെ ടെന്‍സര്‍ ജി2 ചിപ്പിലാണ് പിക്സല്‍ 7 സീരീസിലെ ഫോണുകളുടെ പ്രവര്‍ത്തനം. ചിപ്പ് തത്സമയം ഭാഷകൾ വിവർത്തനം ചെയ്യാൻ അനുവദിക്കുന്ന കൂടുതൽ ശക്തമായ മെഷീൻ ലേണിംഗ് ടൂളുകൾ അവതരിപ്പിക്കും. പുതിയ സൂപ്പർ റെസ് സൂം ഫീച്ചറും സിനിമാറ്റിക് ബ്ലർ, ഫേസ് അൺബ്ലർ തുടങ്ങിയ ടൂളുകളും നൽകും. സംഭാഷണം, ഫോട്ടോഗ്രാഫി, വീഡിയോ സാങ്കേതികവിദ്യ, സുരക്ഷ എന്നിവയിൽ ചിപ്പ് വലിയ മുന്നേറ്റം നടത്തുമെന്ന് ഗൂഗിൾ പറയുന്നു.
ഫെയ്സ്, ഫിംഗര്‍പ്രിന്റ് അണ്‍ലോക്കുകള്‍
പിക്സല്‍ 4 വരെയായിരുന്നു ഗൂഗിള്‍ ഫെയ്സ് അണ്‍ലോക്ക് സവിശേഷത നല്‍കിയിരുന്നത്. പിന്നീടുള്ള ഫോണുകളില്‍ അതില്ലാതയായെങ്കിലും വീണ്ടും സവിശേഷത അവതരിപ്പിക്കുകയാണ് കമ്പനി. ഫിംഗര്‍പ്രിന്റ് സ്കാനര്‍ സവിശേഷത പിക്സല്‍ 7 സീരീസിലും തുടരും. 6 സീരീസില്‍ ഫിംഗര്‍പ്രിന്റ് സ്കാനറുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും അപ്ഡേറ്റുകളിലൂടെ പരിഹരിക്കപ്പെട്ടിരുന്നു.
സോഫ്റ്റ്വയര്‍ അപ്ഡേറ്റുകള്‍
ഗൂഗിള്‍ പിക്സല്‍ ഫോണുകളിലാണ് പുതിയ അപ്ഡേറ്റുകള്‍ ആദ്യ വരുന്നതെന്നത് രഹസ്യമായ കാര്യമൊന്നുമല്ല. കൂടാതെ, ഗൂഗിൾ "ഫീച്ചർ ഡ്രോപ്പുകളും" അവതരിപ്പിക്കുകയാണ്. പ്രോഗ്രാമിന്റെ ഭാഗമായി, സാധാരണ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകൾക്ക് പുറത്ത് ഗൂഗിൾ പിക്‌സൽ ഫോണിലേക്ക് പുതിയ ഫീച്ചറുകൾ ലഭിക്കും. അതിനാൽ നിങ്ങൾ പിക്സല്‍ 7 വാങ്ങുകയാണെങ്കിൽ, ഓരോ മൂന്ന് മാസത്തിലും നിങ്ങൾക്ക് രസകരമായ പുതിയ ഫീച്ചറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പിക്‌സൽ 7 സീരീസിൽ അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.
4 കെ വീഡിയോകള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന സെല്‍ഫി ക്യാമറ
മികച്ച ചിത്രങ്ങളെടുക്കുന്നതിന് പേരുകേട്ട ഫോണാണ് ഗൂഗിള്‍ പിക്സല്‍. 6 സീരീസിലെ പോലെ തന്നെയാണ് പ്രധാന ക്യാമറകളെങ്കിലും 10.8 മെഗാ പിക്സല്‍ വരുന്ന പുതിയ സെല്‍ഫി ക്യാമറയില്‍ 60 എഫ് പി എസില്‍ 4 കെ വീഡിയോകള്‍ ചിത്രീകരിക്കാന്‍ കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.