/indian-express-malayalam/media/media_files/uploads/2023/09/8-1.jpg)
ഇന്റർനെറ്റ് അധിഷ്‌ഠിത കോളിങ് ആപ്പുകളും സേവനങ്ങളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടിവരികയാണ്
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സ് വൈകാതെ ഓഡിയോ, വീഡിയോ കോളിങ് ഫീച്ചറുകളുമായെത്തുമെന്ന് റിപ്പോർട്ട്. പ്ലാറ്റ്‌ഫോം ഉടൻ തന്നെ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ നേറ്റീവ് കോളിങ് ഫീച്ചർ അവതരിപ്പിക്കുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചത് പോലെ ഈ സവിശേഷതകൾ എക്സ് ഉപയോക്താക്കളിലെ പ്രീമിയം വരിക്കാർക്ക് മാത്രമായി തുടരാനാണ് സാധ്യത.
ഇന്റർനെറ്റ് അധിഷ്‌ഠിത കോളിങ് ആപ്പുകളും സേവനങ്ങളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടിവരികയാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള മിക്കവാറും എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സൗജന്യ വോയ്‌സ്, വീഡിയോ കോളുകളെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ എക്സ് കോർപ് അതിന്റെ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലും ഈ ഫീച്ചറുകൾ അവതരിപ്പിക്കാനിടയുണ്ട്.
ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ, എക്സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്ക് വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ വഴി പരസ്പരം കണക്ട് ചെയ്യാൻ അനുവദിക്കുമെന്നും, പ്ലാറ്റ്‌ഫോമിൽ ഉടൻ തന്നെ നേറ്റീവ് കോളിങ് ഫീച്ചർ വരുമെന്നും സിഇഒ ലിൻഡ യാക്കാരിനോ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ ഈ കോളുകൾ ചെയ്യാൻ കഴിയുമെന്നും ലിൻഡ വ്യക്തമാക്കിയിരുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കും. നിലവിൽ, ഈ ഫീച്ചർ ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
എക്‌സ് ഒരു മൈക്രോ-ബ്ലോഗിംഗ് ആപ്പ് മാത്രമല്ലെന്ന് ഉടമ ഇലോൺ മസ്‌ക് വ്യക്തമാക്കിയതാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു സൂപ്പർ ആപ്പാണിത്. നേറ്റീവ് കോളിങ് ഫീച്ചറിന് പുറമെ ഒരു പേയ്‌മെന്റ് ഫീച്ചർ ചേർക്കാനും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ഇത് ആപ്പിലൂടെ പണം അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ സഹായിക്കും.
പ്രീമിയം ഉപയോക്താക്കൾക്ക് വൈകാതെ പ്ലാറ്റ്‌ഫോമിൽ 4K റെസല്യൂഷൻ വീഡിയോകൾ വരെ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് എലോൺ മസ്‌ക് നിർദ്ദേശിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച ധനസമ്പാദന പാക്കേജിൽ എക്സ് പ്രീമിയം തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ പ്രതിമാസം 900 രൂപയോളം ഇതിന് ചിലവ് വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.