/indian-express-malayalam/media/media_files/uploads/2018/11/facebook-elections-copy.jpg)
അനുദിനം വളരുന്ന ഡിജിറ്റൽ ലോകം സാധ്യതകളുടേത് കൂടിയാണ്. നിരവധി സാധ്യതകളാണ് അവിടെ തുറന്ന് ലഭിക്കുന്നതും. പലപ്പോഴും തെറ്റായ രീതിയിലും തെറ്റായ ആവശ്യങ്ങൾക്കും നിങ്ങളുടെ വളരെ സ്വകാര്യമായ കാര്യങ്ങൾ പോലും ഉപയോഗപ്പെടുത്താൻ രണ്ടാമത് ഒരാൾക്ക് സാധിച്ചേക്കും. പ്രത്യേകിച്ച് വളരെ സാധാരണയായി ഉപയോഗിച്ചു പോരുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സമുഹമാധ്യമങ്ങളിലൂടെ. ഇത്തരത്തിലുണ്ടാകുന്ന ഹാക്കിങ് തടയുന്നതിന് അപ്പപ്പോൾ ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യണമെന്ന നിർദേശമാണ് കമ്പനികൾ നൽകാറുള്ളത്.
എന്നാൽ ചെക്ക് പോയിന്റ് റിസേർച്ചിന്റെ ഏറ്റവും പുതിയ പഠനം ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ടും കാര്യമില്ലെന്നാണ് പറയുന്നത്. ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും വീചാറ്റുമുൾപ്പടെ പല പ്രമുഖ ആപ്ലിക്കേഷനുകളും അപ്ഡേഷന് ശേഷവും സുരക്ഷിതമല്ലയെന്ന് പറയുന്നു.
Also Read:അടിയന്തരമായി വാട്സാപ് അപ്ഗ്രേഡ് ചെയ്യുക; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി
കോഡ് ഉപയോഗിച്ച് ഹാക്കർമാർക്ക് ഏറ്റവും പുതിയ അപ്ഡേഷനു ശേഷവും ആൺഡ്രോയ്ഡ് ആപ്ലിക്കേഷനുകളിൽ കടന്നുകൂടാൻ സാധിക്കും. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിങ്ങളുടെ പോസ്റ്റുകളും സന്ദേശങ്ങളുമെല്ലാം അനായാസം കൈകാര്യം ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കും.
പഠനത്തിനായി മൂന്ന് വർഷക്കാലമാണ് ചെക്ക് പോയിന്റ് റിസേർച്ച് ചെലവഴിച്ചത്. പഠന രീതിയും മാർഗങ്ങളും ഉൾപ്പെടുത്തിയാണ് അവർ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതും.
Also Read: 'ഇതെന്ത് പണിയാ വാട്സാപ്പേ?'; അപ്ഡേഷനിൽ പണികിട്ടി ഉപയോക്താക്കൾ
നേരത്തെ വാട്സാപ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഓൺലൈനിൽ ഹാക്കിങ്, ഫിഷിങ്, സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസി രംഗത്തെത്തിയിരുന്നു. എംപി4 ഫോർമാറ്റിലുള്ള ഫയൽ വഴി പ്രചരിക്കാവുന്ന മാൾവയറിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അടിയന്തരമായി വാട്സാപ് അപ്ഗ്രേഡ് ചെയ്യാൻ കേന്ദ്ര ഏജൻസി നിർദേശം നൽകിയിരിക്കുന്നത്.
“ലക്ഷ്യംവയ്ക്കുന്ന സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ അതിന് ശ്രമിക്കുന്ന ഹാക്കറിന് എവിടെ ഇരുന്നും ഡേറ്റ ചോർത്താനും ഡിവൈസുകൾ പ്രവർത്തിപ്പിക്കാനും കഴിയും,” കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം-ഇന്ത്യ (സിഇആർടി-ഇൻ) ന്റെ മുന്നറിയിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.