/indian-express-malayalam/media/media_files/uploads/2023/10/whatsapp-1.jpg)
ഫയൽ ചിത്രം
വാട്ട്സ്ആപ്പിൽ പരസ്യം ഉൾപ്പെടുത്താനുള്ള പദ്ധതികൾ മാതൃകമ്പനിയായ മെറ്റ തുടങ്ങിയിട്ട് കാലം കുറച്ചായി. 2018 മുതൽ തന്നെ വാട്സ്ആപ്പ് ഇതിനുവേണ്ടിയുള്ള നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യതയും ഇതിനോട് അവർ എങ്ങനെ പ്രതികരിക്കുമെന്ന സംശയവും ഉണ്ടായിരുന്നതിനെ തുടർന്നാണ് പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിട്ടത്. എന്നാൽ ഇപ്പോൾ സാവധാനം ആപ്പിൽ വിവിധയിടങ്ങളിലായി പരസ്യം പ്രദർശിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആപ്പിൽ സന്ദേശമയക്കുമ്പോഴോ, ചാറ്റ് ബോക്സിലോ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല. വാട്സ്ആപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടുത്തിയ ഫീച്ചറായ ചാനലുകളിലും, സ്റ്റാറ്റസിലുമായിരിക്കും പരസ്യം പ്രത്യക്ഷപ്പെടുകയെന്ന് വാട്സ്ആപ്പ് സിഇഒ വിൽ കാത്ത്കാർട്ട് ബ്രസീലിയൻ മാധ്യമമായ ടെക്ക് ക്രഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ചാനലുകൾക്ക് വരിസംഖ്യയായി തുക ഈടാക്കാനും, ചാനലുകൾക്കുള്ളിൽ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ചാനലുകളെ അനുവദിക്കുന്നതിനുള്ള സാദ്ധ്യത വാട്സ്ആപ്പ് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാറ്റ് ബോക്സിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് നല്ല തീരുമാനമായിട്ടല്ല കമ്പനി കണക്കാക്കുന്നത്. അതിന് പകരമായി മറ്റു സ്ഥലങ്ങളിൽ പരസ്യം ഉൾപ്പെടുത്താം. ഉദാഹരണമായി, ചാനലുകൾക്ക് വരിക്കാരിൽനിന്ന് നിശ്ചിത തുക ഈടാക്കാം. അല്ലെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ പോലുള്ള മെമ്പർഷിപ്പ് നൽകി പരസ്യം നൽകാം. എന്നാൽ ഒരിക്കലും സന്ദേശമയക്കുന്നതിന് തടസം സൃഷ്ടിച്ച് ഇൻബോക്സിൽ പരസ്യം പ്രത്യക്ഷപ്പെടില്ലെന്നും വാട്സ്ആപ്പ് പറയുന്നു.
സ്റ്റാറ്റസ് ഫീച്ചറിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്ന കാര്യം വാട്സ്ആപ്പ് മുമ്പ് തന്നെ പരിഗണിച്ചിരുന്നെങ്കിലും ഈ പ്ലാൻ നടപ്പാക്കിയിരുന്നില്ല. കമ്പനി മേധാവി ഇതൊരു സാധ്യതയായി പരാമർശിക്കുമ്പോൾ, നിർദ്ദിഷ്ട പ്ലാനോ സമയക്രമമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെയാണ് യൂട്യൂബിന് സമാനമായ ഫോർവേഡ് ബാക്ക് വേഡ് ബട്ടണുകൾ വീഡിയോ പ്ലേബാക്കിൽ വാട്സ്ആപ്പ് അവതരിപ്പിച്ചത്. കൂടാതെ ചാനലുകളിൽ വോയ്‌സ് നോട്ടുകളും സ്റ്റിക്കറുകളും പങ്കിടുന്നതിനുള്ള ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.
Check out More Technology News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.