/indian-express-malayalam/media/media_files/2025/02/04/FHnKdEGKzNTJLBoi4wWE.jpg)
ലൂണയും നോവയും പരസ്യമായി കൊമ്പുകോർത്തപ്പോൾ: (സ്ക്രീൻഷോട്ട്)
എൺപതാം മിനിറ്റിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുരുഷോത്തമൻ മൊറോക്കൻ വിങ്ങർ നോവ സദൂയിയെ ചെന്നൈയിൻ എഫ്സിക്കെതിരെ കളത്തിലിറക്കിയത്. പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്താൻ നോവയ്ക്ക് മുൻപിൽ സുവർണാവസരം. നോവ ഗോൾ സ്കോറർമാരുടെ പട്ടികയിൽ തന്റെ പേര് എഴുതി ചേർക്കാൻ വേണ്ടി ശ്രമിച്ച് ആ സുവർണാവസരം നഷ്ടപ്പെടുത്തിയത് രണ്ടാമതൊന്ന് ആലോചിക്കാതെ മൈതാനത്ത് വെച്ച് ക്യാപ്റ്റൻ ലൂണ ചോദ്യം ചെയ്തു. എന്താണ് ശരിക്കും ചെന്നൈയിൻ എഫ്സിയുടെ തട്ടകത്തിൽ സംഭവിച്ചത്?
ചെന്നൈയിൻ ഗോൾ പോസ്റ്റിന് മുൻപിൽ വെച്ചാണ് നോവ ഗോൾ അവസരം നഷ്ടപ്പെടുത്തി കളഞ്ഞത്. ലൂണയും മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിതയും ബോക്സിനുള്ളിൽ സ്വതന്ത്രരായി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇവരിലേക്ക് പാസ് നൽകാതെ നേരെ ഷോട്ട് ഉതിർക്കുകയായിരുന്നു നോവ. മാർക്ക് ചെയ്യപ്പെടാതെ തങ്ങൾ അവിടെ നിൽക്കുന്നുണ്ടായിട്ടും നോവ ഷോട്ട് ഉതിർത്തത് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെ എത്രമാത്രം പ്രകോപിപ്പിച്ചു എന്ന് ലൂണയുടെ പരസ്യ പ്രതികരണത്തിൽ നിന്ന് തന്നെ വ്യക്തം..
ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളെ ബാധിക്കുമോ?
ആ സമയം ലീഡ് 4-1 ആയി ഉയർത്താനുള്ള അവസരമാണ് നോവ നഷ്ടപ്പെടുത്തി കളഞ്ഞത്. നോവയുടെ നേരെ കയർത്ത് എത്തിയ ലൂണയോട് അതേ നാണയത്തിൽ നോവയും പ്രതികരിച്ചതോടെയാണ് മഞ്ഞപ്പട കൂട്ടത്തെ നിരാശപ്പെടുത്തി ആ കൊമ്പുകോർക്കൽ വന്നത്. ഉന്തും തള്ളിലേക്കുമെത്തിയപ്പോൾ ഇരുവരേയും പിടിച്ച് മാറ്റാൻ മറ്റ് ബ്ലാസ്റ്റേഴ്സ് കളിക്കാർക്ക് വരേണ്ടി വന്നു.
👀#CFCKBFC#ISL#LetsFootball#KeralaBlasters#ISLMomentspic.twitter.com/JuTjcRR38l
— Indian Super League (@IndSuperLeague) January 30, 2025
കേരളാ ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങൾ തമ്മിൽ പോരടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. ലൂണയുടെ ഭാഗത്താണോ നോവയുടെ ഭാഗത്താണോ ശരി എന്ന ചോദ്യവുമായി ആരാധകർ ഇരു ചേരുകളിലായി തിരിഞ്ഞു. പരസ്യമായി സഹതാരങ്ങൾ കലഹിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരിലും ആശങ്ക നിറച്ചു. ഇനി വരുന്ന മത്സരങ്ങളിൽ ഈ പോരിന്റെ അലയൊലികൾ ഉണ്ടായേക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.എന്നാൽ ആ സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുരുഷോത്തമൻ പ്രതികരിച്ചത്.
അസ്വഭാവികത ഇല്ലെന്ന് കോച്ച്
"ഫുട്ബോളിൽ ഇതെല്ലാം സ്വാഭാവികമാണ്. അതൊരു പ്രശ്നമല്ല. അവർ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ മൈതാനത്ത് സംഭവിക്കും എന്ന് ഇരുവർക്കും അറിയാം. അവർക്കിടയിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ല," ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുരുഷോത്തമനിൽ നിന്ന് വന്ന പ്രതികരണം ഇങ്ങനെ.
പ്രശ്നം പരിഹരിക്കുമെന്ന് ലൂണ
"ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും ഞാൻ നോവയോട് ആ വിധം പെരുമാറാൻ പാടില്ലായിരുന്നു. അവിടെ പാസ് സ്വീകരിക്കാൻ പാകത്തിൽ ഒരു താരം നോവയ്ക്ക് അടുത്ത് നിന്നിരുന്നു. നോവയ്ക്ക് അവിടെ പാസ് നൽകാമായിരുന്നു. ഡ്രസ്സിങ് റൂമിൽ പോയി നോവയോട് ഞാൻ ഇതേ കുറിച്ച് സംസാരിക്കും. പ്രശ്നം പരിഹരിക്കും," ലൂണ പറഞ്ഞു.
പ്ലേഓഫ് പ്രതീക്ഷകൾ അണയാതെ കാക്കാൻ ചെന്നൈയിൻ എഫ്സിക്കെതിരായ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എന്നാൽ വരും മത്സരങ്ങളിൽ നോവ-ലൂണ സഖ്യത്തിലുണ്ടായ അസ്വാരസ്യം ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. ഫെബ്രുവരി 15ന് മോഹൻ ബഗാന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തണം എങ്കിൽ ഇനി വരുന്ന അഞ്ച് കളിയും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കണം.
Read More
- Kerala Blasters: സഹതാരമാണോ എന്നൊന്നും നോക്കില്ല; കാരണം ലൂണ രണ്ടും കൽപ്പിച്ചാണ്; സംശയമുണ്ടെങ്കിൽ കണക്ക് നോക്കൂ
- പവൻ ശ്രീധർ 'പവറായി'; കർണ്ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച ലീഡ്
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വീഴ്ത്തി; വിൽമറിന്റെ ചുവപ്പു കാർഡ് മഞ്ഞ കാർഡായി ചുരുക്കി
- Sanju Samson Injury: സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ച വിശ്രമം; കേരളത്തിനും തിരിച്ചടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.