/indian-express-malayalam/media/media_files/uploads/2021/06/Ganguly-1200.jpg)
ഫയൽ ചിത്രം
ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒമിക്രോൺ വ്യാപനം സംബന്ധിച്ച സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ ആദ്യം റിപ്പോർട്ട് ചെയ്തത്.
"പര്യടനം ഇപ്പോഴും നിലനിൽക്കുന്നു, തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത് ഡിസംബർ 17നാണ്. ഞങ്ങൾ അതിനെക്കുറിച്ച് ആലോചിക്കും" ഒരു പ്രൊമോഷണൽ പരിപാടിക്കിടെ ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
മുംബൈയിൽ ന്യൂസിലൻഡിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിനു ശേഷം ജൊഹാനസ്ബർഗിലേക്ക് തിരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പദ്ധതി. ഡിസംബർ എട്ടിനോ ഒമ്പതിനോ പ്രത്യേക വിമാനത്തിലാണ് ടീം ദക്ഷിണാഫ്രിക്കയിൽ എത്തുക.
"കളിക്കാരുടെ ആരോഗ്യവും സുരക്ഷയും തന്നെയാണ് ബിസിസിഐ എപ്പോഴും മുൻതൂക്കം നൽകുന്നത്, അതിനു കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുകയെന്നു നോക്കും" അദ്ദേഹം പറഞ്ഞു.
Also Read: IPL Retention List: രോഹിത് മുംബൈയില്‍ തുടരുന്നത് റെക്കോര്‍ഡ് തുകയ്ക്ക്; സഞ്ജുവിന് 14 കോടി
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമാണ് കളിക്കുക.
പൂർണമായ ശാരീരിക ക്ഷമത വീണ്ടെടുത്ത ശേഷം ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്നും ഗാംഗുലി പറഞ്ഞു. "അദ്ദേഹം നല്ല ക്രിക്കറ്ററാണ്, ഇപ്പോൾ ഫിറ്റല്ല, അതാണ് അയാൾ ടീമിൽ ഇല്ലാത്തത്. അദ്ദേഹം ചെറുപ്പമാണ്, പരുക്കിൽ നിന്നും മുക്തനായി അയാൾ തിരിച്ചെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്"
അടുത്തിടെ, കപിൽ ദേവ് വരെ ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തുന്നത് ചോദ്യം ചെയ്തിരുന്നു. "ഹാർദിക്കിനെ കപിൽ ദേവുമായി താരതമ്യം ചെയ്യരുത്. അദ്ദേഹം വേറെ ഒരു വിഭാഗത്തിലാണ്" ഗാംഗുലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.