/indian-express-malayalam/media/media_files/uploads/2021/12/kohli-kapil-dev-1200.jpg)
വിരാട് കോഹ്ലി ഇന്നലെ പത്രസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങൾ ബിസിസിഐയുമായുള്ള അകൽച്ച വ്യക്തമാക്കിയെന്ന് ലോകകപ്പ് നേടിയ ഇന്ത്യൻ നായകൻ കപിൽ ദേവ്. നായകസ്ഥാനം സംബന്ധിച്ച കോഹ്‌ലിയുടെ പ്രതികരണങ്ങൾ ശരിയായ സമയത്ത് അല്ലെന്നും ഒരു വലിയ പര്യടനത്തിനു മുൻപ് അത് ഒട്ടും രസകരമല്ലാത്ത വിവാദമുണ്ടാക്കിയെന്നും കപിൽ ദേവ് പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പുറപ്പെടും മുൻപ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ടി20 നായകസ്ഥാനത്തു നിന്നും മാറരുതെന്ന് ബിസിസിഐ പറഞ്ഞിട്ടില്ലെന്ന് കോഹ്ലി പറഞ്ഞിരുന്നു. നേരത്തെ സൗരവ് ഗാംഗുലി പറഞ്ഞതിനെ തള്ളുന്നതായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ഇത് കോഹ്‌ലിയും ബിസിസിഐയും തമ്മിലുള്ള പ്രശ്നങ്ങളെ തുറന്നുകാട്ടുന്നതാണെന്നാണ് വിലയിരുത്തൽ.
"ഈ സമയത്ത് ആരുടെയും നേരെ വിരൽ ചൂണ്ടുന്നത് നല്ലതല്ല. ദക്ഷിണാഫ്രിക്കൻ പര്യടനം വരുന്നു, ദയവായി പര്യടനത്തിൽ ശ്രദ്ധിക്കുക," കോഹ്‌ലിയുടെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ കപിൽ ‘എബിപി ന്യൂസി’നോട് പറഞ്ഞു.
“ബോർഡ് പ്രസിഡന്റ് ബോർഡ് പ്രസിഡന്റാണെന്ന് ഞാൻ പറയും, അതുപോലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഒരു വലിയ കാര്യമാണ്. എന്നാൽ പൊതുവേദികളിൽ പരസ്പരം മോശമായി സംസാരിക്കുന്നത് സൗരവ് ആയാലും കോഹ്‌ലി ആയാലും അതൊരു നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല." കപിൽ പറഞ്ഞു.
1983 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച 62-കാരൻ, സാഹചര്യം നിയന്ത്രിക്കാനും ടീമിനെ കുറിച്ച് ചിന്തിക്കാനും കോഹ്‌ലിയോട് അഭ്യർത്ഥിച്ചു. "ഒരു പര്യടനത്തിന് മുമ്പ് വിവാദമുണ്ടാക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല,” അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, കോഹ്ലിയുടെ പരാമർശങ്ങളിൽ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് പറഞ്ഞിട്ടില്ല; ഗാംഗുലിയെ തള്ളി കോഹ്‌ലി
ഡിസംബർ 26 ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി കോഹ്‌ലിയും സംഘവും വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ മൂന്ന് ഏകദിനങ്ങളും കളിക്കും.
ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് താൻ ആയിരിക്കില്ല ഏകദിന ക്യപ്റ്റനെന്ന് ബിസിസിഐ അറിയിച്ചിരുന്നതായി കോഹ്ലി ഇന്നലെ പറഞ്ഞിരുന്നു. തനിക്ക് കീഴിൽ ടീം ഒരു ഐസിസി ട്രോഫിയും നേടിയിട്ടില്ലാത്തതിനാൽ ആ തീരുമാനത്തിന്റെ കാരണങ്ങൾ തനിക്ക് മനസിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വൈറ്റ് ബോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കോഹ്ലി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.