ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് ബിസിസിഐ പറഞ്ഞിട്ടില്ലെന്ന് വിരാട് കോഹ്ലി. നായകസ്ഥാനത്തു നിന്നും മാറരുതെന്ന് ബിസിസിഐ പറഞ്ഞിരുന്നുവെന്ന ഗാംഗുലിയുടെ വാദം തള്ളുന്നതാണ് കോഹ്ലിയുടെ പ്രതികരണം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.
“ടി20 നായകസ്ഥാനം ഉപേക്ഷിക്കും മുൻപ് ഞാൻ ബിസിസിഐയോട് പറഞ്ഞിരുന്നു. എന്റെ കാഴ്ചപ്പാട് അവരോട് പറഞ്ഞു. ബിസിസിഐ അത് നന്നായി സ്വീകരിച്ചു. ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. പുരോഗമനപരമായ തീരുമാനം എന്നാണ് പറഞ്ഞത്. ഞാൻ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്ന് അവരോട് പറഞ്ഞു.” ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കോഹ്ലി പറഞ്ഞു.
“ആ സമയത്ത് ഞാൻ അവരോട് പറഞ്ഞിരുന്നു, സെലക്ടർമാർക്കോ ബിസിസിഐ അംഗങ്ങൾക്കോ ഞാൻ അതിൽ ഏതെങ്കിലും ഒന്ന് കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഉണ്ടെങ്കിൽ അതിൽ പ്രശ്നമില്ലെന്ന്. അത് ഞാൻ ടി20 നായകസ്ഥാനം സംബന്ധിച്ച് ബിസിസിഐയെ സമീപിച്ചപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. എനിക്ക് വിശ്രമം വേണമെന്ന് ഞാൻ ബിസിസിഐയോട് പറഞ്ഞിട്ടില്ല. ടീം സെലക്ഷന് ഒന്നരമണിക്കൂർ മുൻപാണ് അഞ്ചു സെലക്ടർമാരും എന്നെ വിളിച്ച് ഞാനായിരിക്കില്ല ക്യാപ്റ്റനെന്ന് പറഞ്ഞത്. അതിൽ എനിക്ക് പ്രശ്നമില്ല” കോഹ്ലി വ്യക്തമാക്കി.
Also Read: ഇടവേള വേണമെന്ന് കോഹ്ലി ആവശ്യപ്പെട്ടിട്ടില്ല; ഏകദിനത്തില്‍ കളിക്കും: ബിസിസിഐ വൃത്തങ്ങള്‍
കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടെന്ന് ഗാംഗുലി പറഞ്ഞിരുന്നു. അതിനെ തള്ളുന്നതാണ് കോഹ്ലിയുടെ ഈ പ്രതികരണം. ”ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ഞങ്ങൾ (ബിസിസിഐ) വിരാടിനോട് അഭ്യർത്ഥിച്ചിരുന്നു. ക്യാപ്റ്റനെ മാറ്റാൻ പദ്ധതിയില്ലായിരുന്നു. എന്നാൽ അദ്ദേഹം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, അതോടെ പരിമിത ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റൻസി വിഭജിക്കേണ്ടതില്ലെന്ന് സെലക്ടർമാർ തീരുമാനിച്ചു, പൂർണ്ണമായി വേർതിരിക്കാൻ തീരുമാനിച്ചു,” ഗാംഗുലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
എന്നാൽ ടി20 ക്യാപ്റ്റനായി തുടരാൻ കോഹ്ലി വിസമ്മതിച്ചതിനാൽ, സെലക്ടർമാർക്ക് എല്ലാ പരിമിത ഓവർ മത്സരങ്ങളിലേക്കും രോഹിത് ശർമ്മയെ നിയമിക്കേണ്ടിവന്നു. “രണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻമാർ വേണ്ടതില്ല എന്നതായിരുന്നു അതിന്റെ അടിസ്ഥാനം,” മുൻ ഇന്ത്യൻ ക്യാപ്റ്റൻ അന്ന് പറഞ്ഞു.
ഏകദിനപരമ്പരയിൽ നിന്നും വിശ്രമം ആവശ്യപ്പെട്ടു എന്ന വാർത്തകളും കോഹ്ലി നിഷേധിച്ചു. താൻ വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്നും ഏകദിന പരമ്പരയിൽ കളിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.
ഡിസംബർ 26നാണു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ്, മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പര്യടനത്തിൽ ഇന്ത്യ കളിക്കുക.