/indian-express-malayalam/media/media_files/uploads/2021/10/ganguly-kohli-fb.jpg)
ഫയല്‍ ചിത്രം
ന്യൂഡൽഹി: ടെസ്റ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞത് വിരാട് കോഹ്‌ലിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോഹ്‌ലിയുടെ തീരുമാനത്തെ ബിസിസിഐ അംഗീകരിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ എല്ലാ ഫോർമാറ്റിലും മുന്നോട്ട് നയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോറ്റതിന് ഒരു ദിവസത്തിനുശേഷം ഇന്നലെയാണ് കോഹ്ലി നായക പദവി ഒഴിഞ്ഞത്. ഏഴ് വർഷം ഇന്ത്യൻ ടീമിനെ നയിച്ച കോഹ്ലി ടെസ്റ്റിൽ ഇന്ത്യക്ക് അപൂർവ നേട്ടങ്ങൾ സമ്മാനിച്ച ശേഷമാണ് നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.
കോഹ്‌ലിക്ക് കീഴിൽ കളിച്ച 68 മത്സരങ്ങളിൽ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും പരമ്പര ജയങ്ങളാണ് അതിൽ എടുത്ത് പറയേണ്ടത്.
"വിരാടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം എല്ലാ ഫോർമാറ്റുകളിലും അതിവേഗം പുരോഗമിച്ചു ..അദ്ദേഹത്തിന്റെ തീരുമാനം തീർത്തും വ്യക്തിപരമാണ്, ബിസിസിഐ അതിനെ വളരെയധികം ബഹുമാനിക്കുന്നു.. ഭാവിയിൽ ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന അംഗമായിരിക്കും അദ്ദേഹം.” ഗാംഗുലി ട്വീറ്റ് ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയെ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻ 60 മത്സരങ്ങളിൽ 27 വിജയങ്ങളുള്ള ധോണിയാണ്. അതു കഴിഞ്ഞ് 21 വിജയങ്ങളുള്ള ഗാംഗുലിയും.
ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് (53), ഓസ്‌ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിംഗ് (48), സ്റ്റീവ് വോ (41) എന്നിവർക്ക് പിന്നിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കോഹ്ലി.
Also Read: ഈ കണക്കുകൾ പറയും എന്തുകൊണ്ട് കോഹ്ലി ഇന്ത്യയുടെ മികച്ച ടെസ്റ്റ് കാപ്റ്റനായിരുന്നെന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.