/indian-express-malayalam/media/media_files/uploads/2019/09/medvede.jpg)
ന്യൂയോര്‍ക്ക്: അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ദനില്‍ മെദ്‌വദേവ് റാഫേല്‍ നദാലിന് മുന്നില്‍ വീണത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും തിരികെ വരാന്‍ സഹായിച്ചത് ന്യൂയോര്‍ക്കിലെ കാണികളാണെന്നാണ് റഷ്യന്‍ താരം പറയുന്നത്.
ആദ്യ രണ്ട് സെറ്റുകളും കൈവിട്ട മെദ്‌വദേവ് മൂന്നാം സെറ്റില്‍ അതിശക്തമായി തിരികെ വരികയായിരുന്നു. അവസാന സെറ്റുവരെ കരുത്തോടെ പോരാടിയ താരം ചരിത്രനേട്ടത്തിന് തൊട്ടരികില്‍ വച്ചാണ് വീണത്.
''ആദ്യം തന്നെ റാഫയെ അഭിനന്ദിക്കുന്നു. 19 ഗ്രാൻസ്‌ലാം എന്നത് അവിശ്വസനീയ നേട്ടമാണ്. ടെന്നീസിനായി നിങ്ങള്‍ നല്‍കിയതെല്ലാം മഹത്തായ നിമിഷങ്ങളാണ്. നന്ദി, ആശംസകള്‍'' മെദ്‌വദേവ് മത്സരശേഷം പറഞ്ഞു. യുഎസ് ഓപ്പണിലെ പ്രധാന കാഴ്ചയായിരുന്നു കാണികളും മെദ്‌വദേവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍. ടൂര്‍ണമെന്റിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെ താരം കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. താരത്തിനെതിരെ കാണികള്‍ ടൂര്‍ണമെന്റിലുടനീളം കൂവിയിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തന്നെയായിരുന്നു താരത്തിന്റെ മറുപടികളും.
Read More: ഒരേയൊരു റാഫ, ഒരേയൊരു ചക്രവര്‍ത്തി; യുഎസ് ഓപ്പണ്‍ നദാലിന്
പക്ഷെ ഫൈനലിലേക്ക് എത്തുമ്പോഴേക്കും തന്നെ കൂവി വിളിച്ച അതേ കാണികളെ കൊണ്ട് കൈയ്യടിപ്പിച്ചിരിക്കുകയാണ് 23 കാരന്‍.
Humor.
Adulation.
Respect.
Congratulations on a remarkable two weeks, @DaniilMedwed!#USOpenpic.twitter.com/oKOkmboQTc
— US Open Tennis (@usopen) September 9, 2019
''സത്യം പറഞ്ഞാല്‍, എന്താണ് പ്രസംഗിക്കേണ്ടത് എന്നായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്. ഓരോ ഷോട്ടിലും പൊരുതണമെന്നായിരുന്നു. അത് ചെയ്തു. പക്ഷെ എനിക്കനുകൂലമായി ഫലത്തിലെത്തിയില്ല. ടൂര്‍ണമെന്റില്‍ മുമ്പ് ഞാന്‍ ഇത് മോശം രീതിയിലാണ് പറഞ്ഞത്, പക്ഷെ ഇപ്പോള്‍ നല്ല അർഥത്തില്‍ പറയുകയാണ്, നിങ്ങളുടെ ഊര്‍ജമാണ് എന്നെ ഫൈനലിലെത്തിച്ചത്. ഈ രാത്രി ഞാന്‍ മറക്കില്ല. ടെന്നീസ് ലോകത്തെ ഏറ്റവും വലിയ കോര്‍ട്ടിലാണ് ഞാന്‍ കളിച്ചത്'' താരം പറഞ്ഞു.
''നിങ്ങളാണ് ഇവിടെ വരെ എത്തിച്ചത്. നിങ്ങള്‍ക്ക് ടെന്നീസ് കാണണമായിരുന്നു, നിങ്ങള്‍ കാരണമാണ് ഞാന്‍ ഇത്ര വാശിയോടെ പൊരുതിയത്. നിങ്ങള്‍ എന്നെ കൂവിയതിന് കാരണമുണ്ട്. എനിക്കും മാറാനാകും, കാരണം ഞാനുമൊരു മനുഷ്യനാണ്. എനിക്കും തെറ്റ് പറ്റും. ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു'' താരം കൂട്ടിച്ചേര്‍ത്തു. നേരത്തെ കൂവിയ കാണികള്‍ ഇതോടെ നിര്‍ത്താതെ കൈയ്യടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.