/indian-express-malayalam/media/media_files/uploads/2020/06/Sachin-and-Buknar.jpg)
ഒരു കാലത്ത് ക്രിക്കറ്റിൽ അംപയറിങ്ങിലെ പിഴവുകൾ സ്വാഭാവികമായിരുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ വന്നതോടെ അംപയറിങ്ങിന്റെ ടെൻഷനും കുറഞ്ഞു. ക്രിക്കറ്റിലെ അംപയറിങ്ങിന്റെ പിഴവുകൾക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള താരമാണ് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ. രണ്ട് തവണ സച്ചിന്റെ വിക്കറ്റ് തെറ്റി വിധിച്ചതായി തുറന്നുപറയുകയാണ് മുൻ അംപയർ സ്‌റ്റീവ് ബക്‌നർ. രണ്ട് തവണ താൻ സച്ചിനെ തെറ്റായി പുറത്താക്കിയിട്ടുണ്ടെന്നും അത് മനഃപൂർവമല്ലെന്നും ഒരു റേഡിയോ അഭിമുഖത്തിൽ ബക്‌നർ തുറന്നുപറഞ്ഞു.
ഒരു തവണ ഓസ്‌ട്രേലിയയിൽവച്ചും മറ്റൊരു തവണ ഇന്ത്യയിൽവച്ചും ആയിരുന്നു താൻ സച്ചിനെ തെറ്റായി പുറത്താക്കിയതെന്നാണ് ബക്‌നർ പറയുന്നത്. "രണ്ടുതവണ സച്ചിനെതിരെ ഞാന്‍ വിധിച്ച ഔട്ട് തെറ്റായിരുന്നു. ഏതെങ്കിലും അംപയർമാർ മനഃപൂര്‍വം തെറ്റായി ഔട്ട് വിധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണ്," ബക്‌നർ പറഞ്ഞു.
Read Also: 2007ൽ വിരമിക്കാനൊരുങ്ങിയ സച്ചിൻ; ക്രിക്കറ്റിലെ അപൂർവ്വ നേട്ടങ്ങളിലേക്ക് മടങ്ങിയെത്താനുള്ള കാരണം
സച്ചിനെ രണ്ടുതവണ തെറ്റായി പുറത്താക്കിയിട്ടുണ്ട്. ഒരുതവണ ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ എൽബിഡബ്ല്യു അനുവദിക്കുകയായിരുന്നു. എന്നാൽ, അത് ഔട്ടല്ലെന്ന് പിന്നീട് വ്യക്തമായി. പന്ത് സ്റ്റംപിന് മുകളിലൂടെയാണ് പോയത്. എന്നാൽ, ഞാനത് വിക്കറ്റ് വിധിച്ചു. പിന്നീടൊരിക്കൽ ഇന്ത്യയിൽവച്ചുള്ള മത്സരത്തിലും തെറ്റായി വിക്കറ്റ് വിധിച്ചു. സച്ചിന്റെ ക്യാച്ച് അനുവദിക്കുകയായിരുന്നു. എന്നാൽ, ആ പന്ത് ബാറ്റിൽ സ്‌പർശിച്ചിട്ടില്ല. ബാറ്റിന്റെ അടുത്തെത്തിയപ്പോൾ പന്തിന്റെ ഗതി മാറിയിരുന്നു. എന്നാൽ, വിക്കറ്റ് വിധിച്ചു. മത്സരം ഈഡൻ ഗാർഡൻസിലായിരുന്നു. ഈഡൻ ഗാർഡൻസിൽ ഇന്ത്യ കളിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും കേൾക്കാൻ പറ്റില്ല. അത്രയേറെ ആളുകളാണ് അവിടെ ഇരുന്ന് ശബ്‌ദമുണ്ടാക്കുക. തെറ്റ് സംഭവിക്കുന്നതും അത് അംഗീകരിക്കുന്നതും മനുഷ്യസഹജമാണ്,” ബക്‌നർ പറഞ്ഞു.
2003 ൽ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം ബ്രിസ്‌ബനിൽവച്ചാണ് നടന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 323 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 62/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സച്ചിൻ എൽബിഡബ്ല്യുവിലൂടെ പുറത്തായത്. ബക്‌നർ ആയിരുന്നു അംപയർ. ഓസീസ് മുൻ പേസ് താരം ജേസൻ ഗില്ലസ്‌പിയാണ് ബോൾ എറിഞ്ഞത്. ഓസീസ് താരങ്ങൾ അപ്പീൽ ചെയ്‌തപ്പോൾ ബക്‌നർ വിക്കറ്റ് വിധിച്ചു. എന്നാൽ, സച്ചിനു ഇത് വിശ്വസിക്കാൻ സാധിച്ചില്ല.
Read Also: കുട്ടി നയൻസും വിഘ്നേഷും; വാർത്തകളോടുള്ള പ്രതികരണം ഇങ്ങനെ
വിക്കറ്റ് വിധിച്ചതും സച്ചിന്റെ മുഖഭാവം മാറി. അത് വിക്കറ്റല്ലെന്ന് സച്ചിനു ഉറപ്പായിരുന്നു. അംപയറിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വിധി സച്ചിൻ പ്രതീക്ഷിച്ചിട്ടില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം. റൺസൊന്നുമെടുക്കാതെയാണ് സച്ചിൻ ആ മത്സരത്തിൽ പുറത്തായത്. ടിവി റിപ്ലേകളിൽ അത് ഔട്ടല്ലെന്ന് വ്യക്തമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.