ക്രിക്കറ്റ് ലോകം കണ്ണീരോടെ കണ്ടിരുന്ന കാഴ്ചകളിലൊന്നാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിന്റെ വിരമിക്കൽ. 2013ലാണ് 24 വർഷത്തെ കളി ജീവിതത്തിന് സച്ചിൻ അവസാനമിട്ടത്. എന്നാൽ അതിനും ആറ് വർഷം മുമ്പേ താരം വിരമിക്കലിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നുവെന്നാണ് മുൻ പരിശീലകൻ ഗ്യാരി കിർസ്റ്റന്റെ പുതിയ വെളിപ്പെടുത്തൽ. 2007ൽ സച്ചിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കിർസ്റ്റൻ പറഞ്ഞു.
അന്ന് സച്ചിൻ കളിച്ചിരുന്ന പൊസിഷനിൽ സംതൃപ്തനല്ലായിരുന്നു എന്നതാണ് അതിന് കാരണം. ആ കാലയളവിൽ മൂന്നാം നമ്പരിലും നാലാം നമ്പരിലുമാണ് സച്ചിൻ കളിച്ചിരുന്നത്. എന്നാൽ മുൻ ദക്ഷിണാഫ്രിക്കൻ താരം കൂടിയായ ഗ്യാരി കിർസ്റ്റൻ ദേശീയ ടീം പരിശീലകനായതോടെയാണ് സച്ചിൻ വീണ്ടും ഓപ്പണറായി മടങ്ങിയെത്തുന്നതും.
Also Read: ക്രിക്കറ്റിന് പുതിയ അവതാരം: ഒരു മത്സരം, മൂന്ന് ടീമുകള്‍, 36 ഓവറുകള്‍
2008 മാർച്ചിൽ ഗ്യാരി പരിശീലകനായി എത്തിയതോടെ സച്ചിന്റെ കരിയറിലെ തന്നെ വലിയ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും അടുത്ത മൂന്ന് വർഷം സാക്ഷിയായി. 2008 മുതൽ 2011 വരെ ഏകദിനത്തിൽ മാത്രം 2149 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്. 2010ൽ ഏകദിനത്തിൽ ആദ്യ ഇരട്ട സെഞ്ചുറി പിറന്നതും സച്ചിന്റെ ബാറ്റിൽ നിന്നായിരുന്നു.
Also Read: ലഡാക്ക് ഏറ്റുമുട്ടൽ; വിവാദ ട്വീറ്റിന് പിന്നാലെ ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ്
“സച്ചിനുമൊത്ത് പരിശീലകനെന്ന നിലയിൽ മികച്ചൊരു യാത്ര തന്നെയായിരുന്നു. എന്നാൽ ഞാൻ ഇന്ത്യയിലേക്ക് വരുന്ന സമയത്ത് അദ്ദേഹം കളിയിൽ നിന്ന് വിരമിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചടുത്തോളം, സച്ചിന്റെ സ്വഭാവിക പൊസിഷനിൽ നിന്ന് മാറിയാണ് കളിച്ചിരുന്നത്. അത് അദ്ദേഹം ഒട്ടും ആസ്വദിച്ചിരുന്നില്ല. എന്നാൽ തന്റെ ഇഷ്ട സ്ഥലത്തെത്തിയ അദ്ദേഹം മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹം 19 സെഞ്ചുറികളും ഏകദിന ലോകകപ്പും നേടി,” ഗ്യാരി കിർസ്റ്റൻ പറഞ്ഞു.
താൻ മുഖ്യ പരിശീലകനായിരിക്കുമ്പോൾ സച്ചിന് ശരിയായ അന്തരീക്ഷം ഉറപ്പ് വരുത്താൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
“എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് മികച്ച അന്തരീക്ഷം ഒരുക്കുക മാത്രമാണ് ഞാൻ ചെയ്തത്. അദ്ദേഹത്തോട് എനിക്ക് ഒന്നും പറയേണ്ടതായിട്ടില്ല, കളി നന്നായി അറിയാവുന്ന ആളാണ്. അദ്ദേഹത്തിന് വേണ്ടത് ഒരു അന്തരീക്ഷം ആയിരുന്നു… അദ്ദേഹത്തെ മാത്രമല്ല എല്ലാവരേയും… അവർക്ക് സ്വയം മികച്ചതാക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം,” ഗ്യാരി കിർസ്റ്റൻ പറഞ്ഞു.
Also Read: കോഹ്ലിക്ക് ഗെയിലിന്റെ കരുത്തോ ഡിവില്ലേഴ്‌സിന്റെ കഴിവോ ഇല്ല: ഗൗതം ഗംഭീര്‍
ഇന്ത്യയ്ക്ക് 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഏകദിന ലോകകപ്പ് നേടിത്തന്ന പരിശീലകനാണ് ദക്ഷിണാഫ്രിക്കക്കാരൻ ഗ്യാരി കിർസ്റ്റൻ. 2011ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ ഗ്യാരി കിർസ്റ്റനായിരുന്നു മുഖ്യ പരിശീലകൻ. അന്ന് അദ്ദേഹത്തെ ചുമലിലേറ്റിയാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് വിജയം ആഘോഷിച്ചത്.