/indian-express-malayalam/media/media_files/uploads/2019/01/kohli-dhoni.jpeg)
പതിറ്റാണ്ടിന്റെ വിസ്ഡൺ ഏകദിന-ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. വിസ്ഡണിന്റെ റിവ്യു പാനലാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ തിരഞ്ഞെടുത്തത്.
ഇന്ത്യയില്‍ നിന്നും ഒരു താരത്തിന് മാത്രമാണ് ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചത്. നിലവിലെ ഇന്ത്യൻ നായകനും ഒന്നാം നമ്പർ ബാറ്റ്സ്മാനുമായ വിരാട് കോഹ്‌ലിയാണ് പതിറ്റാണ്ടിന്റെ മികച്ച ടെസ്റ്റ് ടീമിലെ ഇന്ത്യൻ സാന്നിധ്യം.
കോഹ്‌ലി ഈ പതിറ്റാണ്ടിലെ ടെസ്റ്റ് ടീമിനെ നയിക്കുമ്പോൾ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കാണ് ടീമില്‍ മുന്‍തൂക്കം. ഇരു രാജ്യങ്ങളിലെയും മൂന്നു വീതം കളിക്കാരെ ടീമിൽ ഉൾപ്പെടുത്തി. എ.ബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്‌ലി എന്നീ രണ്ട് താരങ്ങൾ മാത്രമാണ് ഏകദിന-ടെസ്റ്റ് ഇലവനിൽ ഒരേപോലെ സ്ഥാനംപിടിച്ച രണ്ട് താരങ്ങൾ.
Read Also: നിങ്ങൾ മികച്ച കളിക്കാരനാണ്; കോഹ്ലിയെ പുകഴ്ത്തി അഫ്രീദി
രണ്ട് ഫോർമാറ്റിലെയും മികച്ച പ്രകടനമാണ് ഇന്ത്യൻ നായകനെ ഇരു ടീമിലും തിരഞ്ഞെടുക്കാൻ കാരണമായത്. 31കാരനായ ഇന്ത്യൻ നായകൻ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. ഇതിനകം 70 രാജ്യാന്തര സെഞ്ചുറികൾ തന്റെ പേരിൽ കുറിച്ച ചരിത്രത്തിലെ മൂന്നാമത്തെ താരം മാത്രമാണ് അദ്ദേഹം.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ (100), റിക്കി പോണ്ടിങ് (71), എന്നിവർ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും 50-ലധികം ശരാശരിയുള്ള താരം 21,444 റൺസുമായി എക്കാലത്തെയും മികച്ച റൺ സ്‌കോറർമാരുടെ പട്ടികയിലും മൂന്നാം സ്ഥാനത്താണ്. കോഹ്‌ലിക്ക് മുന്നിലുളളത് പോണ്ടിങ്ങും (27,483), സച്ചിനും (34,357). എന്നാൽ സമീപ ഭാവിയിൽ ഇരുതാരങ്ങളെയും ഇന്ത്യൻ നായകൻ മറികടന്നേക്കാം.
പതിറ്റാണ്ടിന്റെ വിസ്ഡൺ ടെസ്റ്റ് ടീം
അലിസ്റ്റർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്‌ലി, എ.ബി ഡിവില്ലിയേഴ്സ്, ബെൻ സ്റ്റോക്സ്, ഡെയിൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, നഥാൻ ലിയോൺ, ജെയിംസ് ആൻഡേഴ്സൺ
അതേസമയം, ഈ പതിറ്റാണ്ടിലെ മികച്ച ഏകദിന ടീമിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്തു. 2007-ലും 2011-ലും രണ്ട് ലോക കിരീടങ്ങളിലേക്ക് ഇന്ത്യയെ നയിച്ച എം.എസ്.ധോണിയാണ് ഏകദിന ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ സ്വന്തം പേരിലാക്കി 2019 അവിസ്മരണീയമാക്കിയ രോഹിത് ശർമയാണ് ടീമിലെ ഓപ്പണർ. ഇന്ത്യൻ താരത്തിനൊപ്പം ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല ഓപ്പണറായി എത്തും.
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മൂന്നാമനായി എത്തുമ്പോൾ സുപ്രധാനമായ നാലാം നമ്പരിൽ സൂപ്പർ താരം ഡിവില്ലിയേഴ്‌സ് എത്തും. ഷാക്കിബ് അൽ ഹസൻ, ജോസ് ബട്‌ലർ, എം.എസ്.ധോണി, റാഷിദ് ഖാൻ, മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബോൾട്ട്, ലസിത് മലിംഗ എന്നിവരാണ് ടീമിലെ മറ്റ് സാന്നിധ്യങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.