/indian-express-malayalam/media/media_files/YmHO1kfMyGZEtLTJBRTD.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ ബിസിസിഐ, ഐപിഎൽ
മുംബൈ: ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലേക്കുള്ള തിരിച്ചുവരവാണ് ഇപ്പോൾ 2024 ഐപിഎൽ സംബന്ധിച്ച വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. പാണ്ഡ്യയുടെ വരവോടെ രോഹിത്ത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റുന്നുവെന്ന പ്രഖ്യാപനവും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് നടത്തി. എന്നാൽ, ഈ തീരുമാനം മുംബൈ ഇന്ത്യൻസ് ക്യാമ്പിന് അത്ര ദഹിച്ചിട്ടില്ലെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഹാർദിക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്നും തിരികെ മുംബൈയിലേക്കെത്തിച്ച തീരുമാനത്തിന് പിന്നാലെ 'മൗനമാണ് ചില സമയങ്ങളിലെ ഏറ്റവും നല്ല ഉത്തരം' എന്ന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ജസ്പ്രീത് ബുംറ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. രോഹിത്തിന് പിൻഗാമിയായി മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താൻ സാധ്യത കൽപ്പിച്ചിരുന്ന താരമാണ് ബുംറ. വർഷങ്ങളായി മുംബൈ ഇന്ത്യൻസിനൊപ്പമുള്ള ബുംറയുടെ പ്രതികരണം മുംബൈ ഡ്രസ്സിംഗ് റൂമിന് ചില്ലറ തലവേദനയാവില്ല സീസണിൽ സൃഷ്ടിക്കുക.
അതിന് ആക്കം കൂട്ടുന്ന തരത്തിൽ വൈകാരിക പ്രതികരണവുമായി മുംബൈ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് സൂര്യകുമാറും രോഹിത്തിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വൈകാരിക പ്രതികരണം നടത്തിയിരിക്കുന്നത്. ഹൃദയം തകർന്നുവെന്ന് സൂചിപ്പിക്കുന്ന ഇമോജിയാണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്. അടുത്ത സമയത്ത് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമായി നടന്ന ടി20 പരമ്പരകളിൽ ഇന്ത്യയെ നയിച്ചത് സൂര്യകുമാറായിരുന്നു.
മുംബൈ ഇന്ത്യൻസിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ താരം രോഹിത്തിന് പിൻഗാമിയായി മുംബൈയുടെ നായകസ്ഥാനത്തേക്ക് എത്താൻ സാധ്യത ഏറെയായിരുന്നു. 2015 മുതൽ മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ ഐപിഎൽ കളിക്കുന്ന ജസ്പ്രീത് ബുംറ, നായക സ്ഥാനത്തിൽ കണ്ണുവെച്ചിരുന്ന വ്യക്തിയാണ്. ആ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ച് കൊണ്ടാണ് ഓൾറൗണ്ടറായ ഹാർദിക്കിനെ മുംബൈ തിരികെ എത്തിച്ചിരിക്കുന്നത്. രോഹിത്തിന്റെ അഭാവത്തിൽ നേരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് എത്തുവാൻ ബുംറയ്ക്ക് സാധിച്ചിരുന്നു.
മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി നായകനെ മാറ്റുന്ന സംഭവം ഇതാദ്യമല്ല. നേരത്തെ 2013 ഐപിഎൽ സീസണിൽ ഇത്തരത്തിൽ തീർത്തും അപ്രതീക്ഷിതമായാണ് രോഹിത് ശർമ്മയും നായക സ്ഥാനത്തേക്ക് കടന്നുവരുന്നത്. അന്ന് ടീമിനെ നയിച്ചിരുന്ന റിക്കി പോണ്ടിങ്ങിനെ, സീസണിലെ ടീമിന്റെ മോശം തുടക്കത്തെ തുടർന്ന് നായക സ്ഥാനത്തു നിന്നും മാറ്റാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. പോണ്ടിങ്ങിനെ മാറ്റി രോഹിത്തിനെ കൊണ്ടുവന്ന ആ തീരുമാനത്തിന്റെ പ്രതിഫലനം ടീമിന്റെ ആദ്യ ഐപിഎൽ ടൈറ്റിൽ നേട്ടത്തിലാണ് കലാശിച്ചത്.
Read More Sports Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.