/indian-express-malayalam/media/media_files/uploads/2022/08/Ponting-Yadav.jpg)
ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ ഓസിസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ശൈലിയാണ് സൂര്യകുമാറിനെന്നും മൈതാനത്തിന്റെ ഏത് കോണിലേക്കും പന്ത് പായിക്കാന്‍ കഴിവുള്ള 360 ഡിഗ്രി കളിക്കാരനാണ് താരമെന്നും പോണ്ടിങ് പറഞ്ഞു.
''സൂര്യകുമാര്‍ യാദവ് മൈതാനത്തിന് ചുറ്റും 360 ഡിഗ്രിയില്‍ കളിച്ച് സ്‌കോര്‍ ചെയ്യുന്നു, എബി ഡിവില്ലിയേഴ്സ് തന്റെ പ്രതാപകാലത്ത് കളിച്ചതു പോലെ, ലേറ്റ് കട്ടും കീപ്പറുടെ തലക്ക് മുകളിലൂടെ പറത്തുന്ന ഷോട്ടുകളും അങ്ങനെ എന്തും അവന് കളിക്കാന്‍ സാധിക്കുന്നു, പേസിനെതിരെയും സ്പിന്നിനെതിരെയും ഒരുപോലെ കളിക്കുന്ന സൂര്യ മികച്ച ലെഗ് സൈഡ് കളിക്കാരനുമാണ്.'' ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ പോണ്ടിങ് പറഞ്ഞു.
31 കാരനായ സൂര്യകുമാര്‍ യാദവ് ഇതുവരെ 23 ടി20 മത്സരങ്ങളില്‍ നിന്ന് 37.33 ശരാശരിയിലും 175.45 സ്ട്രൈക്ക് റേറ്റില്‍ 672 റണ്‍സ് നേടിയിട്ടുണ്ട്, ഇപ്പോള്‍ ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങിൽ പാക്കിസ്ഥാൻ നായകന്‍ ബാബര്‍ അസമിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് താരം.
''ആത്മവിശ്വാസത്തോടെയാണ് ഓരോ മത്സരവും സൂര്യ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തിലും ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ചങ്കുറപ്പും അവനുണ്ട്. ഏത് സാഹചര്യത്തിലും ടീമിനെ ജയിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ നിങ്ങള്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു. അയാള്‍ ടീമിലുണ്ടെങ്കില്‍ ഓസ്ട്രേലിയയിലെ എല്ലാ ആരാധകർക്കും മികച്ച ഒരു കളിക്കാരനെ കാണാന്‍ സാധിക്കുമെന്ന് കരുതുന്നു'' പോണ്ടിങ് പറഞ്ഞു.
'അവന്‍ തികച്ചും ആത്മവിശ്വാസമുള്ള വ്യക്തിയാണ്. അവന്‍ സ്വയം പിന്താങ്ങുന്നു, ഗെയിമില്‍ ഉണ്ടാകുന്ന വെല്ലുവിളിയില്‍ നിന്നോ മറ്റേതെങ്കിലും സാഹചര്യത്തില്‍ നിന്നോ അവന്‍ ഒരിക്കലും പിന്മാറാന്‍ പോകുന്നില്ല. തനിക്ക് ആ സാഹചര്യം ജയിക്കാമെന്നും അതിനാല്‍ തന്റെ ടീമിനായി ഗെയിം വിജയിപ്പിക്കാമെന്നും അദ്ദേഹം കരുതുന്നു.
''ബാറ്റിങ്ങിൽ സൂര്യകുമാറിന് ആദ്യ നാലില്‍ ഇടം കണ്ടെത്തണം. വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ തന്നെ തുടരണം. സൂര്യകുമാറിനെ ഓപ്പണറായി ഒന്നാമതോ രണ്ടാമതോ നാലാമതോ ഇറക്കാം. പക്ഷെ ന്യൂബോളില്‍ നിന്ന് മാറ്റി നിര്‍ത്തി നാലാം നമ്പറിലിറക്കി മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണ് നല്ലത്. കാരണം മധ്യ ഓവറുകളില്‍ അവന്‍ ഒരറ്റത്ത് ഉണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം,'' പോണ്ടിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.