/indian-express-malayalam/media/media_files/uploads/2020/08/Suresh-Raina-MS-Dhoni.jpg)
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന മുൻ നായകൻ എംഎസ് ധോണിയുടെ പ്രഖ്യാപനം ആരാധകരിലുണ്ടാക്കിയ ആഘാതം അലയടിക്കുന്നതിനിടയിൽ തന്നെയാണ് മറ്റൊരു ഇന്ത്യൻ താരം സുരേഷ് റെയ്നയും ക്രീസിനോട് വിടപറയുന്നതായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 15 ഇന്ത്യൻ ചരിത്രത്തിലേതെന്നുപോലെ തന്നെ ഇനി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലും പ്രാധാന്യമുള്ള ദിവസമായിരിക്കും. ഒരു ഇതിഹാസ നായകന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തന്റെയും പടിയിറക്കത്തിന്റെ ദിവസമായി ഓഗസ്റ്റ് 15 അടയാളപ്പെടുത്തുന്നതും ഇക്കാരണത്താൽ തന്നെ.
എന്തുക്കൊണ്ടാണ് എംഎസ് ധോണി ഓഗസ്റ്റ് 15 തന്നെ വിരമിക്കൽ പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തത് എന്ന് സംബന്ധിച്ച നിരവധി വാദങ്ങൾ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും സജീവമാണ്. ആ സംശയത്തിനെല്ലാം ഉത്തരം തരുകയാണ് സുരേഷ് റെയ്ന. ഓഗസ്റ്റ് 15ന് ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിൽ ചേർന്ന ശേഷമാണ് ഇരുവരും രാജ്യാന്തര കരിയറിലെ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
Also Read: ഇനി ചെന്നൈയുടെ മാത്രം; നീലകുപ്പായമഴിക്കുമ്പോൾ മഞ്ഞയിൽ 'തല'യുയർത്തി ധോണി
ഡെയ്നിക് ജാർഗനുമൊത്തുള്ള ഒരു അഭിമുഖത്തിലാണ് എന്തുകൊണ്ട് ഓഗസ്റ്റ് 15 എന്ന ചോദ്യത്തിന് റെയ്ന ഉത്തരം നൽകിയത്. ധോണി ചെന്നൈയിലെത്തിയ ശേഷം വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് തനിക്കുറപ്പായിരുന്നു എന്ന് പറഞ്ഞ റെയ്ന അതിനാൽ താൻ മാനസികമായി തയ്യാറെടുത്തിരുന്നതായും വ്യക്തമാക്കി.
"ശനിയാഴ്ച (ഓഗസ്റ്റ് 15) വിരമിക്കാൻ ഞങ്ങൾ നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. ധോണിയുടെ ജേഴ്സി നമ്പർ 7 ഉം എന്റേത് 3 ഉം ആണ് - ഇത് ഒരുമിച്ച് ചേർക്കുമ്പോൾ, അത് 73 ആകും. ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 73 വർഷം പൂർത്തിയാക്കി, അതിനാൽ ഇതിലും മികച്ച ഒരു ദിവസം ഉണ്ടാകുമായിരുന്നില്ല,” റെയ്ന പറഞ്ഞു.
Also Read: ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകം
നേരത്തെ കഴിഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന്റെ പാർട്ടിക്കിടയിൽ ടി20 ലോകകപ്പോടെ താൻ വിരമിക്കുന്നു ധോണി ഒരു താരത്തോടും മാത്രം വെളിപ്പെടുത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റെയ്ന ഓഗസ്റ്റ് 15ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയെങ്കിലും അടുത്ത ദിവസമാണ് ബിസിസിഐയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാൽ ധോണി പ്രോട്ടോക്കോൾ പാലിച്ച് തന്നെയാണ് വിരമിക്കൽ നടത്തിയത്. ഓഗസ്റ്റ് 15 രാത്രി 7.29 മുതൽ താൻ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.