രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി മറ്റാർക്കും നൽകരുതെന്ന് ആവശ്യം. ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി അദ്ദേഹത്തോടുള്ള ആദരസൂചകമായി മറ്റ് കളിക്കാർക്കൊന്നും നൽകരുതെന്ന് ഇന്ത്യൻ താരങ്ങൾ തന്നെ ബിസിസിഐയോട് ആവശ്യപ്പെട്ടു. ധോണിയോടുള്ള ആദരസൂചകമായി പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് ‘ജേഴ്‌സി നമ്പർ 7’ പിൻവലിക്കണമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ദിനേശ് കാർത്തിക് ആവശ്യപ്പെട്ടു.

Read Also: ഒരു റൺഔട്ടിൽ നിന്ന് മറ്റൊരു റൺഔട്ടിലേക്കുള്ള ദൂരം; ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിയെഴുതിയ ഒന്നരപതിറ്റാണ്ട്

ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പരിമിത ഓവർ ക്രിക്കറ്റിൽ നിന്നു പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യ താരമാണ് ദിനേശ് കാർത്തിക്. ധോണിയുടെ വിരമിക്കിൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് കാർത്തിക് ഇക്കാര്യം ആവശ്യപ്പെട്ടത്. 2019 ക്രിക്കറ്റ് ലോകകപ്പ് സെമി ഫെെനൽ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് ശേഷം ഇരുവരും ചേര്‍ന്നെടുത്ത ചിത്രം സഹിതമാണ് കാർത്തിക്കിന്റെ ട്വീറ്റ്. വെെറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി ബിസിസിഐ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാർത്തിക് ട്വീറ്റ് ചെയ്‌തു. ധോണിയുടെ രണ്ടാം ഇന്നിങ്‌സിന് എല്ലാവിധ ആശംസകൾ നേരുന്നതായും കാർത്തിക് ട്വീറ്റ് ചെയ്‌തു.

ക്രിക്കറ്റിൽ നിന്നു ഒരു ജേഴ്‌സി പിൻവലിക്കാൻ ബിസിസിഐക്ക് അധികാരമുണ്ട്. ഐസിസി ഇതിനു തടസങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. നേരത്തെ സച്ചിൻ ടെൻഡുൽക്കറിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് ഇത്തരത്തിൽ പിൻവലിച്ചിട്ടുള്ളത്. സച്ചിനോടുള്ള ആദരസൂചകമായിട്ടാണ് പത്താം നമ്പർ ജേഴ്‌സി പിൻവലിച്ചത്. ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കുന്നത് അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരമാണെന്ന് ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ അംഗവും മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റനുമായ ശാന്ത രംഗസ്വാമി പറയുന്നു. താരങ്ങളുടെ ജേഴ്‌സി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള അധികാരം ഐസിസി അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് നൽകിയിട്ടുണ്ട്. ധോണിയുടെ ആരാധകരും ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുക്കും.

ഇന്നലെ വളരെ നാടകീയമായാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. ധോണിയുടെ 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ ഇതോടെ അവസാനിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook