/indian-express-malayalam/media/media_files/uploads/2019/08/smith.jpg)
വിലക്കിനുശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഓസിസ് താരം സ്റ്റീവ് സ്മിത്ത് തന്റെ വീര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ആഷസ് പരമ്പരയിൽ തന്നെ തെളിയിച്ചതാണ്. ഓരോ മത്സരങ്ങൾ കഴിയും തോറും പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും കൂടുതൽ റൺസ് കണ്ടെത്താനും താരത്തിന് സാധിച്ചു. പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി സ്മിത്ത് പിന്നിട്ടിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 7000 റൺസ്. 126 ഇന്നിങ്സുകളിൽനിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
റൺ ശാരാശരിയിലും ചരിത്ര നേട്ടം സ്വന്തമാക്കിരിക്കുകയാണ് സ്മിത്ത്. ഏറ്റവും ഉയർന്ന റൺശരാശരിയിൽ 7000 റൺസ് തികയ്ക്കുന്ന താരമാണ് സ്മിത്ത് ഇപ്പോൾ. 63.75 റൺശരാശരിയിലാണ് താരം ബാറ്റ് വീശുന്നത്. റൺശരാശരിയിൽ സ്മിത്തിന് മുന്നിലുള്ള താരവും സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ്. 99.94 ആണ് ബ്രാഡ്മാന്റെ റൺ ശരാശരി. 7000 റൺസ് തികച്ച താരങ്ങളിൽ 60 റൺസിന് മുകളിൽ ശരാശരി സ്കോർ ചെയ്ത ഏക താരവും സ്മിത്താണ്. ബ്രാഡ്മാൻ 7000 റൺസ് നേടിയിട്ടില്ല.
Also Read: അതിവേഗം 7000 റൺസ്; 73 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി സ്‌മിത്ത്
ക്രിക്കറ്റ് ചരിത്രത്തിലെ 73 വർഷം പഴക്കമുള്ള റെക്കോർഡാണ് അതിവേഗം 7000 റൺസ് തികച്ച് സ്മിത്ത് തിരുത്തിയത്. വെറും 126 ഇന്നിങ്സുകളിൽ നിന്നുമാണ് സ്‌മിത്ത് 7000 റൺസ് തികച്ചത്. ഇംഗ്ലീഷ് താരം വാലി ഹമ്മോണ്ട് 73 വർഷം മുമ്പ് 131 ഇന്നിങ്സുകളിൽനിന്ന് 7000 റൺസ് തികച്ചിരുന്നു. ഈ റെക്കോർഡാണ് ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. അഡ്‌ലെയിഡിൽ നടക്കുന്ന പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലായിരുന്നു സ്മിത്ത് നാഴികക്കല്ല് പിന്നിട്ടത്.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗാണ് ഈ പട്ടികയിൽ മൂന്നാമത്. 134 ഇന്നിങ്സുകളിൽ നിന്നുമാണ് സെവാഗ് 7000 റൺസ് കടന്നതെങ്കിൽ നാലാം സ്ഥാനത്തുള്ള സച്ചിൻ ടെണ്ടുൽക്കറിന് വേണ്ടിവന്നത് 136 ഇന്നിങ്സുകളാണ്. 138 ഇന്നിങ്സുകളിൽ 7000 റൺസ് തികച്ച വിരാട് കോഹ്‌ലി, ഗ്യാരി സോബേഴ്സ്, കുമാർ സംഗക്കാര എന്നിവരാണ് പിന്നിൽ. ബാറ്റിങ് ശരാശരിയിൽ കോഹ്‌ലി സ്‌മിത്തിനേക്കാൾ ബഹുദൂരം പിന്നിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.