/indian-express-malayalam/media/media_files/uploads/2020/11/Rohit-and-Ganguly-1.jpg)
രോഹിത് ശർമയെ ഓസീസ് പര്യടനത്തിനുള്ള ഏകദിന, ടി 20 ടീമിൽ ഉൾപ്പെടുത്താത്തതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎൽ മത്സരത്തിനിടെ തുടയുടെ പിൻഭാഗത്തുള്ള മാംശപേശികൾക്ക് പരുക്കേറ്റതാണ് രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. എന്നാൽ, പിന്നീട് ഐപിഎല്ലിലെ ഫൈനലിലടക്കം രോഹിത് കളിച്ചിരുന്നു. നേരത്തെ ഓസീസ് പര്യടനത്തിൽ നിന്ന് രോഹിത്തിനെ പൂർണമായി ഒഴിവാക്കുകയായിരുന്നു. ഒടുവിൽ ടെസ്റ്റ് ടീമിലേക്ക് രോഹിത്തിനെ ചേർത്തു.
രോഹിത് പരുക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നും അതുകൊണ്ടാണ് ആദ്യം നടക്കാനിരിക്കുന്ന ഏകദിന, ടി 20 മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി ടെസ്റ്റ് ടീമിൽ മാത്രം ഉൾപ്പെടുത്തിയതെന്നും ഗാംഗുലി വിശദീകരിച്ചു. രോഹിത് പരുക്കിന്റെ പിടിയിൽ നിന്ന് നൂറ് ശതമാനം പുറത്തുകടന്നിട്ടില്ല. പരുക്കിൽ നിന്ന് മുക്തനാകുന്നതിനൊപ്പം മറ്റ് ചില കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ അദ്ദേഹത്തിന് 70 ശതമാനം സ്ഥിരതയാണ് ഇപ്പോൾ ഉള്ളത്. ഫിറ്റ്‌നസ് കുറച്ചുകൂടി വീണ്ടെടുക്കാനുണ്ട്. അതുകൊണ്ടാണ് ഏകദിന, ടി 20 പരമ്പരയിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയത്. പരുക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന വൃദ്ധിമാൻ സാഹയുടെ ഫിറ്റ്‌നസും ബിസിസിഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Read Also: ലോകകപ്പ് യോഗ്യത മത്സരം: ബ്രസീലിന് ജയം, വെനസ്വേലയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്
രോഹിത് ശർമയ്‌ക്ക് പരുക്കാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഓസീസ് പര്യടനത്തിൽ നിന്നും ഒഴിവാക്കിയതെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഐപിഎല്ലിൽ സൺറെെസേഴ്‌സ് ഹെെദരബാദിനെതിരായ മത്സരത്തിൽ മുംബെെ ഇന്ത്യൻസിനുവേണ്ടി രോഹിത് കളിക്കാനിറങ്ങിയത്.
ഇന്ത്യൻ സെലക്‌ടേഴ്‌സിനെ പിന്തുണയ്‌ക്കുകയാണ് നേരത്തെയും ഗാംഗുലി ചെയ്‌തത്. “രോഹിത്തിന് പരുക്കാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്. പരുക്ക് ഇല്ലായിരുന്നെങ്കിൽ രോഹിത്തിനെ പോലൊരു താരത്തെ ഞങ്ങൾ ഒഴിവാക്കുമായിരുന്നോ? ഇന്ത്യൻ ടീം വെെസ് ക്യാപ്‌റ്റനാണ് അദ്ദേഹം. രോഹിത്തിനെ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രോഹിത്തിന് എപ്പോൾ തിരിച്ചുവരാൻ സാധിക്കുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. പരുക്കിൽ നിന്ന് മുക്തനായി അദ്ദേഹം തിരിച്ചുവരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മികച്ച താരങ്ങൾ കളി കളത്തിൽ ഉണ്ടാകുക എന്നത് ബിസിസിഐയുടെ ലക്ഷ്യമാണ്. പരുക്കിൽ നിന്ന് മുക്തനായാൽ അദ്ദേഹം തീർച്ചയായും ടീമിൽ തിരിച്ചെത്തും.” പിടിഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.