/indian-express-malayalam/media/media_files/uploads/2019/09/dhoni-kumble.jpg)
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും അവസാനിക്കുന്നില്ല. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഇതിഹാസ താരം അനില്‍ കുംബ്ലെ. നിലവിലെ ഇന്ത്യന്‍ ടീമില്‍ ധോണിയ്ക്ക് സ്ഥാനമില്ലെന്നും സെലക്ടര്‍മാര്‍ ഇതേ കുറിച്ച് ധോണിയുമായി സംസാരിക്കണമെന്നുമാണ് കുംബ്ലെ പറയുന്നത്.
''എനിക്കുറപ്പില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഋഷഭ് പന്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ടി20യില്‍. അതുകൊണ്ട് ശരിയായ ചര്‍ച്ച നടക്കണം. മാന്യമായൊരു യാത്രയയപ്പ് നല്‍കണം. അവനത് അര്‍ഹിക്കുന്നു'' 2008 ല്‍ കുംബ്ലെയില്‍ നിന്നുമാണ് ധോണി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.
അതേസമയം, ധോണിയുടെ പിന്‍ഗാമിയായ വിലയിരുത്തുന്ന പന്ത് തനിക്ക് ലഭിച്ച അവസരങ്ങളില്‍ സ്ഥിരത പുലര്‍ത്തിയിട്ടില്ലെന്നും കുംബ്ലെ പറഞ്ഞു. അതിനാല്‍ സെലക്ഷന്‍ കമ്മിറ്റി വിഷയം ഗൗരവ്വമായി തന്നെ കാണണമെന്നും കുംബ്ലെ പറഞ്ഞു.
''പന്ത് സ്ഥിരതയില്ലായ്മ കാണിക്കുന്നുണ്ട്. അതില്‍ തീരുമാനം എടുക്കേണ്ടത് സെലക്ടര്‍മാരാണ്. പന്തിനെയാണോ അതോ മറ്റ് ആരെയെങ്കിലുമാണോ പിന്തുണയ്‌ക്കേണ്ടതെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കണം''
ഭാവി കാര്യങ്ങള്‍ ധോണിയുമായി സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യണമെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. അടുത്ത കൊല്ലം ടി20 ലോകകപ്പ് നടക്കാനിരിക്കെ വളരെ വേഗത്തില്‍ തന്നെ സെലക്ടര്‍മാര്‍ താരങ്ങളെ കണ്ടെത്തണ്ടതുണ്ടെന്നും കുംബ്ലെപറഞ്ഞു.
''ടീമിനെ ഓര്‍ത്ത്, സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തണം, സംസാരിക്കണം. കാര്യങ്ങള്‍ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ധോണി ലോകകപ്പില്‍ കളിക്കണമെന്നാണെങ്കില്‍ അവന്‍ എല്ലാ മത്സരവും കളിക്കണം. ഇല്ലെങ്കില്‍ അടുത്ത നടപടി സ്വീകരിക്കണം. ഇതെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ തീരുമാനിക്കണം'' അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.