/indian-express-malayalam/media/media_files/uploads/2021/11/sachin-tendulkar-points-out-indias-weakness-576212-FI.jpg)
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ന്യൂസിലന്‍ഡിനെതിരായ എട്ട് വിക്കറ്റിന്റെ തോല്‍വി. ചിരവൈരികളായ പാക്കിസ്ഥാനോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും അവസാന നാലില്‍ എത്താന്‍ കിവികളോട് ജയം അനിവാര്യമായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ പ്രകടനം വിശകലനം ചെയ്തുകൊണ്ട് മുന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ചില ആശങ്കകളും പ്രകടിപ്പിച്ചു. "ഒരു കാര്യമാണ് പ്രധാനമായും എന്റെ ശ്രദ്ധയില്‍ പെട്ടത്. തങ്ങളുടെ ബോളുകള്‍ വ്യത്യസ്ത കലര്‍ത്തി എറിയുന്ന (ഗൂഗ്ലി, ടോപ് സ്പിന്‍, ഫ്ലിപ്പര്‍) ലെഗ് സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്," സച്ചിന്‍ ചൂണ്ടിക്കാണിച്ചു.
"ന്യൂസിലന്‍ഡ് സ്പിന്നറായ ഇഷ് സോദിയെ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. മിച്ചല്‍ സാറ്റ്നര്‍ അദ്ദേഹത്തിന് പിന്തുണയും നല്‍കി. ഇരുവരും എട്ട് ഓവറില്‍ നല്‍കിയത് കേവലം 32 റണ്‍സ് മാത്രമാണ്. മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ അവര്‍ക്കായി എന്ന് പറയാം. ഈ മേഖലയാണ് നാം മെച്ചപ്പെടുത്തേണ്ടതെന്ന് തോന്നുന്നു," സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ബോളര്‍മാരുടെ പ്രകടനത്തേയും മുന്‍ താരം വിലയിരുത്തി. "ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കുമ്പോള്‍ ആദ്യ ആറ് ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ എങ്കിലും നേടണം. നമ്മള്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയില്ല. ജസ്പ്രിത് ബുംറ ഒരു വിക്കറ്റ് നേടിയെങ്കിലും മത്സരത്തില്‍ സ്വാധീനം ചെലുത്താനായില്ല," അദ്ദേഹം പറഞ്ഞു.
"മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണ് ആദ്യ ഓവറുകള്‍ എറിഞ്ഞത്. അദ്ദേഹത്തിനെതിരെ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ സമ്മര്‍ദത്തിലായിരുന്നെങ്കില്‍ നമുക്ക് വിക്കറ്റ് ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. പക്ഷെ അത് നടന്നില്ല," സച്ചിന്‍ വ്യക്തമാക്കി.
Also Read: ‘കളിക്കാർ റോബോട്ടുകളല്ല’; ഇന്ത്യൻ ടീമിനെ പിന്തുണച്ച് കെവിൻ പീറ്റേഴ്‌സൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us