ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് പിന്തുണയുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. കളിക്കാർ റോബോട്ടുകൾ അല്ലെന്നും അവർക്ക് ആരാധകരുടെ പിന്തുണ എപ്പോഴും ആവശ്യമാണെന്നും പീറ്റേഴ്സൺ പറഞ്ഞു.
ലോകകപ്പിൽ ഫേവറൈറ്റുകളായി എത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് പത്ത് വിക്കറ്റിനു രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിനോട് എട്ട് വിക്കറ്റിനും തോൽവി വഴങ്ങിയിരുന്നു. അതിനു പിന്നാലെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പീറ്റേഴ്സൺ ടീമിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
“കായിക മത്സരങ്ങളിൽ, ഒരാൾ ജയിക്കുകയും തോൽക്കുകയും ചെയ്യും. ആരും തോൽക്കാനായി ഗ്രൗണ്ടിൽ ഇറങ്ങില്ല. നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഏറ്റവും വലിയ അഭിമാനം. കളിക്കാർ റോബോട്ടുകളല്ലെന്ന് ദയവായി മനസിലാക്കുക, അവർക്ക് എപ്പോഴും പിന്തുണ ആവശ്യമാണ്.” പീറ്റേഴ്സൺ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ഇന്ത്യൻ താരങ്ങളുടെ ഷോട്ട് സെലക്ഷൻ സംബന്ധിച്ചു ചോദ്യങ്ങളുമായി മുൻ താരങ്ങൾ ഉൾപ്പടെ രംഗത്ത് എത്തിയിരുന്നു. രോഹിത് ശർമയെ ഓപ്പണിങ്ങിൽ നിന്നും മാറ്റി മൂന്നാമതായി ഇറക്കിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Also Read: കണക്ക് കൂട്ടലുകളുടെ കാലം; ഇന്ത്യയുടെ സെമി സാധ്യതകള് ഇങ്ങനെ
അതേസമയം, മുൻ ഇന്ത്യൻ താരം ടീമിന് പിന്തുണയുമായി എത്തി. “കളിക്കാരോട് മോശമായി പെരുമാറരുത്. നല്ല ക്രിക്കറ്റിന്റെ പേരിലാണ് അവരെ നമുക്ക് അറിയുന്നത്. അത്തരം ഫലങ്ങൾക്ക് ശേഷം കളിക്കാരും വേദനിക്കാറുണ്ട്. ന്യൂസിലൻഡിന് ആശംസകൾ, അവർ എല്ലാ മേഖലകളിലും ഗംഭീരമായിരുന്നു.” ഹർഭജൻ ട്വീറ്റ് ചെയ്തു.
നിലവിൽ രണ്ടാം ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ സെമി സാധ്യതകൾ ഇനി മറ്റു മത്സര ഫലങ്ങളെ ആശ്രയിച്ചായിരിക്കും.