/indian-express-malayalam/media/media_files/uploads/2018/06/sachin.jpg)
"ധോണിയേക്കാളേറെ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു, എന്നാൽ ഇന്ന് നിങ്ങൾക്ക് പഞ്ചാബിലെയും ഹരിയാനയിലെയും ആയിരകണക്കിന് ആരാധകരെ നഷ്ടമായി," കർഷക സമരവുമായി ബന്ധപ്പെട്ട സച്ചിന്റെ വിവാദ ട്വീറ്റിനു ലഭിച്ച ഒരു മറുപടിയാണിത്. ഇത്തരത്തിൽ നിരവധി പ്രതികരണങ്ങളാണ് സച്ചിന്റെ ട്വീറ്റിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ട്രോളുകളും മാസ്റ്റർ ബ്ലാസ്റ്ററിനെതിരെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സജീവമായിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്നാണ് സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. “പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം” സച്ചിൻ ട്വീറ്റ് ചെയ്തു. #IndiaTogether, #IndiaAgainstPropaganda തുടങ്ങിയ ഹാഷ്‌ടാഗോടെയാണ് സച്ചിന്റെ ട്വീറ്റ്. കർഷക സമരത്തെ കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും ട്വീറ്റിലില്ല.
Also Read: ട്രോളൻമാർ സച്ചിനെ ബൗള്‍ഡാക്കി; ഷറപ്പോവയ്‌ക്ക് മാപ്പ് പറഞ്ഞ് മലയാളികൾ
മറുവശത്ത് രോഹിത് ശർമയെപ്പോലുള്ളവർ, അതേ വിഷയത്തിൽ ചെയ്ത ട്വീറ്റിൽ സച്ചിൻ ഉപയോഗിച്ചതുപോലെയുള്ള ഹാഷ്ടാഗുകളോ ‘ആഭ്യന്തരകാര്യങ്ങൾ’, ‘ബാഹ്യശക്തികൾ’ എന്നീ വാക്കുകളോ ഇല്ലാത്തത് അവർക്കെതിരെ ആളുകൾ തിരിയുന്നത് ഒഴിവാക്കി.
ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് ലോക പ്രശസ്‌ത പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സെലിബ്രിറ്റികൾ ഇതിനു മറുപടിയെന്നവണ്ണം ട്വിറ്ററിൽ നിറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ നിലപാട് ചിലർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ മറ്റു ചിലർ അതിനെ ശക്തമായി തന്നെ എതിർത്തു.
ഇതിൽ ഏറ്റവും കൂടുതൽ പേർ രംഗത്തെത്തിയത് സച്ചിനെതിരെയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്‌ത് കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തെ സച്ചിൻ ഇതുവരെ കണ്ടില്ലേ? എന്നാണ് വിമർശകരുടെ ചോദ്യം. എന്നാൽ, സച്ചിൻ നല്ലൊരു രാജ്യസ്‌നേഹിയാണെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവന രാജ്യത്തിന്റെ ഒരുമയ്‌ക്ക് വേണ്ടിയുള്ളതാണെന്നും താരത്തെ പിന്തുണയ്‌ക്കുന്നവർ വാദിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.