/indian-express-malayalam/media/media_files/uploads/2019/05/rahul-dravid-sreesanth.jpg)
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം. ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷണിങ് കോട്ടും, 2013 മുതല്‍ റാജസ്ഥാന്‍ റോയല്‍സിന്റെ ചുമതലക്കാരനുമായ പാഡി അപ്റ്റണ്‍ 'ദി ബെയര്‍ ഫൂട്ട് കോച്ച്' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഐപിഎല്‍ വാതുവെപ്പ് വിവാദത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ മലയാളി താരം ശ്രീശാന്ത് പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.
Read More: രാഹുലും പാണ്ഡ്യയും അല്ല, വലിയ തെറ്റുകാർ ഇപ്പോഴും കളിക്കുന്നുണ്ട്: ശ്രീശാന്ത്
വാതുവെപ്പിനെ തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ന്റെ വെളിപ്പെടുത്തല്‍.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ 2013 മെയ് 16ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പ് 'മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ പുറത്താക്കുകയും വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു,' രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായ ശ്രീശാന്ത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോട് അധിക്ഷേപകരമായി സംസാരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിനാണ് പുറത്താക്കപ്പെട്ടത്.
Read More: വിലക്ക് നീക്കാൻ നിയമ പോരാട്ടവുമായി ശ്രീശാന്ത് സുപ്രീംകോടതിയിലേക്ക്
എന്നാല്‍ ശ്രീശാന്ത് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അപ്റ്റണ്‍ നുണ പറയുകയാണ് എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
'അയാള്‍ ഒരു നുണയനാണ്. ഞാന്‍ ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല,' വാട്‌സ്ആപ്പ് മെസ്സേജിലൂടെ ശ്രീശാന്ത് പ്രതികരിച്ചു.
'ശ്രീശാന്ത് വളരെ വൈകാരികമായൊരു വ്യക്തിയാണെന്നും തീര്‍ത്തും നിരാശനായയിരുന്നു എന്നും ആരെങ്കിലും പറഞ്ഞാല്‍, ഞാന്‍ ഒരിക്കലും പറയില്ല നിങ്ങള്‍ക്ക് വൈകാരിക വിസ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്. എന്നാല്‍ നിങ്ങള്‍ കളിക്കേണ്ട എന്നു പറഞ്ഞതിന്റെ പേരിലുള്ള പൊട്ടിത്തെറി അസാധാരണമാണ്. കഴിഞ്ഞ ഏഴ് ഐപിഎല്‍ സീസണുകളിലും ഓരോ മത്സരത്തിലും നിങ്ങള്‍ കളിക്കില്ലെന്ന് ഞങ്ങള്‍ 13 കളിക്കാരോടും പറയാറുണ്ട്. ഈ 13ല്‍ നാലുപേര്‍ക്കും നിരാശരാകാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും ശ്രീശാന്ത് ചെയ്തതു പോലെ പരസ്യമായി പൊട്ടിത്തെറിക്കാന്‍ മതിയായതല്ല. അതിനൊപ്പം മറ്റെന്തോ ഉണ്ടെന്നുള്ള സൂചനയാണ് ഇത്,' അപ്റ്റണ്‍ പറയുന്നു.
'മറ്റെന്തോ' എന്ന് പറഞ്ഞുകൊണ്ടാണ് അപ്റ്റണ്‍ മുന്നോട്ട് പോകുന്നത്. 'മുംബൈയിലെ കളിയില്‍ നിന്നും ഞങ്ങള്‍ ശ്രീശാന്തിനെ പുറത്താക്കി. പിന്നീട് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കി. ചന്ദിലയേയും പുറത്താക്കി. ഇവര്‍ക്ക് വാതുവെപ്പ് ക്രമീകരണങ്ങള്‍ക്കായി മൂന്നാമതൊരു ആളെക്കൂടി വേണമായിരുന്നു. അതായിരുന്നു അങ്കിത് ചവാന്‍.'
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 6000 പേജുളള് കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയാറാക്കിയത്. മക്കോക്ക നിയമപ്രകാരമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. അറസ്റ്റിന് ശേഷം മൂവരേയും ബിസിസി ആജീവനാന്തം വിലക്കിയിരുന്നു.
ഈ വര്‍ഷമാണ് സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. താരത്തിനെതിരെ മറ്റെന്തെങ്കിലും ശിക്ഷാരീതി സ്വീകരിക്കുന്നതിനെ പറ്റി തീരുമാനിക്കാനും സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ ദ്രാവിഡിനെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.
'ഇത് വളരെ സങ്കടകരമാണ്. പാഡി അപ്റ്റണെ കുറിച്ച് എനിക്ക് കഷ്ടം തോന്നുന്നു. 30 സെക്കന്റിന്റെ പ്രശസ്തിയാണ് അദ്ദേഹത്തിന് വേണ്ടതെങ്കില്‍ ആകാം. എനിക്ക് ആകെ പറയാനുള്ളത്, ഞാന്‍ കൂടെ കളിച്ചിട്ടുള്ള ഓരോ വ്യക്തിയേയും എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെ ആകും എന്നാണ്. ഈ ദിവസം വരെ എനിക്ക് അദ്ദേഹത്തോട് വളരെ ആദരവ് ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ നിരാശ തോന്നുന്നു. അദ്ദേഹം കുറഞ്ഞ പക്ഷം സ്വയം ബഹുമാനിക്കാനും മറ്റുള്ളവരുടെ സ്വന്തോഷത്തിന് അവനവനെ തന്നെ വില്‍ക്കാതിരിക്കാനും ശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ശ്രീശാന്ത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.