/indian-express-malayalam/media/media_files/uploads/2022/10/dinesh-karthik-pant.jpg)
ടി-20 ലോകകപ്പ് ടീമിലേക്ക് അഞ്ചാം ബോളറായി ഹർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്താൽ ഋഷഭ് പന്തിനേയും ദിനേശ് കാർത്തിക്കിനെയും ഒരുമിച്ച് ടീമിൽ ഉൾപ്പെടുത്താനാകുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. മെൽബർണിൽ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനുമായുള്ള മത്സരത്തോടെ രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം അവരുടെ ടി 20 ലോകകപ്പ് യാത്രയ്ക്ക് തുടക്കം കുറിക്കും.
“ഹാർദിക് പാണ്ഡ്യയെ ആറാ൦ ബോളറാക്കി ആറ് ബോളർമാരുമായി കളിക്കാൻ തീരുമാനിച്ചാൽ ഋഷഭ് പന്തിന് ടീമിൽ സ്ഥാനമുണ്ടാകാൻ സാധ്യതയില്ല,” സ്റ്റാർ സ്പോർട്സിന്റെ പരിപാടിയായ ക്രിക്കറ്റ് ലൈവിനോട് ഗവാസ്‌കർ പറഞ്ഞു. “എന്നാൽ അഞ്ചാ൦ ബോളറായാണ് ഹാർദിക്കിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ ആറാം സ്ഥാനത്ത് ഋഷഭ് പന്തിനും ഏഴാം സ്ഥാനത്ത് കാർത്തിക്കിനും കളിക്കാനുള്ള അവസരം ലഭിക്കും. അതും നടക്കാൻ സാധ്യതയുണ്ട്, എന്താണെങ്കിലും കാത്തിരുന്നു കാണാം” അദ്ദേഹം പറഞ്ഞു.
“മധ്യത്തിൽ ഒരു ഇടങ്കയ്യൻ ബാറ്ററെ തീർച്ചയായും ആവശ്യമുണ്ട്. പക്ഷെ ആദ്യ നാലിലുള്ള എല്ലാരും മികച്ച ഫോമിലാണ്. അങ്ങനെയുള്ളപ്പോൾ ഋഷഭ് പന്ത് ഏത് സ്ഥാനത്തായിരിക്കും കളിക്കാനിറങ്ങുക? അയാൾക്ക് മൂന്നോ നാലോ ഓവറുകൾ കിട്ടുമോ? അങ്ങനെ മൂന്നോ നാലോ ഓവറെ കിട്ടുകയുള്ളൂവെങ്കിൽ ആരായിരിക്കും ഭേദം-കാർത്തിക്കോ, ഋഷഭോ?. ഈ സ്ഥിതികളൊക്കെ അവർ കണക്കാക്കി അതിൽ നിന്ന് അവർ ഒരു തീരുമാനമെടുക്കും,” അദ്ദേഹം അഭിപ്രായപ്പെട്ടു.
“അയാളുടെ ഫിറ്റ്നസും ഫോമും ആയിരുന്നു അവരുടെ ഏറ്റവും വലിയ ഉത്‌കണ്‌ഠ. പക്ഷെ എറിഞ്ഞ രണ്ടോവറുകളിൽ നിന്ന് തന്നെ അയാൾ മികച്ച ഫിറ്റ്നസ്സിലേക്ക് തിരിച്ചു വന്നുവെന്ന് തെളിയിച്ചു,” പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്‌രീദിയെ കുറിച്ച് ഗവാസ്കർ പറഞ്ഞു. അതുകൊണ്ടു തന്നെ ഒരു തലവേദന ഒഴിവായി. ഇംഗ്ലണ്ടിനെതിരെ കണ്ടതിനേക്കാൾ മികച്ച നിലയിലാകും അവരിപ്പോൾ. അവരുടെ ഫീൽഡിങ് വളരെ മികച്ചതായിരുന്നു. ഇത് രണ്ടുമായിരുന്നു അവർക്ക് ആശങ്കയുണ്ടായിരുന്ന കാര്യങ്ങൾ. അത് അവർ മെച്ചപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ഇന്ത്യയെ നേരിടുമ്പോൾ അവർക്ക് യാതൊരു സംശയവുമുണ്ടാകില്ല,” ഗാവസ്‌കർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.