/indian-express-malayalam/media/media_files/uploads/2020/07/Sachin-and-Sehwag.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ സ്‌റ്റാർ ബാറ്റ്‌സ്‌മാൻ വിരേന്ദർ സെവാഗിന്റെ ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി അത്ര വലിയ സംഭവമല്ലെന്ന് പരോക്ഷമായി പറഞ്ഞ് പാക്കിസ്ഥാൻ മുൻ താരം. പാക്കിസ്ഥാനെതിരെ 2004 ൽ മുൾട്ടാൻ ടെസ്റ്റിലാണ് സെവാഗ് ട്രിപ്പിൾ സെഞ്ചുറി നേടിയത്. ഈ ഇന്നിങ്‌സിനെ കുറിച്ചാണ് പാക് മുൻതാരം സഖ്‌ലെയ്‌ൻ മുഷ്‌താഖ് സംസാരിച്ചത്. സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി പ്രകടനത്തേക്കാൾ മികച്ച ഇന്നിങ്‌സായിരുന്നു 1999 ൽ ചെന്നെെ ടെസ്റ്റിൽ സച്ചിൻ നേടിയ 136 റൺസെന്ന് മുഷ്‌താഖ് പറഞ്ഞു. ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സച്ചിൻ 136 റൺസ് നേടിയ ഇന്നിങ്‌സ് സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി ഇന്നിങ്‌സിനേക്കാൾ മികച്ചതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മികച്ച പോരാട്ടം നടന്ന മത്സരത്തിലാണ് സച്ചിൻ 136 റൺസ് നേടുന്നത്. ഞങ്ങൾ അന്ന് വളരെ കരുത്തുറ്റ ടീമുമായിരുന്നു. അതുകൊണ്ട് തന്നെ ആ പ്രകടനം ഏറെ മികച്ചതാണ്" സഖ്‌ലെയ്‌ൻ മുഷ്‌താഖ് പറഞ്ഞു.
Read Also: സച്ചിൻ സമ്മതിക്കില്ല, അദ്ദേഹം അക്തറിനെ ഭയപ്പെട്ടിരുന്നു: അഫ്രീദി
"എന്നാൽ, 2004 ലെ മുൾട്ടാൻ ടെസ്റ്റിൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. പാക്കിസ്ഥാൻ ക്രിക്കറ്റിൽ നിരവധി ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നു. മാത്രമല്ല മുൾട്ടാൻ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലായിരുന്നു സെവാഗ് ട്രിപ്പിൾ സെഞ്ചുറി നേടിയത്. രണ്ടാം ഇന്നിങ്‌സിൽ കളിക്കുന്ന അത്ര ബുദ്ധിമുട്ട് ആദ്യ ഇന്നിങ്‌സിൽ ഇല്ല. സാഹചര്യങ്ങളെല്ലാം സെവാഗിനു അനുകൂലമായിരുന്നു. ആ സമയത്ത് പാക് ടീമിൽ തയ്യാറെടുപ്പുകളും കുറവായിരുന്നു. ഇതുകൊണ്ടൊന്നും സെവാഗ് ഒരു മോശം കളിക്കാരനാണെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം വളരെ മികച്ച ഒരു ബാറ്റ്‌സ്‌മാനാണ്. സെവാഗ് ട്രിപ്പിൾ സെഞ്ചുറി നേടിയ മത്സരത്തിൽ പിച്ച് ബോളർമാർക്ക് പ്രതികൂലമായിരുന്നു. എനിക്കും അക്‌തറിനും പരുക്കേറ്റിരുന്നു. ആ ട്രിപ്പിൾ സെഞ്ചുറി സെവാഗിനു സ്വർണ തളികയിൽ നൽകപ്പെട്ടതാണ്. അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയോ കുരുത്തംകൊണ്ട് ലഭിച്ചതാണ് ആ ട്രിപ്പിൾ സെഞ്ചുറിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്." സഖ്‌ലെയ്‌ൻ മുഷ്‌താഖ് പറഞ്ഞു.
2004 ൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ 375 മത്സരത്തിൽ നിന്നാണ് സെവാഗ് 309 റൺസ് നേടിയത്. ആറ് സിക്‌സുകളും 39 ഫോറുകളും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ഈ മത്സരത്തിൽ ഇന്ത്യ വെറും അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 675 റൺസ് നേടി ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതേ ഇന്നിങ്‌സിൽ സച്ചിൻ 194 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഒരു ഇന്നിങ്‌സിനും 52 റൺസിനുമാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. 43 ഓവർ എറിഞ്ഞ സഖ്‌ലെയ്‌ൻ മുഷ്‌താഖ് 204 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് ഈ മത്സരത്തിൽ നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.