വിവാദമാകുന്ന പരാമർശങ്ങളിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് പാക്കിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. ക്രിക്കറ്റും രാഷ്ട്രീയവുമെല്ലാം അഫ്രീദിയുടെ സംസാര വിഷയങ്ങളാണ്. ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയും മോശം പരാമർശം നടത്തിയതിന്റെ പേരിൽ വലിയ വിമർശനങ്ങളും നേരിട്ടുണ്ട്.
അതൊന്നുമേശാത്ത അഫ്രീദി സച്ചിനെതിരെയും പരിഹാസ ചുവയുള്ള പരാമർശങ്ങളുമായി വീണ്ടും രംഗത്തെത്തി. പാക് പേസർ ഷൊയ്ബ് അക്തറിനെ സച്ചിൻ ഭയപ്പെട്ടിരുന്നുവെന്നാണ് അഫ്രീദിയുടെ വാദം.
Also Read: പാക്കിസ്ഥാനോട് മത്സരശേഷം ഇന്ത്യ മാപ്പ് ചോദിക്കും വിധം അവരെ പരാജയപ്പെടുത്തിയിട്ടുണ്ട്: അഫ്രീദി
“സച്ചിൻ ടെൻഡുൽക്കർ അത് സമ്മതിച്ച് തരില്ലായിരിക്കും, അദ്ദേഹം റാവൽപിണ്ടി എക്സപ്രസിനെ ഭയപ്പെട്ടിരുന്നു. അക്തറിന്റെ പല സ്പെല്ലുകളും ഇന്ത്യൻ ബാറ്റ്സ്മാന്റെ മനസിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു,” അഫ്രീദി പറഞ്ഞു.
ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് ഒൻപതു വർഷം മുൻപ് സച്ചിനെതിരെ ഉയർത്തിയ ആരോപണം അഫ്രീദി ആവർത്തിച്ചത്. തന്റെ ആത്മകഥയായ ‘കോൺട്രവേർഷ്യലി യുവേഴ്സ്’ എന്ന ആത്മകഥയിൽ അക്തർ തന്നെയാണ് തന്റെ അതിവേഗ പന്തുകളെ സച്ചിൻ ഭയപ്പെട്ടിരുന്നതായി ആദ്യം അവകാശപ്പെട്ടത്. അക്തറിന്റെ അവകാശവാദത്തെ പിന്നീട് അഫ്രീദി പിന്തുണയ്ക്കുകയായിരുന്നു.
Also Read: ഏഷ്യ കപ്പ് റദ്ദാക്കിയതായി ഗാംഗുലി; തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാനും ബംഗ്ലാദേശും
മത്സരശേഷം തങ്ങളുടെ ടീമിനോട് മാപ്പ് ചോദിക്കേണ്ടി വരുന്ന വിധം ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞിരുന്നു. ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് താരത്തിന്റെ പുതിയ പ്രസ്താവനയെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ഇന്ത്യൻ ടീമിനെതിരെ കളിക്കുന്നതാണ് താൻ ഏറ്റവും ആസ്വദിക്കാറുള്ളത്. തന്റെ മികച്ച ഇന്നിങ്സുകൾ പിറന്നിട്ടുള്ളത് ഇന്ത്യക്കും ഓസ്ട്രേലിയക്കും എതിരെ കളിക്കുമ്പോഴാണെന്നും താരം പറഞ്ഞു.
Also Read: ആദ്യ ബോൾ നേരിടാൻ ഞാൻ സച്ചിനോട് പറയാറുണ്ട്; രസകരമായ സംഭവം പങ്കുവച്ച് ഗാംഗുലി
‘ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾ ഞാൻ എക്കാലവും ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെത്തവണ ഞങ്ങൾ അവരെ തോൽപ്പിച്ചിട്ടുണ്ട്. വ്യക്തമായ മാർജിനിൽത്തന്നെ. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങളോട് ഇന്ത്യൻ ടീം ക്ഷമ യാചിക്കേണ്ട അവസ്ഥ പോലും സൃഷ്ടിച്ചാണ് പലപ്പോഴും ഞങ്ങൾ അവരെ തോൽപ്പിച്ചിരുന്നതെന്നാണ് ഞാൻ കരുതുന്നത്,’ അഫ്രീദി പറഞ്ഞു.