/indian-express-malayalam/media/media_files/uploads/2020/06/ipl-7-fi.jpg)
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ലോകരാജ്യങ്ങളെല്ലാം ഇളവ് പ്രഖ്യാപിച്ചതോടെ കായിക വേദികളും സജീവമായി തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തോടെ കാത്തരിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗിനായാണ്. ഇന്ത്യയിൽ മത്സരങ്ങൾ സംഘടിപ്പിക്കുക അസാധ്യമാണെങ്കിൽ മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന് അറിയിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. നേരത്തെ യുഎഇയും ശ്രീലങ്കയും വേദിയാകമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ന്യൂസലൻഡും രംഗത്തെത്തിയിരിക്കുന്നത്.
ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരുന്ന ടി20 ലോകകപ്പ് മാറ്റിവെയ്ക്കാനുള്ള സാധ്യതകൾ വർധിച്ചത് ഐപിഎല്ലിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ലോകകപ്പിന് വേദിയാകാനിരുന്ന ന്യൂസിലൻഡ് ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാനൊരുക്കമാണെന്ന് അറിയിച്ചിരിക്കുകയാണ്.
"ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് സുരക്ഷിതമല്ല. അങ്ങനെയെങ്കിൽ വിദേശത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കും. യുഎഇയ്ക്കും ശ്രീലങ്കയ്ക്കും പിന്നാലെ ന്യൂസിലൻഡും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്," മുതിർന്ന ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.
Also Read: ആദ്യ ബോൾ നേരിടാൻ ഞാൻ സച്ചിനോട് പറയാറുണ്ട്; രസകരമായ സംഭവം പങ്കുവച്ച് ഗാംഗുലി
ഐപിഎൽ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. ” ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ടൂർണമെന്റ് കളിക്കുകയാണെങ്കിലും ഈ വർഷം ഐപിഎൽ നടത്താൻ സാധ്യമായ എല്ലാ വഴികളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. ആരാധകർ, ഫ്രാഞ്ചൈസികൾ, കളിക്കാർ, പ്രക്ഷേപകർ, സ്പോൺസർമാർ തുടങ്ങി എല്ലാ പങ്കാളികളും ഈ വർഷം ഐപിഎൽ നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ്. ഇത് സംബന്ധിച്ച ഭാവി നടപടികളെക്കുറിച്ച് ബിസിസിഐ ഉടൻ തീരുമാനമെടുക്കും” ഗാംഗുലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.