ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും. 1996 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയ്‌ക്കുവേണ്ടി ഇരുവരും ചേർന്ന് ഓപ്പൺ ചെയ്‌തിരിക്കുന്നത് 136 ഇന്നിങ്‌സുകളാണ്. 49.32 ശരാശരിയിൽ ഈ കൂട്ടുകെട്ട് 6,609 റൺസാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ലോക ക്രിക്കറ്റിൽ തന്നെ വളരെ അപൂർവമായ റൺസ് നേട്ടമാണിത്.

എന്നാൽ, ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനായി മൈതാനത്തേക്ക് ഇറങ്ങുമ്പോൾ നോൺ-സ്‌ട്രൈക്കർ എൻഡിലേക്ക് ഓടുന്ന സച്ചിനെയാണ് നമ്മൾ കൂടുതലും കണ്ടിരിക്കുന്നത്. ആദ്യ പന്ത് നേരിടുന്നത് കൂടുതലും ഗാംഗുലിയായിരിക്കും. ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷൻ കൂടിയായ ഗാംഗുലി. ഇന്ത്യൻ താരം മായങ്ക് അഗർവാളുമായുള്ള ഓൺലൈൻ സംഭാഷണത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം തുറന്നുപറഞ്ഞത്.

Read Also: മെസി വിരമിക്കുക ബാഴ്‌സയിൽ തന്നെ: ക്ലബ് പ്രസിഡന്റ്

ആദ്യ പന്ത് നേരിടാൻ സച്ചിനു എപ്പോഴും മടിയായിരുന്നു എന്നാണ് ഗാംഗുലി പറയുന്നത്. ആദ്യ ബോൾ നേരിടാൻ താൻ സച്ചിനോട് പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും എന്നാൽ ഇതിനു സച്ചിൻ നൽകുന്ന മറുപടി രസകരമാണെന്നും ഗാംഗുലി പറയുന്നു. ആദ്യ പന്ത് നേരിടാൻ ഗാംഗുലി സച്ചിനെ നിർബന്ധിക്കാറുണ്ടോ എന്ന് മായങ്ക് ചോദിച്ചപ്പോഴാണ് ദാദ ഇക്കാര്യം പറഞ്ഞത്.

“എപ്പോഴെങ്കിലും ആദ്യ പന്ത് നേരിടൂ എന്ന് ഞാൻ സച്ചിനോട് പറയാറുണ്ട്. എന്നാൽ, സച്ചിൻ വിസമ്മതിക്കും. ഇതിനൊരു കാരണവും അദ്ദേഹം പറയാറുണ്ട്. രണ്ട് കാര്യങ്ങളാണ് സച്ചിൻ പറയാറുള്ളത്. ഒന്ന്, ‘ഞാൻ നല്ല ഫോമിലാണ്…അതുകൊണ്ട് എനിക്ക് നോൺ സ്‌ട്രൈക്ക് എൻഡിൽ നിൽക്കണം’. രണ്ട്, ‘ഞാൻ ഒട്ടും ഫോമിലല്ല…അതുകൊണ്ട് നോൺ സ്‌ട്രൈക്ക് എൻഡിൽ നിൽക്കണം. ഫോമിലല്ലെങ്കിൽ ആദ്യ പന്ത് നേരിടുമ്പോൾ വലിയ സമ്മർദം തോന്നും,’ ‘ ഇതാണ് സച്ചിൻ തരാറുള്ള മറുപടി.

Read Also: പണ്ടത്തെ നമ്മൾ; ഭാവനയ്ക്കും മഞ്ജുവിനും ഒപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് രാധിക

എന്നാൽ, സച്ചിനെ താൻ പറ്റിച്ചിട്ടുള്ള കാര്യവും ഗാംഗുലി വെളിപ്പെടുത്തി. സച്ചിൻ എപ്പോഴും നോൺ-സ്‌ട്രൈക്ക് എൻഡിലേക്ക് ആദ്യം ഓടുകയാണ് പതിവ്. ഒന്നുരണ്ട് തവണ ഞാൻ സച്ചിനെ പറ്റിച്ചിട്ടുണ്ട്. ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ഒന്നും പറയാതെ ഞാൻ നോൺ സ്‌ട്രൈക്ക് എൻഡിലേക്ക് ഓടിപോകും. സച്ചിൻ എത്തുന്നതിനു മുൻപ് നോൺ-സ്‌ട്രൈക്ക് എൻഡിൽ പോയി നിൽക്കും. മറ്റ് നിർവാഹമൊന്നും ഇല്ലാത്തതിനാൽ സച്ചിനു ആദ്യ പന്ത് നേരിടേണ്ടി വരും. വളരെ കുറച്ച് തവണ മാത്രമേ താൻ ഇങ്ങനെ ചെയ്‌തിട്ടുള്ളൂവെന്നും ഗാംഗുലി ചിരിച്ചുകൊണ്ട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook