/indian-express-malayalam/media/media_files/2025/03/06/x6SorK70Mbq7EtVwxps6.jpg)
Mumbai Indians Beat UP Warriors In WPL Photograph: (WPL, Instagram)
ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റത്തിലൂടെ വിജയം പിടിച്ച് മുംബൈ ഇന്ത്യൻസ്. യുപി വാരിയേഴ്സിന് എതിരായ മത്സരത്തിൽ ആറ് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസിന്റെ ജയം. യുപി വാരിയേഴ്സ് മുൻപിൽ വെച്ച 151 റൺസ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് പന്തുകൾ ശേഷിക്കെ മുംബൈ ഇന്ത്യൻസ് മറികടന്നു.
മുംബൈക്കെതിരായ തോൽവിയോടെ യുപി വാരിയേഴ്സിന്റെ സീസണിലെ പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞു. മുംബൈക്കെതിരായ മത്സരം യുപിയെ സംബന്ധിച്ച് നിർണായകമായിരുന്നു. എന്നാൽ 19ാം ഓവറിലെ മൂന്നാമത്തെ പന്തിൽ ബൗണ്ടറിയടിച്ച് യാസ്തിക ഭാട്ടിയ യുപിയുടെ പ്രതീക്ഷകളെല്ലാം തകർത്തു.
മുംബൈയുടെ ഹെയ്ലി മാത്യൂസിന്റേയും നാറ്റ് സിവറിന്റേയും കൂട്ടുകെട്ടാണ് അവരെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണർ ഹെയ്ലി മാത്യൂസ് 46 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും പറത്തി 68 റൺസ് നേടി. നാറ്റ് സിവർ 23 പന്തിൽ നിന്ന് 37 റൺസ് കണ്ടെത്തി. അമേലിയ കെറിനെ മുംബൈക്ക് മൂന്നാമത്തെ ഓവറിൽ തന്നെ നഷ്ടമായിരുന്നു. എന്നാൽ പിന്നെ മുംബൈയെ സമ്മർദത്തിലാക്കാൻ യുപിക്ക് സാധിച്ചില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുപിയെ ജോർജിയ വോൾ ആണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 33 പന്തിൽ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെയാണ് വോൾ 55 റൺസ് എടുത്തത്. ക്യാപ്റ്റൻ ദീപ്തി ശർമ 27 റൺസ് എടുത്തു. മറ്റൊരു യുപി വാരിയേഴ്സ് താരത്തിനും സ്കോർ ഉയർത്താൻ സാധിച്ചില്ല. 10 ഓവറിന് ഇടയിൽ യുപിയുടെ ഏഴ് വിക്കറ്റ് വീണു.
അമേലിയ കെർ മുംബൈക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി. നിലവിൽ ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ മുൻപിൽ അമേലിയ ആണ്. ഹെയ്ലി മാത്യൂസ് രണ്ട് വിക്കറ്റും സിസോദിയയും നാറ്റും ഓരോ വിക്കറ്റ് വീതവും പിഴുതു. രണ്ട് വിക്കറ്റ് വീഴ്ത്തുകയും അർധ ശതകം കണ്ടെത്തുകയും ചെയ്ത ഹെയ്ലി മാത്യൂസ് ആണ് കളിയിലെ താരം.
ആറ് കളിയിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് മുംബൈ. എട്ട് പോയിന്റ് ആണ് മുംബൈക്കുള്ളത്. ഏഴ് കളിയിൽ നിന്ന് രണ്ട് ജയവും അഞ്ച് തോൽവിയുമായി അവസാന സ്ഥാനത്താണ് യുപി വാരിയേഴ്സ്. ആർസിബിക്കും യുപിക്കും നാല് പോയിന്റ് വീതമാണ് ഉള്ളത്.
- ഒറ്റ ടിക്കറ്റിന് 23.5 ലക്ഷം രൂപ; ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോളടിച്ച് ദുബായ്
- Champions Trophy Semi Final: ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനൽ; ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും നിരാശ
- ആ അപൂർവ്വ റെക്കോർഡ്;ഇനി രോഹിത്തിന് സ്വന്തം
- ചാംപ്യൻസ് ട്രോഫിയിലെ തോൽവിക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.