/indian-express-malayalam/media/media_files/uploads/2020/04/dhoni-kaif.jpg)
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പ് അനിശ്ചിതമായി നീളുമ്പോൾ വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി തന്നെയാണ്. ഐപിഎൽ നടന്നില്ലെങ്കിൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക ധോണിക്ക് അസാധ്യമാകും. എന്നാൽ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് മറിച്ചൊരു അഭിപ്രായമാണ് പറയുന്നത്. ഐപിഎല്ലിന് ഉപരിയായി ഏത് സമ്മർദ്ദ ഘട്ടത്തിലും മത്സരത്തിൽ ടീമിനെ ജയത്തിലെത്തിക്കാനുള്ള മികവ് പരിഗണിച്ച് ധോണിയെ ടീമിലുൾപ്പെടുത്തണമെന്ന് കൈഫ് ആവശ്യപ്പെട്ടു.
"ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിൽ ധോണിയുടെ പ്രകടനമാണ് പല ആളുകളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒപ്പം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ താരത്തെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും വലിയ ചർച്ചകളും നടക്കുന്നുണ്ട്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വലിയ അനുഭവസമ്പത്തുള്ള ഒരാളെ വിലയിരുത്താൻ സാധിക്കാത്തതിനാൽ എന്റെ അഭിപ്രായം മറ്റൊന്നാണ്. ഏത് സമ്മർദ്ദ ഘട്ടത്തിലും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കാൻ സാധിക്കുന്ന ആളാണ് ധോണി," കൈഫ് പറഞ്ഞു.
Also Read: ആത്മവിശ്വാസമുണ്ടേൽ അവൻ അപകടകാരിയാണ്; ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ഷമി
ധോണിക്ക് ഇനിയും ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഏതൊരു ക്രിക്കറ്ററുടെയും കരിയറിൽ ഒരു മോശം കാലഘട്ടമുണ്ടാകുമെന്നും ധോണിയുടെ കാര്യത്തിലും സംഭവിച്ചത് അതാണെന്നും കൈഫ് കൂട്ടിച്ചേർത്തു. ഐപിഎല്ലിലെ താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ധോണിയെ താൻ വിലയിരുത്തില്ലെന്നും അദ്ദേഹം മികച്ചൊരു ബാറ്റ്സ്മാനാണെന്നും ഇപ്പോൾ ഫിറ്റാണെന്നും കൈഫ് പറഞ്ഞു.
"അതിനാൽ, ധോണിയെ പുറത്താക്കുന്നത് അന്യായമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ധോണിയിൽ ഇനിയും ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്, ഒരു കളിക്കാരൻ ഇത്രയും കാലം കളിക്കുമ്പോൾ, അദ്ദേഹത്തിന്റെ കരിയറിൽ ഉയർച്ചതാഴ്ചകളുണ്ട്. ധോണി മാത്രമല്ല, എല്ലാ ക്രിക്കറ്റ് കളിക്കാരിലും അതുണ്ടാകും," കൈഫ് വ്യക്തമാക്കി.
Also Read: ഐപിഎൽ നടന്നില്ലെങ്കിൽ ധോണിയുടെ മടങ്ങി വരവ് ബുദ്ധിമുട്ടാകുമെന്ന് ഗൗതം ഗംഭീർ
അതേസമയം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കുട്ടിക്രിക്കറ്റ് പൂരമായ ഐപിഎല്ലും താൽക്കാലികമായി ഉപേക്ഷിക്കുന്നതായി ബിസിസിഐ അറിയിച്ചു. ഇന്ന് ചേർന്ന ബിസിസിഐയുടെ ഐപിഎൽ ഗവേർണിങ് കൗൺസിലിന്റേതാണ് തീരുമാനം.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കളിക്കാരുടെ സുരക്ഷ മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. എപ്പോൾ സുരക്ഷിതമെന്ന് ബോധ്യപ്പെടുന്നോ അന്ന് ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.