/indian-express-malayalam/media/media_files/uploads/2020/09/Stoinis-DC-Delhi-Capitals-IPL.jpg)
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നിനാണ് ഇന്നലെ ദുബായ് രാജ്യാന്തര സ്റ്റേഡിയം സാക്ഷിയായത്. സൂപ്പർ ഓവറിൽ വിജയികളെ കണ്ടെത്തിയ ഡൽഹി ക്യാപിറ്റൽസ് - കിങ്സ് ഇലവൻ പഞ്ചാബ് പോരാട്ടത്തിൽ എടുത്ത് പറയേണ്ട രണ്ട് വ്യക്തിഗത പ്രകടനങ്ങളുണ്ട്. ഒന്ന് വൻ തോൽവിയിൽ നിന്ന് പഞ്ചാബിനെ സൂപ്പർ ഓവർ വരെയെത്തിച്ച മായങ്ക് അഗർവാളിന്റെ മാജിക്കൽ ഇന്നിങ്സ്. രണ്ട് ബാറ്റുകൊണ്ടും ബോളുകൊണ്ടും ഡൽഹിയുടെ തലവര മാറ്റിയെഴുതിയ ഓസിസ് ഓൾറൗണ്ടർ സ്റ്റോയിനിസിന്റെ പ്രകടനം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. നാലാം വിക്കറ്റിൽ ഒത്തുചേർന്ന അയ്യർ-പന്ത് കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിച്ചെങ്കിലും 73 റൺസ് കൂട്ടിച്ചേർത്തപ്പോൾ പന്തും പിന്നാലെ അയ്യരും പുറത്തായി. അക്സർ പട്ടേലും അശ്വിനും രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ ഡൽഹി ചെറിയ സ്കോറിലേക്ക് ഒതുങ്ങുമെന്നായി. എന്നാൽ അവിടെ രക്ഷകന്റെ റോളിൽ സ്റ്റോയിനിസ് അവതരിക്കുകയായിരുന്നു. വൻ തകർച്ചയിലേക്ക് നീങ്ങിയ ഡൽഹിയെ കൂറ്റൻ അടികളിലൂടെ സ്റ്റോയിനിസ് പൊരുതാവുന്ന സ്കോറിലെത്തിച്ചു.
Also Read: പണ്ടേ തോൽക്കേണ്ട മത്സരം സൂപ്പർ ഓവർ വരെയെത്തിച്ച മായങ്ക് മാജിക്കൽ ഇന്നിങ്സ്
20 പന്തിൽ അർധസെഞ്ചുറി തികച്ച സ്റ്റോയിനിസ് അടുത്ത പന്തിൽ റൺഔട്ടുകുമ്പോൾ ഡൽഹി 154 റൺസിലെത്തിയിരുന്നു. 21 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 53 റൺസാണ് സ്റ്റോയിനിസ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ അതിവേഗ അർധസെഞ്ചുറികളിലൊന്നും സ്റ്റോയിനിസിന്റെ ബാറ്റിൽ നിന്ന് പിറന്നു.
മറുപടി ബാറ്റിങ്ങിൽ മുൻനിരയും മധ്യനിരയും പരാജയപ്പെട്ടടുത്ത് ഒറ്റയാൾ പോരാട്ടവുമായി മായങ്ക് അഗർവാൾ നടത്തിയ പ്രകടനം പഞ്ചാബിനെ വിജയത്തിലെത്തിച്ചുവെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അവസാന ഓവറിൽ പഞ്ചാബ് വിജയം 13 റൺസകലെ. ഡൽഹി നായകൻ ശ്രേയസ് അയ്യർ പന്ത് സ്റ്റോയിനിസിനെ ഏൽപ്പിക്കുമ്പോൾ ഇത്തരത്തിലൊരു തിരിച്ചുവരവുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല.
Also Read: IPL 2020-DC vs KXIP: സ്റ്റോയിനിസിന്റെ ഷോക്കിൽ അടിതെറ്റി പഞ്ചാബ്; സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം
സ്റ്റോയിനിസിന്റെ ആദ്യ പന്ത് സിക്സർ പായിച്ച മായങ്ക് രണ്ടും കൽപ്പിച്ചായിരുന്നു. രണ്ടാം പന്തിൽ ഡബിൾ കണ്ടെത്തിയ മായങ്ക് മൂന്നാ പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. എന്നാൽ നാലാം പന്തിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. അത് ഒരു തിരിച്ചുവരവിന്റെ സൂചനയായിരുന്നു. വിജയം ഒരു റൺസ് മാത്രം അകലെ നിൽക്കെ മായങ്കിനെ ഹെറ്റ്മയറിന്റെ കൈകളിൽ എത്തിച്ച് സ്റ്റോയിനിസ് പഞ്ചാബിനെ ഞെട്ടിച്ചു. അവസാന പന്തിൽ ജോർദാൻ റബാഡയുടെ കൈകളിലും അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. രണ്ട് ഇന്നിങ്സിലും ടീം പൂർണമായും തകർന്ന് നിൽക്കുന്ന അവസ്ഥയിലാണ് സ്റ്റോയിനിസ് രക്ഷകനായി അവതരിക്കുന്നത്.
Also Read: ഫ്ലൈയിങ് ഫാഫ്; മുംബൈ താരങ്ങളെ പുറത്താക്കാൻ ബൗണ്ടറിയിൽ ഡുപ്ലെസിസിന്റെ തകർപ്പൻ ക്യാച്ച്
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് നായകനെ രണ്ടാം പന്തിൽ പുറത്താക്കിയ കഗിസോ റബാഡ ഡൽഹിക്ക് മേൽക്കൈ നൽകി. അടുത്ത പന്തിൽ പൂറന്റെ കുറ്റി തെറിപ്പിച്ച് വിജയലക്ഷ്യം മൂന്നിലേക്ക് ചുരുക്കി. ഡൽഹിക്കായി കളത്തിലിറങ്ങിയ പന്തിനും ശ്രേയസിനും കാര്യങ്ങൾ എളുപ്പമായിരുന്നു. രണ്ട് പന്തിൽ മൂന്ന് റൺസ് നേടി ഡൽഹി ജയം ഉറപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us