ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പ് തുടക്കം മുതൽ തന്നെ വാശിയേറിയ പോരാട്ടങ്ങൾക്കാണ് വേദിയാകുന്നത്. ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് – കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ വിജയികളെ നിർണയിച്ചത് സൂപ്പർ ഓവറിലായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും മിന്നും പ്രകടനവുമായി മാർക്കസ് സ്റ്റോയിനിസ് ഡൽഹി വിജയത്തിൽ നിർണായക പങ്കുവഹിച്ചപ്പോൾ പണ്ടേ തോൽക്കേണ്ട മത്സരത്തിൽ പഞ്ചാബിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നൽകിയത് മായങ്ക് അഗർവാളിന്റെ ഇന്നിങ്സാണ്.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർപ്പനടികളുമായി വിജയലക്ഷ്യം ചെറുതാക്കി കൊണ്ടുവന്ന മായങ്ക് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്തിൽ പുറത്തായിരുന്നില്ലെങ്കിൽ പഞ്ചാബ് അനായാസം മത്സരം ജയിച്ചേനെ. 60 പന്തിൽ 89 റൺസുമായാണ് മായങ്ക് പുറത്തായത്.
Also Read: IPL 2020-DC vs KXIP: സ്റ്റോയിനിസിന്റെ ഷോക്കിൽ അടിതെറ്റി പഞ്ചാബ്; സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം
158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനെത്തിയ ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പെട്ടന്നായിരുന്നു പഞ്ചാബ് മുൻനിരയും മധ്യനിരയും വീണത്. ഒന്നാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തപ്പോൾ 21 റൺസെടുത്ത രാഹുലിനെ മോഹിത് പുറത്താക്കി. നിക്കോളാസ് പൂറാൻ പൂജ്യത്തിന് പുറത്തായപ്പോൾ കരുൺ നായരുടെയും ഗ്ലെൻ മാക്സ്‌വെല്ലിന്റെയും പോരാട്ടം ഒരു റൺസിൽ അവസാനിച്ചു. സർഫ്രാസ് ഖാനും കാര്യമായി ഒന്നും ചെയ്യാനായില്ല. തകർത്തടിക്കുന്നതിനിടയിൽ കൃഷ്ണപ്പ ഗൗതവും 20 റൺസിന് പുറത്ത്.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച മായങ്ക് അഗർവാൾ പഞ്ചാബിന്റെ പ്രതീക്ഷയായി അവശേഷിച്ചു. റബാഡയെയും മോഹിത് ശർമയെയുമെല്ലാം ബൗണ്ടറി പായിച്ച മായങ്ക് അനായാസം അർധസെഞ്ചുറിയും കടന്ന് കുതിച്ചു, പഞ്ചാബ് ടീം സ്കോറും. നാല് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ മനോഹര ഇന്നിങ്സ്.
Also Read: ഫ്ലൈയിങ് ഫാഫ്; മുംബൈ താരങ്ങളെ പുറത്താക്കാൻ ബൗണ്ടറിയിൽ ഡുപ്ലെസിസിന്റെ തകർപ്പൻ ക്യാച്ച്
അവസാന ഓവറിൽ 13 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന പഞ്ചാബിനുവേണ്ടി സ്റ്റോയിനിസിന്റെ ആദ്യ പന്ത് മായങ്ക് സിക്സർ പായിച്ചു. രണ്ടാം പന്തിൽ ഡബിൾ കണ്ടെത്തിയ മായങ്ക് മൂന്നാ പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. എന്നാൽ മൂന്നാം പന്ത് മിസായ മായങ്ക് അഞ്ചാം പന്തിൽ ബൗണ്ടറിക്ക് ശ്രമിക്കുന്നതിനിടയിൽ ഹെറ്റ്മയറിന്റെ കൈകളിൽ പുറത്തായി. അവസാന പന്തിൽ ഒരു റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് അവസാന പന്തിൽ ജോർദാനെയും നഷ്ടമായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് നായകനെ രണ്ടാം പന്തിൽ പുറത്താക്കിയ കഗിസോ റബാഡ ഡൽഹിക്ക് മേൽക്കൈ നൽകി. അടുത്ത പന്തിൽ പൂറന്റെ കുറ്റി തെറിപ്പിച്ച് വിജയലക്ഷ്യം മൂന്നിലേക്ക് ചുരുക്കി. ഡൽഹിക്കായി കളത്തിലിറങ്ങിയ പന്തിനും ശ്രേയസിനും കാര്യങ്ങൾ എളുപ്പമായിരുന്നു. രണ്ട് പന്തിൽ മൂന്ന് റൺസ് നേടി ഡൽഹി ജയം ഉറപ്പിച്ചു.