/indian-express-malayalam/media/media_files/uploads/2019/10/Sanju-Samson-2.jpg)
ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരികെ എത്തിയിരിക്കുകയാണ്. 2015 ലായിരുന്നു സഞ്ജു ഇന്ത്യയ്ക്കായി ആദ്യമായും അവസാനമായും കളിച്ചത്. സിംബാവെയ്‌ക്കെതിരെയായിരുന്നു അത്.
നാല് വര്‍ഷത്തിലധികം നീണ്ട ഈ ഇടവേള കൊണ്ട് സഞ്ജുവിനെ അളക്കാനാകില്ല. കാലം മുന്നോട്ട് പോകുന്തോറും മികവിലും മുന്നോട്ട് പോകുന്ന സഞ്ജു ഇന്ത്യന്‍ ടീമിന്റെ വാതിലോളം എത്തി മടങ്ങിയത് നിരവധി വട്ടമാണ്. പക്ഷെ ഒരു ഗ്ലാസ് സീലിങ്ങില്‍ തട്ടിയെന്ന പോലെ സഞ്ജുവിന്റെ യാത്ര വാതില്‍പ്പടിയില്‍ അവസാനിച്ചു.
പക്ഷെ ഇത്തവണ ആര്‍ക്കും സഞ്ജുവിനെ മടക്കി അയക്കാനാവില്ലായിരുന്നു. ഇത്രയും ശക്തമായി തന്റെ സ്ഥാനത്തിനായി സഞ്ജു അവകാശപ്പെട്ടിട്ടില്ല. അതിന്റെ തെളിവായിരുന്നു ഗൗതം ഗംഭീറിനെയും ഹര്‍ഭജന്‍ സിങ്ങിനെയും പോലുള്ള മുന്‍ താരങ്ങള്‍ സഞ്ജുവിനുവേണ്ടി വാദിച്ച് മുന്നോട്ടുവന്നത്.
Also Read: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ബംഗ്ലാദേശിനെതിരായ പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു
വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇത്രനാള്‍ തന്നെ കേള്‍ക്കാതിരുന്ന സെലക്ടര്‍മാരുടെ ചെവി തുറക്കുന്നൊരു വെടിക്കെട്ടാണ് സഞ്ജു നടത്തിയത്. അപ്പോള്‍ പിന്നെ അവര്‍ക്ക് കേള്‍ക്കാതിരിക്കാനാകില്ലല്ലോ. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്ജു നേടിയത്. പാക്കിസ്ഥാന്റെ അബിദ് അലിയുടെ 209 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഇസ്ലാമാബാദിനായി പാക്കിസ്ഥാന്‍ നാഷണല്‍ വണ്‍ ഡേയില്‍ പെഷാവറിനെതിരെയായിരുന്നു അബിദിന്റെ നേട്ടം.
/indian-express-malayalam/media/media_files/uploads/2019/10/Sanju-Samson.jpg)
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് സച്ചിനും സെവാഗും രോഹിത് ശര്‍മയും കരണ്‍വീര്‍ കൗശലും ശിഖര്‍ ധവാനുമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണു സഞ്ജു.
ഇതിന് തൊട്ടുമുമ്പ് കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നടന്ന മത്സരത്തിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 48 പന്തുകളില്‍ നിന്നും 91 റണ്‍സുമായി സഞ്ജു കാര്യവട്ടത്ത് നിറഞ്ഞാടി. ഈ മത്സരത്തിന് പിന്നാലെ സഞ്ജുവിന് വേണ്ടി വാദിച്ച് ഗംഭീറും ഹര്‍ഭജനും രംഗത്തെത്തി. നേരത്തെ തന്നെ ഋഷഭ് പന്തിനേക്കാള്‍ യോഗ്യന്‍ സഞ്ജുവാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളയാളാണ് ഗംഭീര്‍.
ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പറില്‍ സഞ്ജുവിനെ ഇറക്കണമെന്നാണ് ഹര്‍ഭജന്‍ സിങ് പറഞ്ഞത്. സാങ്കേത്തികത്തികവുള്ള, ഉത്തരവാദിത്തമുള്ള ബാറ്റ്സ്മാനാണ് സഞ്ജുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സഞ്ജുവിനായി രംഗത്തെത്തി. നിലവിലെ ഫോമും കഴിവും പരിഗണിക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാനാകും. ഈ വിസ്മയത്തെ കൊണ്ടുപോകാന്‍ വിക്രമില്‍ ഇടമുണ്ടോ എന്നായിരുന്നു ഗംഭീറിന്റെ ചോദ്യം.
ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമാവുകയാണ്, ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ കളിയും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ്. പക്ഷെ, സഞ്ജുവിന് കളിക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയേണ്ട ഒന്നാണ്. പ്രത്യേകിച്ച് നാല് അഞ്ച് സ്ഥാനങ്ങളിലേക്ക് നോട്ടമിട്ട് സഞ്ജുവിന് പുറമെ ശ്രേയസും പന്തും മനീഷ് പാണ്ഡെയും ടീമിലെത്തുമ്പോള്‍. കാത്തിരിക്കാം നമുക്ക്, സഞ്ജുവിന് മുകളിലുള്ള ഗ്ലാസ് സീലിങ് എത്ര അകലെയാണെന്ന് കണ്ടറിയാനായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us