scorecardresearch

പ്രസിദ്ധ് കൃഷ്ണയും ക്രുണാല്‍ പണ്ഡ്യയും, കളിയുടെ ഗതിമാറ്റിയ അരങ്ങേറ്റങ്ങള്‍

മത്സരത്തില്‍ ഇന്ത്യ പരുങ്ങലിലായ രണ്ട് സന്ദര്‍ഭങ്ങളിലും നിര്‍ണായകമായത് ഇരുവരുടെയും പ്രകടനങ്ങളായിരുന്നു

മത്സരത്തില്‍ ഇന്ത്യ പരുങ്ങലിലായ രണ്ട് സന്ദര്‍ഭങ്ങളിലും നിര്‍ണായകമായത് ഇരുവരുടെയും പ്രകടനങ്ങളായിരുന്നു

author-image
Sports Desk
New Update
Cricket, ക്രിക്കറ്റ്, India vs England, ഇന്ത്യ - ഇംഗ്ലണ്ട്, India vs England ODI, ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം, Krunal Pandya, ക്രുണാല്‍ പാണ്ഡ്യ, Krunal Pandya batting, Prasidh Krishna bowling, പ്രസിദ്ധ് കൃഷ്ണ, IE Malayalam, ഐഇ മലയാളം

അരങ്ങേറ്റം എത്രത്തോളം ഗംഭീരമാക്കാമെന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിലെ പ്രസിദ്ധ് കൃഷ്ണയുടെയും ക്രുണാല്‍ പാണ്ഡ്യയുടെയും പ്രകടനങ്ങള്‍. മത്സരത്തില്‍ ഇന്ത്യ പരുങ്ങലിലായ രണ്ട് സന്ദര്‍ഭങ്ങളിലും നിര്‍ണായകമായത് ഇരുവരുടെയും പ്രകടനങ്ങളായിരുന്നു. ബാറ്റ് കൊണ്ടു ക്രുണാലും ബോളു കൊണ്ട് പ്രസിദ്ധും തിളങ്ങിയപ്പോള്‍ ആതിഥേയര്‍ക്കു ലഭിച്ചത് ആശ്ചര്യപ്പെടുത്തിയ ജയം.

Advertisment

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 169-1 എന്ന നിലയില്‍ നിന്ന് 205-5 ലേക്ക് വീണപ്പോഴാണ് ക്രുണാല്‍ പാണ്ഡ്യ ക്രീസിലെത്തുന്നത്. വലിയ സ്കോര്‍ കെട്ടിപ്പടുക്കാന്‍ സഹായകമായ പിച്ചില്‍ അടിത്തറയുണ്ടാക്കി ആക്രമിച്ച് കളിക്കുകയായിരുന്നു കോഹ്‌ലിയുടെയും കൂട്ടരുടെയും ലക്ഷ്യം. എന്നാല്‍ മധ്യ ഓവറുകളില്‍ മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനാകാതെ പോയത് തകര്‍ച്ചയിലേക്കു നയിച്ചു. പക്ഷെ, ക്രീസിലെത്തിയ ക്രുണാലിന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു.

തുടക്കം മുതല്‍ ഷോട്ടുകള്‍ ഭയമില്ലാതെ കളിച്ച ക്രുണാല്‍ റണ്‍ റേറ്റ് വര്‍ധിപ്പിച്ചു. ഇംഗ്ലണ്ട് ബോളര്‍മാര്‍ ഷോര്‍ട്ട് ബോളുകള്‍ പരീക്ഷിച്ചപ്പോള്‍ പുള്‍ ഷോട്ടിലൂടെ താരം മറുപടി നല്‍കി. മാര്‍ക്ക് വുഡ്, ടോം കറണ്‍, സാം കറണ്‍ തുടങ്ങിയവരെല്ലാം ക്രുണാലിന്‍റെ ബാറ്റിന്റെ ചൂടറി‍ഞ്ഞു. 26-ാം പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ഏഴ് ബൗണ്ടറികളും രണ്ട് സിക്സുമടക്കം 58 റണ്‍സ് ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ നേടി. താരത്തിന്റെ ഇന്നിങ്സ്, ഫോമിലല്ലായിരുന്ന കെ.എല്‍.രാഹുലിനും ആത്മവിശ്വാസം നല്‍കിയെന്ന് പറയാം. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 112 റണ്‍സാണ് ഇന്ത്യയെ 300 കടത്തിയത്.

Read Also: ഏകദിന പരമ്പരയിൽ ജയത്തോടെ തുടക്കം; ഇംഗ്ലണ്ടിനെ 66 റൺസിന് കെട്ടുകെട്ടിച്ച് കോഹ്‌ലിപ്പട

Advertisment

317 എന്ന സ്കോര്‍, കരുത്തുറ്റ ഇംഗ്ലണ്ട് ബാറ്റിങ് നിര. പ്രതിരോധം അത്ര എളുപ്പമല്ലായിരുന്നു ഇന്ത്യക്ക്. ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. പ്രസിദ്ധ് തന്റെ ആദ്യ മൂന്നോവറില്‍ 37 റണ്‍സ് വഴങ്ങി. സന്ദര്‍ശകര്‍ ഒരോവറില്‍ ഒമ്പത് റണ്‍സിന് മുകളില്‍ അടിച്ചുകൂട്ടി. എന്നാല്‍ റോയിയെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളില്‍ പ്രസിദ്ധ് എത്തിച്ചു. ഇംഗ്ലണ്ട് തകര്‍ച്ചയുടെ തുടക്കവും അതായിരുന്നു. പിന്നാലെയെത്തിയ ബെന്‍ സ്റ്റോക്സിനെയും വലംകയ്യന്‍ ഫാസ്റ്റ് ബോളര്‍ മടക്കി.

ആദ്യ സ്പെല്ലിനേക്കാള്‍ വ്യത്യസ്തമായിരുന്നു പ്രസിദ്ധിന്റെ രണ്ടാം സ്പെല്‍. സ്ലോ ബോളുകളും ഓഫ് കട്ടറുകളുമായി താരം വിക്കറ്റുകള്‍ വിഴ്ത്തി. പിന്നീടെറിഞ്ഞ അഞ്ച് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് നാല് വിക്കറ്റ് നേടിയത്. സാം ബില്ലിങ്സിനെയും ടോം കറനെയും പവലിയനിലേക്ക് മടക്കിയാണ് കര്‍ണാടക താരം ഇന്ത്യന്‍ ജയം ഉറപ്പിച്ചത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. രണ്ടാം ഏകദിനം 26-ാം തിയതി പൂനെയിലെ മൈതാനത്ത് തന്നെയാണ്. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും കോഹ്‌ലിയും കൂട്ടരും ഇറങ്ങുക.

Indian Cricket Team Krunal Pandya Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: